17 February Sunday

അഡ്വഞ്ചര്‍ പാര്‍ക്കില്‍ വ്യായാമത്തിനു ഫീസ്

വെബ് ഡെസ്‌ക്‌Updated: Monday May 25, 2015
കൊല്ലം > ആശ്രാമം അഡ്വഞ്ചര്‍ പാര്‍ക്കില്‍ രാവിലെ വ്യായാമം ചെയ്യാന്‍ ഇനി പണം നല്‍കണം. ശുദ്ധവായു ശ്വസിച്ച് പാര്‍ക്കിലെ തണലില്‍ ദിവസവും രാവിലെ വ്യായാമത്തിന് എത്തുന്ന നൂറുകണക്കിനാളുകള്‍ക്ക് ഡിടിപിസിയുടെ നടപടി ഇരുട്ടടിയായി. ആരോഗ്യസംരക്ഷണ പ്രചാരണങ്ങള്‍ക്ക് കോടികള്‍ സര്‍ക്കാര്‍ ചെലവഴിക്കുമ്പോഴാണ് അഡ്വഞ്ചര്‍ പാര്‍ക്കില്‍ ചരിത്രത്തില്‍ ആദ്യമായി വ്യായാമത്തിനു വാര്‍ഷികഫീസ് ഏര്‍പ്പെടുത്തിയത്. വരുമാനം ലഭ്യമായിരുന്ന പെഡല്‍ ബോട്ടുകള്‍ ഉള്‍പ്പെടെ തുരുമ്പെടുത്ത് കരയില്‍ വിശ്രമിക്കുമ്പോഴാണ് പുതിയ വരുമാനമാര്‍ഗത്തിന് ഡിടിപിസി തുനിയുന്നത്. ഇതിനെതിരെ വ്യാപകപ്രതിഷേധം ഉയര്‍ന്നുകഴിഞ്ഞു. വിവിധ കായികപരീക്ഷകള്‍ക്കുള്ള തയ്യാറെടുപ്പിനായി നിര്‍ധനരായ യുവാക്കളുടെ ആശ്രയംകൂടിയായിരുന്നു അഡ്വഞ്ചര്‍ പാര്‍ക്ക്. കുറച്ചു ദിവസത്തേക്ക് പാര്‍ക്കില്‍ വ്യായാമം ചെയ്യാനും ഒരു വര്‍ഷത്തെ ഫീസ് നല്‍കേണ്ടിവരും. വ്യായാമം ചെയ്യാന്‍ എത്തുന്നവര്‍ക്കായി രാവിലെ 8.30വരെ പാര്‍ക്ക് തുറന്നുനല്‍കുമായിരുന്നു. സംസ്ഥാനത്ത് ഒരിടത്തും ഇത്തരം പാര്‍ക്കുകളില്‍ ഫീസ് ഏര്‍പ്പെടുത്തിയിട്ടില്ല. ഡിടിപിസിയിലെ ചില ഉദ്യോഗസ്ഥരുടെ പിടിവാശിയാണ് ഫീസ് ഏര്‍പ്പെടുത്തിയതിനു പിന്നിലെന്ന് അറിയുന്നു. പാര്‍ക്കിലെ മണ്ണെടുപ്പും മരംമുറിയും വ്യായാമം ചെയ്യുന്നവര്‍ കുറേനാള്‍ മുമ്പ് തടഞ്ഞിരുന്നു. വ്യായാമം ചെയ്യാനെത്തുന്നവരുടെ സാന്നിധ്യം ഇത്തരം പ്രവൃത്തികള്‍ക്കു തടസ്സമായതാണ് പുതിയ ഫീസ് ഈടാക്കലിനു പിന്നിലെന്ന് ആരോപണം ഉണ്ട്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top