21 February Thursday

അരങ്ങൊഴിഞ്ഞത് കുട്ടനാടിന്റെ തലപ്പാട്ടുകാരി

വെബ് ഡെസ്‌ക്‌Updated: Thursday Feb 5, 2015

മങ്കൊമ്പ്: കുട്ടനാടന്‍ നാടന്‍പാട്ടിന്റെ തലപ്പാട്ടുകാരി അരങ്ങൊഴിഞ്ഞു. കേരളത്തിലങ്ങോളം ഇങ്ങോളം നാടന്‍പാട്ടിന്റെ തനത് ഈണവും താളവും പാടിപഠിപ്പിച്ച രംഭാമ്മയെന്ന കാവാലം രംഭ (82) ഇനി ഓര്‍മ. കോട്ടയം നവജീവന്‍ ട്രസ്റ്റില്‍ വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചിനായിരുന്നു രംഭയുടെ അന്ത്യം. ഇതോടെ രംഭയ്ക്കൊപ്പം മണ്‍മറഞ്ഞത് നാടന്‍പാട്ടിന്റെ വന്‍നിധിശേഖരമാണ്. കാവാലം നാല്‍പ്പതില്‍ചിറ വീട്ടില്‍ രംഭയെന്ന കര്‍ഷകത്തൊഴിലാളി സ്ത്രീ വളരെ ചെറുപ്പത്തില്‍ അച്ഛന്‍ നാരായണനില്‍നിന്നും അമ്മ അച്ചാരയില്‍നിന്നുമാണ് നാടന്‍പാട്ടുകള്‍ പഠിച്ചത്. ഇതോടൊപ്പം മുടിയാട്ടവും രംഭയ്ക്ക് വശമായിരുന്നു. ഞാറ്റുപാട്ട്, കൊയ്ത്തുപാട്ട്, ചക്രപാട്ട്, കോലംതുള്ളല്‍പാട്ട്, മരമുടിയാട്ടം, മുടിയാട്ടം, ചാറ്റുപാട്ട്, വഞ്ചിപ്പാട്ട്, നടിച്ചില്‍പാട്ട്, തെയ്യാട്ടം എന്നീ വിഭാഗങ്ങളില്‍പെടുന്ന നാടന്‍പാട്ടുകളുടെ ശേഖരമായിരുന്നു രംഭ. കുട്ടനാടന്‍ പാടശേഖരങ്ങളില്‍ ഒരുകാലത്ത് നടീലിനും കൊയ്ത്തിനും രംഭയുണ്ടെങ്കില്‍ വയലേലകള്‍ മുഴുവന്‍ കേള്‍ക്കുന്ന ഉച്ചത്തില്‍ രംഭയുടെ നടിച്ചില്‍ കൊയ്ത്തുപാട്ടുകള്‍ കേള്‍ക്കാമായിരുന്നു.

നാലാംക്ലാസുവരെ പഠിച്ച രംഭ ചെറുപ്പത്തിലേ വിവാഹിതയായി. പിന്നീട് ഏതാനും നാളുകള്‍ക്കുശേഷം ഭര്‍ത്താവില്‍നിന്നും അകലേണ്ടിവന്നു. പിന്നീട് തന്റെ സഹോദരനും കുടുംബത്തോടുമൊപ്പം കഴിയുകയായിരുന്നു. പത്തുവര്‍ഷംമുമ്പ് കാവാലം നാരായണപണിക്കരുമായി കാവാലത്ത് തട്ടാശേരിയില്‍ ചങ്ങാടത്തില്‍വച്ച് പരിചയപ്പെടാനിടയായതാണ് രംഭയെന്ന നടന്‍പാട്ടുകാരിയെ കേരളം മുഴുവന്‍ അറിയുന്ന കാവാലം രംഭയാക്കിയത്. ഈ കലാകാരിയുടെ കഴിവിനെ നാരായണപണിക്കര്‍ ആവോളം പ്രോത്സാഹിപ്പിച്ചു. നാരായണപണിക്കരുടെ നേതൃത്വത്തില്‍ വര്‍ഷംതോറും കാവാലത്തു നടന്നുവന്നിരുന്ന കുരുന്നുകൂട്ടം പരിപാടിയിലെ നിറസാന്നിധ്യമായിരുന്നു രംഭ.

തനിക്കറിയാവുന്ന പാട്ടുകള്‍ ആര്‍ക്കും എപ്പോഴും പറഞ്ഞുകൊടുക്കാന്‍ തയ്യാറായിരുന്ന രംഭയെ തേടി കലാഭവന്‍ മണിയടക്കം എത്തിയിട്ടുണ്ട്. നാടന്‍പാട്ടിന് രംഭ നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്ത് 2005ല്‍ സംസ്ഥാന സര്‍ക്കാര്‍ ഫോക്ക്ലോര്‍ അക്കാദമി പുരസ്കാരം നല്‍ഷകി ആദരിച്ചു. തുടര്‍ന്ന് രംഭയെതേടി ചെറുതും വലുതുമായ നിരവധി പുരസ്കാരങ്ങളെത്തി. കഴിഞ്ഞ ഒരുവര്‍ഷമായി വാര്‍ധക്യസഹജമായ അസുഖത്തെതുടര്‍ന്ന് കിടപ്പിലായ രംഭയെ നാലുമാസംമുമ്പാണ് കോട്ടയം നവജീവന്‍ ട്രസ്റ്റില്‍ എത്തിച്ചത്.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top