21 February Thursday

പമ്പയുടെ പോഷക തോടുകള്‍ പഠനവിധേയമാക്കണമെന്ന്

വെബ് ഡെസ്‌ക്‌Updated: Thursday Jun 25, 2015
കോഴഞ്ചേരി > പമ്പയുടെ കൈവഴികളിലെ ജലഗുണനിലവാരം ഭയാനകമായി തകര്‍ന്ന സാഹചര്യത്തില്‍ നദിയുടെ മുഴുവന്‍ പോഷക തോടുകളും പഠനവിധേയമാക്കണമെന്ന് പരിസ്ഥിതി പ്രവര്‍ത്തകരും ശാസ്ത്രജ്ഞരും ആവശ്യപ്പെട്ടു. കോഴിത്തോട്, വരാച്ചാല്‍, പെരിങ്ങരതോട്, കോലയാര്‍ എന്നിവിടങ്ങളില്‍ പമ്പാപരിരക്ഷണ സമിതി ജനറല്‍ സെക്രട്ടറി എന്‍ കെ സുകുമാരന്‍നായരും ഗവേഷകരും അടങ്ങുന്ന സംഘം നടത്തിയ പഠനത്തിലും ലാബ് പരിശോധനയിലുമാണ് നദിയില്‍ ബയോളജിക്കല്‍ ഓക്സിജന്‍ ഡിമാന്റും (ബിഒഡി), കോളിഫോം ബാക്ടീരിയയും അമിതമായി വര്‍ധിക്കുകയും ഡിസോള്‍ഡ് ഓക്സിജന്‍ (ഡിഒ) ഇല്ലാതാകുകയും ചെയ്തതായി കണ്ടെത്തിയത്. ഈ സാഹചര്യത്തിലാണ് മറ്റ് പോഷക നീരൊഴുക്കുകളും യുദ്ധകാലാടിസ്ഥാനത്തില്‍ പഠന വിധേയമാക്കണമെന്ന ആവശ്യം ഉയര്‍ന്നത്. കേരളത്തിലെ ഏറ്റവും പ്രധാന നദികളിലൊന്നാണ് പമ്പ. ദാഹജലത്തിനും, കുളിക്കുന്നതിനും, കൃഷിക്കും, മത്സ്യബന്ധനത്തിനുമടക്കം നിത്യാവശ്യങ്ങള്‍ക്കായി 40 ലക്ഷം പേരാണ് പമ്പാനദിയും ജലവും ഉപയോഗിക്കുന്നത്. ശബരിമലയിലെത്തുന്ന തീര്‍ഥാടകരും പമ്പയില്‍ കുളിച്ചാണ് സന്നിധാനത്തെത്തുക. അതുപോലെ തന്നെ അന്തര്‍ദ്ദേശീയ പ്രാധാന്യമുള്ള റാംസര്‍സൈറ്റില്‍ ഉള്‍പ്പെടുത്തിയ ഇന്ത്യയിലെ 25 ജലാശയങ്ങളില്‍ ഒന്നാണ് വേമ്പനാട് കായല്‍. വേമ്പനാട് കൂടാതെ അഷ്ടമുടിയും ശാസ്താംകോട്ട കായലുമാണ് റാംസര്‍സൈറ്റില്‍ ഉള്‍പ്പെടുത്തിയ മറ്റ് രണ്ട് കേരളീയ തടാകങ്ങള്‍. ഇങ്ങനെ അന്താരാഷ്ട്ര പ്രാധാന്യമുള്ള വേമ്പനാടിന്റെ ജലസ്രോതസ് പമ്പാനദി മാത്രമാണ്. അന്താരാഷ്ട്ര പ്രാധാന്യവും ജനലക്ഷങ്ങളുടെ ഉപഭോഗവും മൂലം നദീജലത്തിലുണ്ടാകുന്ന പ്രശ്നങ്ങള്‍ തടാകത്തെയും ജനസമൂഹത്തെയും ഗുരുതരമായി ബാധിക്കും. അതുകൊണ്ടാണ് പമ്പയില്‍ എത്തിച്ചേരുന്ന മുഴുവന്‍ പോഷക തോടുകളിലെയും ജലത്തിന്റെ ഗുണനിലവാരം പരിശോധിക്കണമെന്ന ആവശ്യം ശക്തമായി ഉയരുന്നത്. ഒരു ലിറ്റര്‍ വെള്ളത്തില്‍ ബിഒഡിയുടെ അളവ് രണ്ട് മില്ലിഗ്രാമില്‍ കൂടരുത്. പരമാവധി മൂന്ന് വരെയെത്താം. അതിനുമപ്പുറമായാല്‍ ഇത് അപകടകരമാകും. ഡിസോള്‍ട്ട് ഓക്സിജന്റെ അളവാകട്ടെ ഒരു ലിറ്റര്‍ വെള്ളത്തില്‍ ആറ് മില്ലിഗ്രാം വരെയുണ്ടാകണം. അത് നാല് മില്ലിഗ്രാമിലും താഴുന്നത് ജലത്തെ വിഷലിപ്തമാക്കും. പമ്പയുടെ കൈവരികളില്‍ നടത്തിയ പഠനത്തില്‍ ഡിഒയുടെ അളവ് 0, 0.7 തുടങ്ങിയ അളവുകളിലാണ് കണ്ടെത്തിയിട്ടുള്ളത്. ബിഒഡിയുടെ അളവാകട്ടെ 10 മി.ഗ്രാമിലും അധികരിച്ചിരിക്കുകയാണ്. ഈ അപല്‍കരമായ അവസ്ഥ പരിശോധന നടത്തിയ നാലു തോടുകളുടെ മാത്രം സ്ഥിതിയല്ലെന്നും 157 കൈവഴികളും ഈ ദുരന്തം തന്നെയാണ് നേരിടുന്നതെന്നുമാണ് കരുതുന്നത്. ഇത് പഠന വിധേയമാക്കാനും പമ്പാനദിയിലെ ജലത്തിന്റെ ഗുണനിലവാരം തിരിച്ചുകൊണ്ടുവരുന്നതിനും നടപടികള്‍ സ്വീകരിക്കുന്നതിനു കൂടുതല്‍ വിശാലവും വിപുലവുമായ പഠനത്തിന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണമെന്നും പരിസ്ഥിതി ശാസ്ത്രജ്ഞന്‍മാര്‍ ആവശ്യപ്പെട്ടു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top