19 February Tuesday

മുളി അരിയല്‍ സമരഭൂമിയില്‍ സ്മരണകളിരമ്പി

വെബ് ഡെസ്‌ക്‌Updated: Saturday Jan 10, 2015
കോളിയടുക്കം: സിപിഐ എം ജില്ലാസമ്മേളനത്തിന്റെ പ്രതിനിധിസമ്മേളനം നടക്കുന്നത് പെരുമ്പളയിലെ മുളി അരിയല്‍ സമരഭൂമിയില്‍. കോളിയടുക്കത്ത് പ്രതിനിധി സമ്മേളനത്തിന് എം ബി ബാലകൃഷ്ണന്‍ നഗര്‍ തയ്യാറാക്കിയിരിക്കുന്നത് സമരപോരാട്ടങ്ങളുടെ സ്മരണകളിരമ്പുന്ന മൈതാനത്താണ്. പഞ്ചായത്തിന്റെ അധീനതയിലുള്ള ഈ മൈതാനം ഇന്ന് രാജീവ്ഗാന്ധി സ്റ്റേഡിയമാണ്.1940കളില്‍ പെരുമ്പള ഗ്രാമത്തില്‍ കര്‍ഷക- കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ ജന്മിമാരുടെ കൊടും ക്രൂരതകള്‍ക്കെതിരെ നടന്ന സമരങ്ങളില്‍ ജ്വലിക്കുന്ന ഏടാണ് മുളി അരിയല്‍ സമരം. പൊതുഭൂമിയായിരുന്ന കോളിയടുക്കത്തെ ഏക്കര്‍ കണക്കിന് വരുന്ന മൈതാനത്ത് നിറഞ്ഞുനിന്ന മുളി ഉപയോഗിച്ചാണ് അക്കാലത്ത് വീടുകള്‍ മേഞ്ഞത്. എന്നാല്‍ ഭൂമി കൈയടക്കിവച്ചിരുന്ന നാട്ടിലെ ജന്മിമാര്‍ മുളി അരിയുന്നത് വിലക്കി. തുടര്‍ന്നാണ് സ്ത്രീകളും പുരുഷന്മാരും അടക്കമുള്ളവര്‍ ജന്മിമാരുടെ എതിര്‍പ്പ് വെല്ലുവിളിച്ച് മുളി അരിഞ്ഞ് സമരം നടത്തിയത്. തുടര്‍ന്ന് പൊലീസിനെ ഉപയോഗിച്ച് വ്യാപകമായി അക്രമം നടത്തി. വീടുകളില്‍ പൊലീസ് കയറിയിറങ്ങി. സംഭവത്തില്‍ 18 പേര്‍ക്കെതിരെ കേസെടുത്തു. മംഗളൂരു കോടതിയിലായിരുന്നു കേസ് നടന്നത്.വിപ്ലവ പ്രസ്ഥാനത്തിന്റെ ഈറ്റില്ലമായ പെരുമ്പള ഗ്രാമത്തില്‍ ജില്ലാസമ്മേളനം നടക്കുമ്പോള്‍ പഴമക്കാര്‍ക്ക് നിരവധി സമരങ്ങളുടെയും ധീരന്മാരുടെയും സ്മരണകള്‍ എടുത്തുപറയാനുണ്ട്. 1940കളില്‍ പൊലീസുകാര്‍ ജന്മിമാര്‍ക്കുവേണ്ടി കൃഷിക്കാരുടെ വീടുകള്‍ കൊള്ളയടിക്കുകയും വീട്ടുസാധനങ്ങള്‍ നശിപ്പിക്കുകയും ചെയ്തപ്പോള്‍ ഇവിടുത്തെ ധീരവനിതകള്‍ നശിപ്പിക്കപ്പെട്ടവരുടെ വീട്ടുപകരണങ്ങളുമായി കാസര്‍കോട് പട്ടണത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. കേരളത്തില്‍ ആദ്യകാലത്ത് പ്രവര്‍ത്തനമാരംഭിച്ച പാര്‍ടി സെല്‍ പെരുമ്പളയിലുമുണ്ടായിരുന്നു.1940കളില്‍ കമ്യൂണിസ്റ്റ് പാര്‍ടി നിരോധിച്ച കാലത്ത് നേതാക്കള്‍ ഒളിവിലായിരുന്നപ്പോള്‍ ദക്ഷിണ കന്നഡയിലെ നേതാവ് എന്‍ എന്‍ ഹൊള്ളയെ പൊലീസ് പിടികൂടി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലടച്ചു. കണ്ണൂരില്‍നിന്ന് മംഗളൂരുവിലെ കോടതിയിലേക്ക് ഹൊള്ളയെ കൊണ്ടുപോകുമ്പോള്‍ രക്ഷപ്പെടുത്താന്‍ തീരുമാനിച്ചു. പെരുമ്പളയില്‍നിന്നുള്ള ധീരസഖാക്കളാണ്, പൊലീസ് ഹൊള്ളയെ ട്രെയിനില്‍ കൊണ്ടുപോകവെ ഉപ്പള റെയില്‍വേ സ്റ്റേഷനില്‍വച്ച് രക്ഷിച്ചത്. ബലം പ്രയോഗിച്ചല്ല തന്ത്രപൂര്‍വം പൊലീസിന്റെ ശ്രദ്ധ മാറ്റിയായിരുന്നു രക്ഷപ്പെടുത്തല്‍. പെരുമ്പളയിലെ കൂക്കള്‍ കണ്ണന്‍നായര്‍, എസ് കെ കണ്ണന്‍, വടക്കേവീട് നാരായണന്‍ നായര്‍ എന്നിവരാണ് ഇതിന് നേതൃത്വം നല്‍കിയത്.
പ്രധാന വാർത്തകൾ
 Top