21 September Thursday

ക്ഷാരസൂത്ര ചികിത്സയുടെ മര്‍മമറിഞ്ഞ് ഡോ.ഷഹന

കെ എം നൗഷാദ്Updated: Friday Nov 21, 2014

തൃശൂര്‍: ഒരു ലോക പൈല്‍സ്ദിനം കൂടി കടന്നുപോകുമ്പോള്‍ ആയിരക്കണക്കിനാളുകളെ സൗജന്യമായി ചികിത്സിച്ച് ഭേദമാക്കി മാതൃകയാവുകയാണ് ചേലക്കരയിലെ ഗവ. ആയുര്‍വേദ ആശുപത്രി. സ്വകാര്യ മേഖലയിലെ ലക്ഷങ്ങളുടെ ചൂഷണത്തിനും തട്ടിപ്പിനും പാവപ്പെട്ട രോഗികള്‍ ഇരയാക്കപ്പെടുമ്പോഴാണ് ഈ ആതുരാലയം ആശ്രയമാകുന്നത്.30 രൂപ ചെലവഴിച്ചാല്‍ അര്‍ശസ്, ഫിഷര്‍, ഫിസ്റ്റുല തുടങ്ങിയ രോഗങ്ങളുമായി വേദനയനുഭവിക്കുന്ന രോഗിക്ക് പരമ്പരാഗത ചികിത്സയും മരുന്നും കിട്ടി പൂര്‍ണ സുഖം പ്രാപിച്ച് മടങ്ങാന്‍ കഴിയുമെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്. 15 വര്‍ഷമായി ഈ ആശുപത്രിയിലെ സ്പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷഹനയാണ് പരമ്പരാഗത ക്ഷാരസൂത്ര ചികിത്സയില്‍ പൈല്‍സ് രോഗികള്‍ക്ക് ആശ്വാസം പകരുന്നത്. ക്ഷാരസൂത്ര ചികിത്സക്കായി വിപണിയില്‍ മരുന്ന് ലഭിക്കില്ല. അതിനാല്‍ ആശുപത്രിമുറ്റത്ത് വളര്‍ത്തിയുണ്ടാക്കിയ കള്ളിച്ചെടിയുടെ (ഇലക്കള്ളി) പാലും പരുത്തിനൂലും മറ്റ് ചേരുവകളും ഉപയോഗിച്ചാണ് ഡോ. ഷഹന മരുന്നുണ്ടാക്കുന്നത്.

സംസ്ഥാനത്ത് 130ലേറെ ആയുര്‍വേദ ആശുപത്രികളുണ്ടെങ്കിലും ചേലക്കരയിലും നോര്‍ത്ത് പറവൂരും മാത്രമാണ് ക്ഷാരസൂത്ര ചികിത്സയുള്ളത്. അഞ്ച് ആയുര്‍വേദ മെഡിക്കല്‍ കോളേജുകളിലും പഠനസംബന്ധിയായ ചികിത്സകളേ നടക്കുന്നുള്ളു. ക്ഷാരസൂത്ര സേവനത്തിന് ഡോക്ടര്‍മാരും പൊതുവെ വിമുഖരാണ്. ഇതര സംസ്ഥാനങ്ങളില്‍പോലും പ്രശസ്തമാണ് ഇന്നീ സ്ഥാപനം. എല്‍ഡിഎഫ് ഭരണത്തില്‍ സ്പീക്കറായിരുന്ന കെ രാധാകൃഷ്ണന്‍ എംഎല്‍എ ഇടപെട്ട് ആയുഷില്‍നിന്ന് 45 ലക്ഷം ഫണ്ടനുവദിപ്പിച്ച് ഓപ്പറേഷന്‍ തിയ്യറ്ററുള്‍പ്പെടെ സ്പെഷ്യലിസ്റ്റ് ആശുപത്രിയാക്കി ഉയര്‍ത്തിയതായിരുന്നു വികസനങ്ങള്‍ക്ക് തുടക്കം. 2007 മുതല്‍ ഇവിടെ ചുമതലയേറ്റ ദമ്പതികളായ ഡോ.അബ്ദുള്‍ ഷെറീഫും ഡോ. ഷഹനയും മര്‍മചികിത്സാ വിഭാഗം ആരംഭിക്കാന്‍ സര്‍ക്കാരിനെ സമീപിച്ചു. കെ രാധാകൃഷ്ണന്‍ എം എല്‍എയുടെ ശ്രമഫലമായി 2010ല്‍ മര്‍മചികിത്സാ വകുപ്പ് ലഭിച്ചു. തുടര്‍ന്നാണ് ഡോ. ഷഹന ക്ഷാരസൂത്രത്തില്‍ സ്പെഷ്യലിസ്റ്റ് ആകുന്നത്.ഇതിനകം 5000ത്തിലേറെ അര്‍ശസ് രോഗികള്‍ക്ക് ഷഹന ചികിത്സ നല്‍കി. ഇതില്‍ 2000ത്തിലധികം പേര്‍ക്ക് ക്ഷാരസൂത്ര ചികിത്സയും നല്‍കി. മറ്റിടങ്ങളില്‍ ചികിത്സക്ക് മടിക്കുന്ന ഒട്ടേറെ സ്ത്രീരോഗികള്‍ ഡോ. ഷഹനയെ തേടിയെത്തുന്നു. ഭര്‍ത്താവ് ഡോ. ഷെറീഫ് കെജിഒഎ ജില്ലാ സെക്രട്ടറിയറ്റംഗവും ഡോ. ഷഹന ജില്ലാ കമ്മിറ്റി അംഗവുമാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top