14 April Wednesday

ദേശീയ ഗെയിംസ്: ഗണേശ്കുമാര്‍ രാജിവച്ചു ; അഴിമതി, തമ്മിലടി

ജെയ്സണ്‍ ഫ്രാന്‍സിസ്Updated: Saturday Jan 3, 2015

തിരു: ദേശീയ ഗെയിംസ് നടത്തിപ്പിലെ കൂടുതല്‍ അഴിമതികളുംകള്ളക്കളികളും വെളിച്ചത്ത്. അഴിമതിയിലും ധൂര്‍ത്തിലും പ്രതിഷേധിച്ച് ഗെയിംസ് എക്സിക്യൂട്ടീവ് കൗണ്‍സിലില്‍നിന്ന്് കെ ബി ഗണേശ്കുമാര്‍ എംഎല്‍എ രാജിവച്ചു. ദേശീയ ഗെയിംസിലെ ഭക്ഷണവിതരണം, ഗതാഗതം എന്നിവയുടെ ടെന്‍ഡറിലും വ്യാപക അഴിമതി. സംഘാടകര്‍ക്കിടയിലെ തമ്മിലടിയും ഗെയിംസ് നടത്തിപ്പിന്റെ നിറംകെടുത്തുന്നു. ഗെയിംസ് കള്‍ചറല്‍ കമ്മിറ്റി ചെയര്‍മാന്‍ പാലോട് രവി എംഎല്‍എ കഴിഞ്ഞദിവസം സ്ഥാനം രാജിവച്ചു. സംഘാടകസമിതിയില്‍നിന്ന് കൂടുതല്‍പേര്‍ വരുംദിവസങ്ങളില്‍ രാജിവയ്ക്കുമെന്നാണ് സൂചന.

ചട്ടങ്ങള്‍ മറികടന്ന് ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പിനെ പരിപാടികളുടെ ചുമതല ഏല്‍പ്പിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു ഗണേശിന്റെ രാജി. ഗെയിംസിന്റെപേരില്‍ നടക്കുന്നത് ഞെട്ടിക്കുന്ന അഴിമതിയാണെന്നും ഇത് കണ്ടുനില്‍ക്കാനാകില്ലെന്നും ഗണേശ്കുമാര്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നല്‍കിയ കത്തില്‍ പറഞ്ഞു. പൊതുപണം ധൂര്‍ത്തടിക്കുകയാണെന്നും പ്രഖ്യാപിതലക്ഷ്യത്തില്‍നിന്ന്് വ്യതിചലിക്കുകയാണെന്നും ഗണേശ്കുമാര്‍ പറഞ്ഞു. അഴിമതിയുടെ കാര്യത്തില്‍ ഡല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസിനെ ദേശീയഗെയിംസ് വെല്ലാതിരുന്നാല്‍ നന്ന്. 28 ദിവസംമാത്രം അവശേഷിക്കവെ ഗെയിംസിന്റെ സംഘാടനപ്രവര്‍ത്തനങ്ങളില്‍ ഗുരുതര കൃത്യവിലോപവും അലംഭാവവും തുടരുകയാണ്. ഈ ദിവസങ്ങള്‍ക്കുള്ളില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തീകരിക്കാനാവില്ല. എന്ത് പറഞ്ഞാലും എഴുതി താരാനാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറയുന്നതെന്നും ഗണേഷ്കുമാര്‍ പരിഹസിച്ചു.

മത്സരങ്ങള്‍ക്ക് ആവശ്യമായ ഉപകരണങ്ങള്‍പോലും ഗെയിംസിനുമുമ്പ് എത്തിച്ചേരുമോ എന്ന കാര്യവും അനിശ്ചിതത്വത്തിലാണ്. കേരളതാരങ്ങള്‍ക്ക് പരിശീലനത്തിന് ഗുണനിലവാരമുള്ള ഉപകരണങ്ങള്‍ ലഭ്യമാക്കിയിട്ടില്ല. ഉപകരണങ്ങളും മറ്റും വാങ്ങുന്നതിന് ധൃതിപിടിച്ച് നടത്തുന്ന ഇടപാടുകള്‍ ദുരൂഹമാണ്. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വന്‍ ക്രമക്കേടുകള്‍ക്കും അഴിമതികള്‍ക്കും വഴിവച്ചതും ഈ രീതിയിലുള്ള ഇടപാടുകളാണ്. വ്യവസ്ഥാപിത മാനദണ്ഡങ്ങളെല്ലാം മറികടന്ന് ഉപകരണങ്ങള്‍ വാങ്ങാനും അതിന് പിന്നീട് അംഗീകാരം വാങ്ങാനും നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ ശ്രമിക്കുകയാണെന്നും കത്തില്‍ ഗണേശ്കുമാര്‍ പറഞ്ഞു. ഭക്ഷണവിതരണത്തിനായുള്ള ടെന്‍ഡര്‍ വിളിച്ചത് നവംബര്‍ ഇരുപതിനാണ്. മാനദണ്ഡങ്ങളില്‍ മാറ്റംവരുത്തിയും തീയതി അടിക്കടി നീട്ടിയുമായിരുന്നു വഴിവിട്ടനടപടികള്‍.

