18 February Monday

ഈ കളിത്തീവണ്ടി പായുന്നു, വിചിത്ര ലോകത്തേക്ക്

വെബ് ഡെസ്‌ക്‌Updated: Wednesday Jan 7, 2015
കൊച്ചി: ഇത്തവണത്തെ കൊച്ചി-മുസിരിസ് ബിനാലെയില്‍ എല്ലാ വിഭാഗം ആളുകളേയും ഒരുപോലെ ആകര്‍ഷിക്കുന്ന വിന്യാസമാണ് ജാപ്പനീസ് കലാകാരന്‍ റ്യോട്ടോ കുവാക്കുബോയുടെ "ലോസ്റ്റ് "12'.ഇരുട്ടുമുറിക്കുള്ളില്‍ സ്ഥാപിച്ച വളഞ്ഞുപുളഞ്ഞ പാളത്തിലൂടെ സഞ്ചരിക്കുന്ന കളിപ്പാട്ട തീവണ്ടി. തീവണ്ടിയുടെ മുന്നില്‍ ചെറു വിളക്കുകള്‍ തെളിയും. മൂന്നു വശത്തും മേല്‍ക്കൂരയിലുമായി വിചിത്രരൂപങ്ങളില്‍ പതിയുന്ന നിഴല്‍രൂപങ്ങള്‍ക്കിടയിലൂടെ 10 മിനിറ്റോളം സഞ്ചരിക്കുന്ന ആസ്വാദകന്‍ എത്തിപ്പെടുന്നത് വിചിത്രമായ ഒരു ലോകത്തേക്ക്.കൊച്ചിയിലെ വിവിധ മേഖലകളില്‍നിന്ന് ശേഖരിച്ച വസ്തുക്കളാണ് കുവാക്കുബോ ചലിക്കുന്ന നിഴല്‍ വിന്യാസത്തിനായി ഉപയോഗിച്ചിട്ടുള്ളത്. തുണിക്ലിപ്പുകള്‍, ബ്രഷുകള്‍, ഒഴിഞ്ഞ ഐസ്ക്രീം പാത്രങ്ങള്‍, ചോര്‍പ്പുകള്‍ തുടങ്ങിയവ. പക്ഷേ, കുവാക്കുബോയുടെ കളിത്തീവണ്ടി അവയ്ക്കിടയിലൂടെ കടന്നുപോകുമ്പോള്‍ ഭിത്തിയില്‍ പതിയുന്ന നിഴലുകളില്‍ വന്‍മരങ്ങളും കാടും വന്‍കിട മന്ദിരങ്ങളും വൈദ്യുത ലൈനുകളും അവയുടെ തൂണുകളും ആണവനിലയങ്ങളുമെല്ലാമുണ്ട്. ചിലപ്പോള്‍ നിഴലുകളുടെ തുരങ്കത്തിനുള്ളിലേക്ക് ആസ്വാദകനും പ്രവേശിക്കും. അതാണ് ഈ വിന്യാസത്തിന്റെ അത്ഭുതം.പച്ചക്കറികള്‍ സൂക്ഷിക്കുന്ന ഒരു ചെറിയ കൂട നടുവില്‍ കമിഴ്ത്തിവച്ചിരിക്കുന്നു. അതിലേക്ക് കളിത്തീവണ്ടി വെളിച്ചവുമായി പ്രവേശിക്കുമ്പോള്‍ ആസ്വാദകര്‍ ഒരു വലയ്ക്കുള്ളില്‍ അകപ്പെടുകയാണ്. ചുറ്റിലുമുള്ള ഭിത്തികളിലും മേല്‍ക്കൂരയിലൂമായി ആ വല ബൃഹദാകാരം കൈക്കൊള്ളുന്നു. പിന്നെ എതിര്‍വശത്തെ ഭിത്തിയിലേക്ക് ചെറുതായി ഇല്ലാതാകുന്നു. പല വസ്തുക്കളും കളിത്തീവണ്ടിയുടെ സാമീപ്യത്തിനുസരിച്ച് പല വലുപ്പത്തിലാണ് നിഴലുകള്‍ സൃഷ്ടിക്കുന്നത്. ഒരുവശത്തേക്ക് മന്ദഗതിയില്‍ പോകുന്ന ഈ കളിത്തീവണ്ടി മറുവശത്തേക്ക് അതിവേഗത്തിലാണ് പായുന്നത്. ഇത് നിഴലുകളുടെ ചലനവേഗത്തിലുണ്ടാക്കുന്ന വ്യത്യസ്തത നവീനമായ ഒരനുഭവമാണ് അനുവാചകര്‍ക്ക് പകരുക. ജാപ്പനീസ് ദ്വീപായ ഹോന്‍ഷുവിലെ യൂണിവേഴ്സിറ്റി ഓഫ് സുകുബയിലെ പൂര്‍വവിദ്യാര്‍ഥിയായ നാല്‍പ്പത്തിമൂന്നുകാരന്‍ കുവാകുബോ മള്‍ട്ടി മീഡിയ ആര്‍ട്ടിസ്റ്റാണ്. ഒഗാകിയിലെ ഇന്റര്‍നാഷണല്‍ അക്കാദമി ഓഫ് മീഡിയ ആര്‍ട്സ് ആന്‍ഡ് സയന്‍സസിലും ഇദ്ദേഹം പഠിച്ചിട്ടുണ്ട്.
പ്രധാന വാർത്തകൾ
 Top