18 February Monday

ഇ എം എസിന്റെ ഓര്‍മകളില്‍ പുളിങ്കാവിലെ "പത്തായപ്പുര'

വെബ് ഡെസ്‌ക്‌Updated: Tuesday Jun 9, 2015
പെരിന്തല്‍മണ്ണ > പുലാമന്തോളില്‍നിന്ന് പെരിന്തല്‍മണ്ണ റൂട്ടില്‍ പുളിങ്കാവ് എത്തിയാല്‍ റോഡിന് പടിഞ്ഞാറുഭാഗത്ത് ക്ഷേത്രത്തിനുസമീപം ഇ എം എസിന്റെ ഓര്‍മകളുമായി രണ്ട് വീടുകളുണ്ട്. ഇതില്‍ ഒന്ന് ആദ്യ ജയില്‍വാസത്തിനുശേഷം ഇ എം എസ് താമസിച്ചിരുന്ന പത്തായപ്പുരയാണ്. ഇവിടെവച്ചാണ് പാര്‍ടി ജനറല്‍ സെക്രട്ടറിയായിരുന്ന ഘാട്ടെയും സുന്ദരയ്യയും വന്ന് കോണ്‍ഗ്രസ് സോഷ്യലിസ്റ്റായിരുന്ന ഇ എം എസിനെ കമ്യൂണിസ്റ്റ് പാര്‍ടിയില്‍ അംഗത്വമെടുപ്പിക്കാനുള്ള ചര്‍ച്ച നടത്തുന്നത്. ഈ സംഭവത്തെപ്പറ്റി ഇ എം എസ് ആത്മകഥയില്‍ പറയുന്നത് ഇങ്ങനെ: "എന്നെ കമ്യൂണിസ്റ്റാക്കിയത് ആരാണ്, എങ്ങനെയാണ്? കേവലം ഔപചാരികമായ നിലയില്‍ എനിക്ക് പാര്‍ടിയില്‍ അംഗത്വം തരണമെന്ന് നിശ്ചയിച്ചതാരാണ് എന്നാണ് വിവക്ഷിക്കുന്നതെങ്കില്‍ ഉത്തരം: സുന്ദരയ്യയും ഘാട്ടെയും എന്നാണ്്. ആയിരത്തി തൊള്ളായിരത്തി മുപ്പത്തിയാറ് ജനുവരി ആദ്യം ഒരുദിവസം സന്ധ്യകഴിഞ്ഞ് അവരിരുവരുംകൂടി ചെറുകരയിലുള്ള എന്റെ വസതിയില്‍ വന്നു. രാത്രി മുഴുവന്‍ തങ്ങിയതിനുശേഷം പിറ്റേന്ന് കാലത്ത് മടങ്ങിപ്പോവുകയുംചെയ്തു. ഇതിനിടക്ക് ഞങ്ങള്‍ സുദീര്‍ഘമായി സംഭാഷണം നടത്തി... ഞാന്‍ പാര്‍ടി മെമ്പറാവുന്നതിന്റെ തുടക്കം അതായിരുന്നു'.തുടര്‍ന്ന് പി കൃഷ്ണപിള്ള, എ കെ ജി, കെ പി ആര്‍, ഇ പി ഗോപാലന്‍ തുടങ്ങി അന്നത്തെ അനേകം പാര്‍ടി നേതാക്കള്‍ക്ക് ആതിഥ്യമരുളിയും ചൂടേറിയ ചര്‍ച്ചകള്‍ക്ക് സാക്ഷ്യംവഹിച്ചും നിര്‍ണായക തീരുമാനങ്ങള്‍ക്ക് വേദിയായ ഈ ചെറുകര പുളിങ്കാവിലെ പത്തായപ്പുര ചരിത്രത്തില്‍ ഇടംപിടിച്ചു. 1987ല്‍ പുതുക്കിപ്പണിത പത്തായപ്പുരയില്‍ ഇപ്പോള്‍ ഇ എം എസിന്റെ സഹോദരപുത്രനായ രാമന്‍ നമ്പൂതിരിപ്പാടും ഭാര്യ ഗൗരിയുമാണ് താമസം. 1932ല്‍ ഇ എം എസ് നിയമലംഘന സമരത്തില്‍ പങ്കെടുത്ത് അറസ്റ്റുവരിക്കുകയും ഇരുപത് മാസം നീണ്ട ആദ്യ ജയില്‍വാസമനുഷ്ഠിക്കുകയുംചെയ്തു. ഭ്രഷ്ടനായ ഇ എം എസിനെ ഉള്‍ക്കൊള്ളാന്‍ കുടുംബാംഗങ്ങള്‍ക്കായില്ല. വീട്ടിലെ അപസ്വരംമൂലം ഭാഗംവച്ച് പിരിയുകയാണ് നല്ലതെന്ന തീരുമാനത്തിലെത്തി. ഇ എം എസിനും അമ്മയ്ക്കും ഭാഗത്തില്‍ ലഭിച്ച പുളിങ്കാവിലെ ക്ഷേത്രത്തിന് തൊട്ടുള്ള സ്ഥലത്ത് ഇ എം എസ് വീട് നിര്‍മിച്ചു. പണി പൂര്‍ത്തിയാകുംമുമ്പായിരുന്നു അമ്മയുടെ മരണം. വളരെ വൈകാരികതയോടെ ഇക്കാലം തന്റെ ആത്മകഥയില്‍ ഇ എം എസ് പരാമര്‍ശിക്കുന്നുണ്ട്. അമ്മയുടെ മരണശേഷം ഇ എം എസ് ആര്യയെ വിവാഹംചെയ്ത് കുടിവയ്പ്പ് നടത്തുന്നതെല്ലാം ഇവിടെവച്ചാണ്. ഇ എം എസ് തിരുവനന്തപുരത്ത് താമസമാക്കിയതോടെ ഈ വീട് നശിച്ചു. സഹോദരപുത്രര്‍ക്ക് നല്‍കിയ പുരയിടത്തില്‍ പുതിയ വീടുവച്ച് ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാടും ഭാര്യ രാധയുമാണ് ഇപ്പോള്‍ താമസിക്കുന്നത്. ഇ എം എസ് നിര്‍മിച്ച വീടിന്റെ അടുക്കളഭാഗം മാത്രമേ ഇപ്പോള്‍ ഉള്ളൂ. അത് സ്മാരകമായി നിലനിര്‍ത്തിയിരിക്കുന്നു.
പ്രധാന വാർത്തകൾ
 Top