കേരള കാറ്റേഴ്സ് കണ്‍സോര്‍ഷ്യം ഉള്‍പ്പെടെയുള്ള ഏഴ് ടീം ടെന്‍ഡറില്‍ പങ്കെടുത്തു. ഡിസംബര്‍ 15നു സമര്‍പ്പിച്ച ടെന്‍ഡര്‍ അപേക്ഷയെല്ലാം നിരസിച്ചതായി എല്ലാവര്‍ക്കും സന്ദേശം ലഭിച്ചു. തുടര്‍ന്ന് ഡിസംബര്‍ 26 വരെ ടെന്‍ഡര്‍ സമര്‍പ്പിക്കാനുള്ള തീയതി നീട്ടി. വെബ്സൈറ്റില്‍ കമ്പനി പ്രൊഫൈല്‍ സമര്‍പ്പിക്കാന്‍ കണ്‍സോര്‍ഷ്യത്തിന് ഉള്‍പ്പെടെ പ്രയാസം നേരിട്ടു. പരിഹാരം ആവശ്യപ്പെട്ട് തുടര്‍ച്ചയായി ടെക്നിക്കല്‍ വിഭാഗത്തെ ബന്ധപ്പെട്ടെങ്കിലും മറുപടി ലഭിച്ചില്ല. അവസാനദിനമായ ഇരുപത്താറിനാണ് മറുപടി ലഭിക്കുന്നത്. ടെന്‍ഡര്‍ സമര്‍പ്പിക്കുന്നത് അസാധ്യമായതിനാല്‍ ഗെയിംസ് സിഇഒ ജേക്കബ് പുന്നൂസിനെ കണ്‍സോര്‍ഷ്യം ബന്ധപ്പെട്ടു. 29 വരെ തീയതി നീട്ടാമെന്ന് വാക്കാല്‍ ഉറപ്പുനല്‍കി. ഇതിനു പിന്നാലെ ടെന്‍ഡര്‍ തീയതി നീട്ടാന്‍ കഴിയില്ലെന്നും നീട്ടിയാല്‍ രാജിവയ്ക്കുമെന്നും ഗെയിംസ് നടത്തിപ്പുവിഭാഗത്തിലെ ഒരുവിഭാഗം ഭീഷണി മുഴക്കി. സര്‍ക്കാരിന്റെ ഒത്താശയും ഇതിനു പിന്നിലുണ്ടായി. ഇതോടെ ജേക്കബ് പുന്നൂസ് നിസ്സഹായനായി. ജമ്മു കശ്മീര്‍ കമ്പനിക്കായുള്ള നീക്കം അണിയറയില്‍ ശക്തമാകുകയും ചെയ്തു. ഇവര്‍ക്കായി മാനദണ്ഡത്തിലും മാറ്റം വരുത്തി. അഞ്ചുവര്‍ഷത്തിനകം നടത്തിയ പരിപാടികളുടെ ഒരുകോടിയുടെ ബില്‍ ഹാജരാക്കിയാല്‍ മതിയെന്നായിരുന്നു മാറ്റം. ടെന്‍ഡര്‍ സമര്‍പ്പിക്കാന്‍ ശ്രമിച്ചെങ്കിലും കണ്‍സോര്‍ഷ്യത്തിന് കഴിഞ്ഞില്ല. നിലവില്‍ ടെന്‍ഡര്‍ അംഗീകാരം നേടിയിരിക്കുന്ന കമ്പനി പ്രഭാതഭക്ഷണത്തിന്റെ വിവരം നല്‍കിയിട്ടില്ല. ഇതും മാനദണ്ഡങ്ങള്‍ക്കു വിരുദ്ധമാണ്. നീതി തേടി ഹൈക്കോടതിയെ സമീപിക്കാനാണ് കണ്‍സോര്‍ഷ്യത്തിന്റെ തീരുമാനം.

ഗെയിംസ് ഗതാഗതസംവിധാനത്തിലെ അഴിമതിയും പുറത്തായി. മാനദണ്ഡം ലംഘിച്ച് തലസ്ഥാനത്തെ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സിന്റെ ടെന്‍ഡര്‍ അംഗീകരിച്ചു. 50 ലക്ഷം ടേണ്‍ ഓവര്‍, മൂന്നുവര്‍ഷം നന്നായി പ്രവര്‍ത്തിച്ചിരുന്ന റിപ്പോര്‍ട്ട്, സര്‍ക്കാര്‍- കോര്‍പറേറ്റ് ഏജന്‍സികള്‍ക്കായി ദീര്‍ഘകാലം സര്‍വീസ് നടത്തിയെന്ന സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവയാണ് മാനദണ്ഡങ്ങള്‍. എന്നാല്‍,മാനദണ്ഡം പലതും ലംഘിച്ചാണ് ടെന്‍ഡറിന് അംഗീകാരം ലഭിച്ചിരിക്കുന്നത്. ഇതിനെതിരെ മറ്റുള്ളവര്‍ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top