23 August Friday

കെ കെ രാഗേഷ് രാജ്യസഭാ സ്ഥാനാര്‍ഥി

വെബ് ഡെസ്‌ക്‌Updated: Thursday Mar 26, 2015

തിരുവനന്തപുരം: കേരളത്തില്‍നിന്ന് രാജ്യസഭയിലേക്ക് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗവും കര്‍ഷകസംഘം നേതാവുമായ കെ കെ രാഗേഷിനെ മത്സരിപ്പിക്കും. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റാണ് തീരുമാനമെടുത്തത്. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നിയമബിരുദവും നേടിയിട്ടുണ്ട് 44 കാരനായ രാഗേഷ്.

എസ്എഫ്ഐയുടെ അഖിലേന്ത്യ ജനറല്‍ സെക്രട്ടറിയാകുന്ന ആദ്യ മലയാളിയായിരുന്നു രാഗേഷ്. എസ്എഫ്ഐയുടെ ജില്ലാ പ്രസിഡന്റായും സെക്രട്ടറിയായും പ്രവര്‍ത്തിച്ച് സംസ്ഥാന നേതൃത്വത്തിലേക്കും അഖിലേന്ത്യ നേതൃത്വത്തിലേക്കും ഉയര്‍ന്ന ഈ നിയമബിരുദധാരി നിരവധി പൊലീസ് മര്‍ദനങ്ങള്‍ക്ക് വിധേയനായിയിട്ടുണ്ട്. 22 ദിവസം കണ്ണൂര്‍, കോഴിക്കോട് ജയിലുകളില്‍ റിമാന്‍ഡില്‍ കഴിഞ്ഞിട്ടുണ്ട്.

ചിന്ത പബ്ലിഷേഴ്സിന്റെ "സ്വാശ്രയ നിയമം- പ്രതീക്ഷയും പ്രതിരോധവും' എന്ന പുസ്തകം രാഗേഷിന്റേതാണ്. ആനുകാലികങ്ങളിലും പീപ്പിള്‍ ഡമോക്രസിയിലും ലേഖനങ്ങള്‍ എഴുതാറുണ്ട്.

കണ്ണൂര്‍ കാഞ്ഞിരോട്ടെ സി ശ്രീധരന്റെയും കര്‍ഷകത്തൊഴിലാളിയായ കെ കെ യശോദയുടെയും മകനാണ്. പ്രിയ വര്‍ഗീസാണ് ഭാര്യ. രണ്ട് മക്കളുണ്ട്.

പ്രധാന വാർത്തകൾ
 Top