31 March Tuesday

വരേണ്യതയുടെ അഴുക്കിളക്കിയ കുളിസമരം

വെബ് ഡെസ്‌ക്‌Updated: Monday Jan 12, 2015
വടകര: അയിത്തത്തിനും അനാചാരത്തിനുമെതിരെയുള്ള പ്രവര്‍ത്തനങ്ങളിലൂടെ വാഗ്ഭടാനന്ദനും ശിവാനന്ദ പരമഹംസരും ഉഴുതുമറിച്ച കുറുമ്പ്രനാടിന്റെ മണ്ണിലാണ് കര്‍ഷകസംഘവും കമ്യൂണിസ്റ്റ് പാര്‍ടിയും മുളപൊട്ടുന്നത്. സിപിഐ എം ജില്ലാ സമ്മേളനത്തിന് വടകര ആതിഥ്യമരുളുമ്പോള്‍ ഈ മണ്ണിന് ഓര്‍ക്കാന്‍ അന്ധവിശ്വാസത്തിനും അനാചാരത്തിനുമെതിരായ നിരവധി സമരങ്ങളുടെ ഉജ്വല ചരിത്രമുണ്ട്. നാടുവാഴിത്തം പോറ്റിവളര്‍ത്തിയ ക്ഷേത്ര കേന്ദ്രീകൃതഭരണം തച്ചുടയ്ക്കാന്‍ വാഗ്ഭടാനന്ദന്‍ ശ്രമിച്ചു. അദ്ദേഹത്തിന്റെ ശിഷ്യനായ മണലില്‍ താഴ രാമോട്ടി 1931ല്‍ അവര്‍ണര്‍ക്ക് കുളിക്കാന്‍ പുതുപ്പണത്ത് കുളം നിര്‍മിച്ച് നല്‍കി. കുളത്തിന് സമീപത്തെ വാഗ്ഭടാനന്ദന്റെ പ്രഭാഷണ പരമ്പരയ്ക്കുശേഷമാണ് കുറുമ്പ്രനാട്ടെ ക്ഷേത്രങ്ങളില്‍ ജന്തുബലി അവസാനിപ്പിച്ചത്്. 1931 മെയ്മാസം 18ന് സിദ്ധസമാജം സ്ഥാപകന്‍ സ്വാമി ശിവാനന്ദ പരമഹംസരുടെ നേതൃത്വത്തില്‍ അവര്‍ണരടക്കമുള്ള ഒരു സംഘം ലോകനാര്‍കാവ് ക്ഷേത്രക്കുളത്തില്‍ കുളിക്കാന്‍ ശ്രമിച്ചു. ക്ഷേത്രപാലകര്‍ ഭീകര മര്‍ദനം അഴിച്ചുവിട്ടു.ദേശീയ പ്രസ്ഥാനം ആരംഭിച്ച അയിത്തോച്ചാടന ആശയം കര്‍ഷകസംഘമാണ് മുന്നോട്ടുകൊണ്ടുപോയത്. അയിത്തത്തിനെതിരായ സമരം ദേശീയ പ്രസ്ഥാനത്തിന് അനാചാരത്തിനെതിരെയുള്ള സമരം മാത്രമായിരുന്നു. ഇതില്‍ ഭൂമിയുടെയും ഉടമസ്ഥാവകാശത്തിന്റെയും പ്രശ്നങ്ങള്‍കൂടിയുണ്ടെന്ന് കര്‍ഷകസംഘം തിരിച്ചറിഞ്ഞു. കുറുമ്പ്രനാട് താലൂക്കില്‍ ജാതിവിരുദ്ധ സമരം ശക്തമാക്കാന്‍ 1939ല്‍ കര്‍ഷകസംഘം തീരുമാനിച്ചു. ക്ഷേത്രക്കുളങ്ങളിലും പൊതു കുളങ്ങളിലും കുളിക്കാന്‍ അവര്‍ണര്‍ക്ക് അന്ന് അവകാശമില്ലായിരുന്നു. നാടുവാഴിത്തത്തെയും സവര്‍ണ മേധാവിത്വത്തെയും