27 July Tuesday

വിജയപ്രതീക്ഷയില്‍ കേരളത്തിന്റെ ഖോ ഖോ ടീമുകള്‍

വെബ് ഡെസ്‌ക്‌Updated: Saturday Jan 31, 2015
ആറ്റിങ്ങല്‍: ദേശീയ ഗെയിംസില്‍ കിരീടപ്രതീക്ഷയുമായി കേരളത്തിന്റെ ഖോ ഖോ ടീമുകള്‍. മാറ്റ് ഇല്ലാത്ത ഗ്രൗണ്ടില്‍ പരിശീലനം നടത്തിയത് ബുദ്ധിമുട്ടുണ്ടാക്കിയെങ്കിലും മെഡല്‍ പ്രതീക്ഷയില്‍ രണ്ട് ടീമും ആത്മവിശ്വാസത്തിലാണ്. കഴിഞ്ഞ ദേശീയ ഗെയിംസില്‍ രണ്ടാംസ്ഥാനം നേടിയ കേരളത്തിന്റെ വനിതാ ടീം ബംഗളൂരുവില്‍ നടന്ന ദേശീയ മത്സരത്തിലും രണ്ടാം സ്ഥാനത്തെത്തിയിരുന്നു. മറ്റ് ദേശീയമത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ചവച്ച ഈ ടീം കേരളത്തിന്റെ മണ്ണില്‍ ദേശീയ കിരീടം ചൂടാന്‍ കഠിനമായ പരിശീലനമാണ് നടത്തിയത്. ഉറച്ച ആത്മവിശ്വാസത്തോടെയാണ് ശ്രീപാദം സ്റ്റേഡിയത്തിലെ കളിക്കളത്തിലേക്ക് ഇവര്‍ ഇറങ്ങുന്നത്. സൗമ്യ ക്യാപ്റ്റനായിട്ടുള്ള ടീമില്‍ ആര്‍ രാധിക, ഡി ഷീബ, രേഖമോള്‍, വിജിഷ, വര്‍ഷ, പി ആര്‍ രശ്മി, രമ്യ, ശ്രുതിരാജ്, കെ എസ് നിജി, ദിവ്യ, റിന്‍സി പോള്‍സണ്‍ എന്നിവരാണ് താരങ്ങള്‍. സി ജയന്‍ കോച്ചും പി എസ് അജിത മാനേജരുമാണ്. എം മനു ക്യാപ്റ്റനായിട്ടുള്ള പുരുഷ ടീമില്‍ മുക്തിനുജും എ ബാബു, വി രമേശ്, വിമല്‍കുമാര്‍, കെ രമേശ്, വിമല്‍കുമാര്‍, കെ രമേശ്, എം രജീഷ്, എസ് ശ്രീജേഷ്, എസ് നിധിന്‍, എസ് എ ശരത്കുമാര്‍, എം മഹേഷ്, എസ് ശിശോക് എന്നിവരാണ് അംഗങ്ങള്‍. ആര്‍ ഷോബി കോച്ചും വി ബാബു മാനേജരുമാണ്. ഖോ ഖോയുടെ നാടായ ആറ്റിങ്ങലില്‍ നടക്കുന്ന ദേശീയ ഗെയിംസില്‍ കിരീടം നേടാനാകുമെന്ന ശുഭപ്രതീക്ഷയിലാണ് പുരുഷടീമും. രണ്ടുമാസംമുമ്പ് ആരംഭിച്ച പരിശീലനത്തില്‍ ഒരുമാസം മത്സരവേദിയായ ശ്രീപാദം സ്റ്റേഡിയത്തിലെ മാറ്റ് സ്ഥാപിച്ച ഗ്രൗണ്ടില്‍ പരിശീലനം നടത്താനാകുമെന്ന പ്രതീക്ഷയായിരുന്നു ടീമുകള്‍ക്കുണ്ടായിരുന്നത്. എന്നാല്‍, മാറ്റ് യഥാസമയം സ്ഥാപിക്കാത്തതുകൊണ്ട് ഒരുദിവസംപോലും മാറ്റ് സ്ഥാപിച്ച ഗ്രൗണ്ടില്‍ പരിശീലനം നടത്താന്‍ ഇവര്‍ക്കായില്ല. എങ്കിലും വിജയപ്രതീക്ഷയ്ക്ക് മങ്ങലേറ്റിട്ടില്ല. സംസ്ഥാന ഖോ ഖോ അസോസിയേഷന്‍ സെക്രട്ടറി ജി വിദ്യാധരന്‍പിള്ളയുടെ മേല്‍നോട്ടത്തിലാണ് ഇരുടീമുകള്‍ക്കും പരിശീലനം നല്‍കിയത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top