17 February Sunday

കലാകാരനായ ജനകീയ ഡോക്ടര്‍

വെബ് ഡെസ്‌ക്‌Updated: Saturday Jun 6, 2015
കോഴിക്കോട് > കോഴിക്കോട്ടെ കലാസാംസ്കാരിക രംഗത്ത് ഒരുകാലത്ത് സജീവ സാന്നിധ്യമായിരുന്നു വിടപറഞ്ഞ മനഃശാസ്ത്രജ്ഞന്‍ ഡോ. എന്‍ എം മുഹമ്മദാലി. ദേശാഭിമാനി സ്റ്റഡി സര്‍ക്കിളിന്റെ അവസാന നാളുകളിലും പുരോഗമന കലാ സാഹിത്യസംഘത്തിന്റെ തുടക്കത്തിലും മുഹമ്മദാലി നടത്തിയ ഇടപെടലുകള്‍ വിലപ്പെട്ടതാണ്. സ്റ്റഡി സര്‍ക്കിളിനും സാഹിത്യസംഘത്തിനും ജനകീയ വേരോട്ടമുണ്ടാക്കുന്നതില്‍ അദ്ദേഹം മുഴുകി.കുതിരവട്ടം മാനസിക രോഗാശുപത്രിയുടെ സൂപ്രണ്ടായിരിക്കെ ഡോക്ടറെന്ന പരിവേഷം മാറ്റിവച്ച് പുരോഗമന പ്രസ്ഥാനങ്ങളുടെ പരിപാടികളില്‍ പങ്കെടുക്കുമായിരുന്നു. നഗരത്തില്‍ പുരോഗമന കലാസാഹിത്യ സംഘത്തിന്റെ നിരവധി തെരുവുനാടകങ്ങളില്‍ സാന്നിധ്യമറിയിച്ചു. പ്രശസ്ത നാടകകൃത്തായിരുന്ന പി എം താജുമായി അടുത്ത ബന്ധം പുലര്‍ത്തി. 1980 കളില്‍ എ മജീദുമൊത്ത് ഒട്ടേറെ തെരുവുനാടകങ്ങളില്‍ വേഷമിട്ടു. താജിന്റെ പ്രശസ്തമായ രാവുണ്ണി നാടകത്തില്‍ ഡോ. മുഹമ്മദാലി അഭിനയിച്ചിട്ടുണ്ട്. നാടകത്തിന്റെ റിഹേഴ്സലുകളില്‍ ആദ്യാവസാനമുണ്ടായിരുന്നു. 1980കളില്‍ തെരുവുകളില്‍ നാടകവുമായി നടന്നത് എംബിബിഎസ് ഡോക്ടറാണെന്ന് നാട്ടുകാര്‍ക്ക് അറിയില്ലായിരുന്നു. തെരഞ്ഞെടുപ്പു കാലത്ത് നാടകമെഴുതി തെരുവുകളില്‍ അവതരിപ്പിച്ചു. വലിപ്പച്ചെറുപ്പമില്ലാതെ ജനങ്ങളുമായി ഇടപെട്ട് സാധാരണക്കാരുടെ മനസ്സില്‍ അദ്ദേഹം ഇടംനേടി.അക്കാലത്ത് ദേശാഭിമാനി വാരികയില്‍ സ്ഥിരമായി മനഃശാസ്ത്ര പംക്തി കൈകാര്യം ചെയ്തു. എന്തു തിരക്കുണ്ടെങ്കിലും മുടങ്ങാതെ ലേഖനം എത്തിച്ചു. ഇതിന് നിരവധി വായനക്കാരുണ്ടായിരുന്നു. പിന്നീടത് പുസ്തകരൂപത്തില്‍ പുറത്തിറങ്ങി. വാരികയില്‍ കഥകളും നോവലുകളും എഴുതിയിട്ടുണ്ട്. പലതും പുസ്തകമായി. മറ്റ് ആനുകാലികങ്ങളിലും മനഃശാസ്ത്ര ലേഖനങ്ങള്‍ എഴുതി.കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന്‍ (കെജിഒഎ) സംസ്ഥാന- ജില്ലാ ഭാരവാഹിയെന്ന നിലയ്ക്കും 1980- 85 കാലത്ത് കോഴിക്കോട്ട് അദ്ദേഹം സജീവമായിരുന്നു. പിറന്ന നാടല്ലെങ്കിലും കോഴിക്കോട്ട് അദ്ദേഹത്തിന് ഒട്ടേറെ സുഹൃത്തുക്കളുണ്ടായി. പിന്നീട് തിരുവനന്തപുരത്തേക്ക് മാറിയെങ്കിലും ഈ സൗഹൃദങ്ങള്‍ അദ്ദേഹം കാത്തുസൂക്ഷിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top