കൊല്ലം: ദേശീയ ഗെയിംസിനായുള്ള ആശ്രാമത്തെ ഹോക്കി സ്റ്റേഡിയം നിര്‍മാണം ഇഴഞ്ഞു നീങ്ങുന്നതില്‍ ഗെയിംസ് ഹോക്കി കോമ്പറ്റീഷന് ഡയറക്ടര്‍ അതൃപ്തി രേഖപ്പെടുത്തി. ഹോക്കി സ്റ്റേഡിയം നിര്‍മാണ പുരോഗതി വിലയിരുത്താന്‍ വെള്ളിയാഴ്ച ഉച്ചയോടെയാണ് അന്താരാഷ്ട്ര അമ്പയര്കൂടിയായ ഷക്കീല്‍ അഹമ്മദ് ഖുറൈഷി ആശ്രാമത്ത് എത്തിയത്.
മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ഹോക്കി സ്റ്റേഡിയം നിര്‍മാണം നടക്കുന്നതെന്ന ചീഫ് ടെക്നിക്കല്‍ എക്സാമിനറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഗെയിംസ് ഹോക്കി കോമ്പറ്റീഷന് ഡയറക്ടറുടെ സന്ദര്‍ശനം. ഹോക്കി അസോസിയേഷന് പ്രസിഡന്റ് കായിക്കര നിസാമുദീന്‍, ഹോക്കി കേരള സെക്രട്ടറി രമേശ് കോലപ്പ എന്നിവരും ഒപ്പമുണ്ടായിരുന്നു. നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കാനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കാത്തതില്‍ എന്‍ജിനിയറിങ് വിഭാഗത്തെ തന്റെ അതൃപ്തി അറിയിച്ചു.
സ്റ്റേഡിയവുമായി ബന്ധപ്പെട്ട ഒരു നിര്‍മാണവും പൂര്‍ത്തിയാക്കിയിട്ടില്ല. കളിക്കാര്‍ക്കുള്ള വിശ്രമകേന്ദ്രത്തിന്റെ നിര്‍മാണവും ഇഴയുന്നു. മൈതാനത്ത് നിരത്താനുള്ള മെറ്റലും മണലും പരിമിതമായാണ് എത്തിച്ചത്. ഓര്‍ഡര്‍ കൊടുത്തിട്ടുണ്ടെന്നും ഉടന്‍ എത്തുമെന്നുമായിരുന്നു നിര്‍മാണവിഭാഗം എന്‍ജിനിയര്‍മാരുടെ മറുപടി. ദേശീയ ഗെയിംസിന് 85 ദിവസം മാത്രം അവശേഷിക്കെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഇത്തരത്തിലായതില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ ഖുറൈഷി ഇതേക്കുറിച്ച് കൂടുതല്‍ പറയാന്‍ വിസമ്മതിച്ചു. എല്ലാം വേഗത്തില്‍ പൂര്‍ത്തിയാകുമെന്ന പ്രതീക്ഷയാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ശ്രമിച്ചാല്‍ കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ സ്റ്റേഡിയം പൂര്ണസജ്ജമാക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ സാഹചര്യങ്ങള്‍ വിശദീകരിച്ച് ദേശീയ ഗെയിംസ് അതോറിറ്റിക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
നിര്‍മാണത്തില്‍ വന്‍ ക്രമക്കേടുണ്ടെന്ന ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തില്‍ ദേശീയ ഗെയിംസ് വിജിലന്‍സ് വിഭാഗം നേരത്തെ സ്റ്റേഡിയത്തില്‍ പരിശോധന നടത്തിയിരുന്നു. പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തിയിരുന്നു. ചുറ്റുമതില്‍ ഉള്‍പ്പെടെ മാനദണ്ഡങ്ങള്‍ പാലിക്കാതെയായിരുന്നു നിര്‍മിച്ചത്. ഇന്റലിജന്‍സ് വിഭാഗത്തിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ചീഫ് ടെക്നിക്കല്‍ എക്സാമിനര്‍ പരിശോധനയ്ക്ക് എത്തിയത്. ഇതേ തുടര്‍ന്നായിരുന്നു അഹമ്മദ് ഖുറൈഷിയുടെ പരിശോധന.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..