21 February Thursday

കെ കെ ചെല്ലപ്പന്‍ അന്തരിച്ചു

സ്വന്തം ലേഖകന്‍Updated: Tuesday Dec 9, 2014

ആലപ്പുഴ: മുതിര്‍ന്ന കമ്യൂണിസ്റ്റ്-ട്രേഡ് യുണിയന്‍ നേതാവും സിപിഐ എം ആലപ്പുഴ ജില്ലാ സെക്രട്ടറിയറ്റംഗവുമായ കെ കെ ചെല്ലപ്പന്‍ അന്തരിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കായംകുളം ഗവ. താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹം തിങ്കളാഴ്ച പുലര്‍ച്ചെ 3.10നാണ് അന്തരിച്ചത്. 81 വയസായിരുന്നു. സംസ്കാരം ചൊവ്വാഴ്ച പകല്‍ 11ന് കണ്ടല്ലൂരിലെ വീട്ടുവളപ്പില്‍.

ആലപ്പുഴ-ഇടുക്കി ജില്ലകളില്‍ കമ്യൂണിസ്റ്റ്, ട്രേഡ് യൂണിയന്‍ പ്രസ്ഥാനം കെട്ടിപ്പെടുക്കുന്നതില്‍ അതുല്യസംഭാവന നല്‍കിയ നേതാവാണ് കെ കെ സി എന്ന് അറിയപ്പെടുന്ന കെ കെ ചെല്ലപ്പന്‍. കായംകുളം കണ്ടല്ലൂര്‍ പുതിയവിള തറയില്‍വടക്കതില്‍ വീട്ടില്‍ കൊച്ചിക്ക-കൊച്ചുകുഞ്ഞ് ദമ്പതികളുടെ മകനാണ്. ഭാര്യ പൊന്നമ്മ. മക്കള്‍: അജിത്കുമാര്‍ (ദുബായ്), വൃന്ദ (അധ്യാപിക, ടെക്നിക്കല്‍ സ്കൂള്‍, ഹരിപ്പാട്), ലേഖ (കോ-ഓപ്പറേറ്റീവ് അക്കാദമി ഫോര്‍ പ്രൊഫഷണല്‍ എഡ്യൂക്കേഷന്‍, തിരുവനന്തപുരം). മരുമക്കള്‍: മിലാന (ദുബായ്), ഷാജി (കെഎസ്ആര്‍ടിസി, കായംകുളം), ശങ്കര്‍ (ദുബായ്). സഹോദരങ്ങള്‍: കുട്ടിയമ്മ, കല്യാണി, പരേതരായ നാണു, നാരായണി, ഭാര്‍ഗവി, നാണപ്പന്‍.

മൃതദേഹം സിപിഐ എം ആലപ്പുഴ ജില്ലാകമ്മിറ്റി ഓഫീസിലും കായംകുളം ഏരിയ കമ്മിറ്റി ഓഫീസിലും പൊതുദര്‍ശനത്തിന് വച്ചു. സമൂഹത്തിന്റെ നാനാതുറകളില്‍പ്പെട്ട നൂറുകണക്കിന് പേര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.കായംകുളം ഗവ. ബോയ്സ് ഹൈസ്കൂളിലെ പഠനത്തിനുശേഷം 1952ല്‍ അദ്ദേഹം കമ്യൂണിസ്റ്റ് പാര്‍ടിയില്‍ ചേര്‍ന്നു. പിന്നീട് പാര്‍ടി കായംകുളം ഡിവിഷന്‍ കമ്മിറ്റിയംഗമായി. സിപിഐ എം രൂപീകരിച്ചതോടെ ജില്ലയില്‍ പാര്‍ടി കെട്ടിപ്പടുക്കുന്നതിന് അവിശ്രമം പ്രവര്‍ത്തിച്ചു. തുടര്‍ന്ന് സിപിഐ എം ആലപ്പുഴ ജില്ലാസെക്രട്ടറിയറ്റ് അംഗമായി.

ഇടുക്കി ജില്ലാ രൂപീകരിച്ചതോടെ 1972ല്‍ കെകെസി സിപിഐ എം ഇടുക്കി ജില്ലാസെക്രട്ടറിയായി ചുമതലയേറ്റു. ഈ ഘട്ടത്തില്‍ തന്നെ അദ്ദേഹം സംസ്ഥാനകമ്മിറ്റിയംഗവുമായി. 1981 വരെ ഈ സ്ഥാനത്ത് തുടര്‍ന്നു. 1988 മുതല്‍ 1991 വരെ ആലപ്പുഴ ജില്ലാസെക്രട്ടറിയായി. 1988ല്‍ ആലപ്പുഴയില്‍ നടന്ന സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗതസംഘം സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. സിഐടിയു സംസ്ഥാന സെക്രട്ടറി, സംസ്ഥാന വൈസ്പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. നിലവില്‍ സിഐടിയു ദേശീയ വര്‍ക്കിങ് കമ്മിറ്റി, ദേശീയ ജനറല്‍ കൗണ്‍സില്‍ എന്നിവയില്‍ അംഗമാണ്.

സംസ്ഥാന ചെത്തുതൊഴിലാളി ഫെഡറേഷന്‍ (സിഐടിയു) ജനറല്‍സെക്രട്ടറി, ഹെഡ്ലോഡ് ആന്‍ഡ് ജനറല്‍ വര്‍ക്കേഴ്സ് ഫെഡറേഷന്‍ (സിഐടിയു) പ്രസിഡന്റ്, ആലപ്പി സഹകരണ സ്പിന്നിങ്മില്‍ ഡയറക്ടര്‍ ബോര്‍ഡംഗം, കാര്‍ത്തികപ്പള്ളി താലൂക്ക് ചെത്തുതൊഴിലാളി യൂണിയന്‍ (സിഐടിയു) സ്ഥാപക ജനറല്‍സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. കേരള കള്ളുവ്യവസായ ക്ഷേമനിധി ബോര്‍ഡ് ഭരണസമിതിയംഗവുമാണ്.

വീട്ടില്‍ കൊണ്ടുവന്ന മൃതദേഹത്തില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ നേതൃത്വത്തില്‍ രക്തപതാക പുതപ്പിച്ചു. പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍, പാര്‍ടി പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍, കേന്ദ്രകമ്മിറ്റിയംഗങ്ങളായ ഡോ. തോമസ് ഐസക്, വൈക്കം വിശ്വന്‍, പി കെ ഗുരുദാസന്‍, എം സി ജോസഫൈന്‍, സംസ്ഥാന സെക്രട്ടറിയറ്റംഗങ്ങളായ എം വി ഗോവിന്ദന്‍, എ കെ ബാലന്‍, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ജി സുധാകരന്‍, സി കെ സദാശിവന്‍, എം എം മണി, സി എസ് സുജാത, ആലപ്പുഴ ജില്ലാസെക്രട്ടറി സി ബി ചന്ദ്രബാബു, ദേശാഭിമാനി കൊച്ചി യൂണിറ്റ് മാനേജര്‍ സി എന്‍ മോഹനന്‍, സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍, സംസ്ഥാന ജനറല്‍സെക്രട്ടറി എളമരം കരീം തുടങ്ങിയവര്‍ ആദരാഞ്ജലി അര്‍പ്പിച്ചു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top