കൊല്ലം: പാരിപ്പള്ളി ഇഎസ്ഐ മെഡിക്കല്‍ കോളേജിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങളും ഫാക്കല്‍റ്റിയെയും മറ്റ് ജീവനക്കാരെയും നിയമിക്കുന്നതിനുള്ള നടപടികളും പൂര്‍ത്തിയാക്കാതെ മനഃപൂര്‍വം നീട്ടിക്കൊണ്ടുപോകുകയാണെന്ന് പി കെ ഗുരുദാസന് എംഎല്‍എ. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും ഇഎസ്ഐ കോര്‍പറേഷനും നിരുത്തവാദപരമായ നിലപാടാണ് സ്വീകരിക്കുന്നത്. 484 കോടി രൂപയാണ് പ്രസ്തുത പദ്ധതിക്കായി ഇഎസ്ഐ കോര്പറേഷന് അനുവദിച്ചത്. 2009ല്‍ നിര്‍മാണപ്രവര്‍ത്തനം ആരംഭിച്ച് 2012ല്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരത്തോടെ മെഡിക്കല്‍ കോളേജ് ആരംഭിക്കുമെന്നും സംസ്ഥാന സര്‍ക്കാരും ഇഎസ്ഐ കോര്‍പറേഷനും പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. 2011ലെ യുഡിഎഫ് സര്‍ക്കാരിന്റെ വരവോടെ നിര്‍മാണ പ്രവര്‍ത്തനത്തിന്റെ മൊത്തം ചുമതലയും കേന്ദ്ര-തൊഴില്‍വകുപ്പിനെ ഏല്‍പ്പിച്ചു. കേന്ദ്ര തൊഴില്‍ സഹമന്ത്രിയായി കൊടിക്കുന്നില്‍ സുരേഷ് അധികാരമേറ്റതിനുശേഷം അദ്ദേഹത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലായി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിര്‍മാണം പൂര്‍ത്തിയാക്കാതെ മനഃപൂര്‍വം നീട്ടിക്കൊണ്ടുപോയി കൂടുതല്‍ തുക ലഭ്യമാക്കാനുള്ള നീക്കങ്ങളാണ് നടന്നത്. മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരം ലഭിക്കാതെ 2013 ഡിസംബറില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പങ്കെടുപ്പിച്ച് മെഡിക്കല്‍ കോളേജിന്റെ ഉദ്ഘാടനമാമാങ്കം സംഘടിപ്പിച്ചു. മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരം ഇനിയും ലഭ്യമായിട്ടില്ല. മെഡിക്കല്‍ കോളേജിന്റെ നിര്‍മാണം പൂര്‍ത്തിയാക്കുന്നതിന് അലംഭാവം കാണിച്ച യുപിഎ സര്‍ക്കാരും സംസ്ഥാന ഗവണ്മെന്റും തൊഴിലാളികളോട് സമാധാനം പറയണം. ഇഎസ്ഐ മെഡിക്കല്‍ കോളേജുകള്‍ ആരംഭിക്കേണ്ടതില്ല എന്നത് ബിജെപി സര്‍ക്കാരിന്റെ നയമായി പുറത്തുവന്നിട്ടുണ്ട്. മെഡിക്കല്‍ കോളേജ് അനുവദിച്ചുകിട്ടുന്നതിന് തൊഴിലാളികളുടെ ശക്തമായ പ്രക്ഷോഭം ഉയര്‍ത്തിക്കൊണ്ടുവരുമെന്ന് പി കെ ഗുരുദാസന് മുന്നറിയിപ്പ് നല്കി.