വെല്ലുവിളിച്ച് കര്‍ഷകസംഘം പ്രവര്‍ത്തകര്‍ ക്ഷേത്രക്കുളങ്ങളിലും പൊതുകുളങ്ങളിലും കുളിച്ചു. ക്ഷേത്രപാലകരും ജന്മിമാരും പൊലീസും ഭീകരമര്‍ദനം അഴിച്ചുവിട്ടു. പിന്മടങ്ങാന്‍ കര്‍ഷകസംഘം തയ്യാറായില്ല. കുറുമ്പ്രനാട്ടെ ക്ഷേത്രങ്ങളുടെ തന്ത്രിയും വന്‍ ഭൂഉടമയുമായ കാട്ടുമാടം നമ്പൂതിരി മുഴുവന്‍ ഭൂമിയും കുടിയാന്‍മാര്‍ക്ക് നല്‍കി കുറുമ്പ്രനാട് വിടണമെന്ന മുദ്രാവാക്യമുയര്‍ത്തി കര്‍ഷകസംഘം സമരം ശക്തിപ്പെടുത്തി. വടകര കീഴല്‍ ആറങ്ങോട്ടില്ലം, മേമുണ്ട മഠം, ലോകനാര്‍കാവ് ക്ഷേത്രം എന്നിവിടങ്ങളില്‍ അവര്‍ണര്‍ ക്ഷേത്രക്കുളങ്ങളില്‍ കുളിച്ചു. ടി കെ നാരായണന്‍ നമ്പ്യാര്‍, കൊറ്റിട്ടയില്‍ കണ്ണന്‍, ഇ കേളപ്പന്‍ ഗുമസ്ഥന്‍, മരുതിയാട്ട് രാമന്‍, പുത്തൂര്‍ ബാലക്കുറുപ്പ്, രാമര്‍ മാസ്റ്റര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു കുളിസമരം. ഇവരെ കോടതി ആറുമാസം കഠിനതടവിന് ശിക്ഷിച്ചു. മൊകേരി പുള്ളിനോട് ക്ഷേത്രക്കുളത്തില്‍ വ്യത്യസ്ത ജാതിമതസ്ഥരായ പതിനൊന്ന് പേര്‍ കുളിച്ചു. എ പി കൃഷ്ണന്‍, ഇ കുഞ്ഞിരാമന്‍ നമ്പ്യാര്‍, എന്‍ വി മൊയ്തു, ഇ കെ പൊക്കന്‍, വി കേളപ്പന്‍ നായര്‍, താനിയുള്ള പറമ്പത്ത് കുഞ്ഞിരാമന്‍, കെ പി കുഞ്ഞിരാമന്‍, വി പി ബാലകൃഷ്ണന്‍, ചന്തു മാസ്റ്റര്‍ എന്നിവരെ കോടതി ശിക്ഷിച്ചു. ചോറോട് പി കണ്ണന്‍ മാസ്റ്റര്‍, പി കെ കുഞ്ഞിരാമന്‍, പുതിയടത്തില്‍ കണ്ണന്‍ എന്നിവര്‍ സമരത്തിന് നേതൃത്വം നല്‍കി. വടകരയിലെ തറവാട്ട് വളപ്പിലുള്ള പുളിക്കൂല്‍ കുളത്തില്‍ അവര്‍ണരോടൊപ്പം കുളിച്ച കമ്യൂണിസ്റ്റ് പാര്‍ടി നേതാവ് പി ആര്‍ നമ്പ്യാരെ തറവാട്ടില്‍നിന്ന് പുറത്താക്കി. പക്ഷേ, അന്തിമവിജയം സമരക്കാര്‍ക്കായിരുന്നു. നൂറ്റാണ്ടുകളായി വടുകെട്ടിയ വരേണ്യതയുടെ അഴുക്കുകളെയാണ് കുളിസമരം ഇളക്കിമാറ്റിയത്.
പ്രധാന വാർത്തകൾ
 Top