19 February Tuesday

പുഴയില്‍വീണ ആ കണ്ണീരിന് ഇന്ന് അഞ്ച് വര്‍ഷം

വെബ് ഡെസ്‌ക്‌Updated: Monday Nov 3, 2014
അരീക്കോട്: ആ കുറുത്ത ദിനം ഇന്നും ഏവരുടെയും നെഞ്ചുരുക്കുന്നതാണ്. കണ്ണീര്‍പ്പുഴയായിട്ടാണ് അന്ന് ചാലിയാര്‍ ഒഴുകിയത്. പുഴയില്‍ പൊന്തിയ എട്ട് വിദ്യാര്‍ഥികളുടെ മൃതദേഹം നെഞ്ചകം പിളര്‍ക്കുന്ന കാഴ്ചയായിരുന്നു. മൂര്‍ക്കനാട് സ്കൂള്‍ കടവില്‍ എട്ട് വിദ്യാര്‍ഥികളുടെ ജീവന്‍ അപഹരിച്ച തോണി ദുരന്തത്തിന് ചൊവ്വാഴ്ച അഞ്ചുവര്‍ഷം തികയുകയാണ്.2009 നവംബര്‍ നാലിനാണ് സ്കൂള്‍വിട്ട് വരികയായിരുന്ന എട്ട് വിദ്യാര്‍ഥികള്‍ ചാലിയാര്‍ പുഴയില്‍ പൊലിഞ്ഞത്. സുല്ലമുസലാം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ഥികളായ കുനിയില്‍ എന്‍ വി സിറാജുദ്ദീന്‍, വെള്ളേരി ശിഹാബുദ്ദീന്‍, ഉഗ്രപുരം പെരുമ്പറമ്പത്ത് സുഹൈല്‍, എടവണ്ണ പാലപ്പെറ്റ എളയേടത്ത് തൗഫീഖ്, വെസ്റ്റ് ഇരിവേറ്റിയിലെ കപ്പച്ചാലി ഷമീം, കൊഴക്കോട്ടൂര്‍ മങ്ങാട്ടുപറമ്പന്‍ ത്വയ്യിബ, ഷാഹിദലി, കിഴിശേരി മുഹമ്മദ് മുഷ്ഫിന്‍ എന്നീ വിദ്യാര്‍ഥികളാണ് മരിച്ചത്. കൂടുതല്‍പേര്‍ തോണിയില്‍ കയറിയതാണ് അപകടത്തിന് കാരണമായത്. 30 പേരാണ് തോണിയിലുണ്ടായിരുന്നത്. ദുരന്തവാര്‍ത്തയറിഞ്ഞ് നാട്ടുകാരും ഫയര്‍ഫോഴ്സും പൊലീസും നടത്തിയ പരിശോധനയാണ് മറ്റുള്ളവരുടെ ജീവന്‍ രക്ഷിച്ചത്. മന്ത്രിമാരായിരുന്ന കോടിയേരി ബാലകൃഷ്ണന്‍, പി കെ ശ്രീമതി, എം എ ബേബി, കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ സ്ഥലത്തെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചു. മരിച്ചവരുടെ കുടുംബത്തിന് ധനസഹായവും വിതരണം ചെയ്തിരുന്നു. ദുരന്തം ആവര്‍ത്തിക്കാതിരിക്കാന്‍ അരീക്കോടിനെയും മൂര്‍ക്കനാടിനെയും ബന്ധിപ്പിച്ച് നടപ്പാലവും അന്നത്തെ ഇടതുമുന്നണി സര്‍ക്കാര്‍ 15 മാസംകൊണ്ട് യാഥാര്‍ഥ്യമാക്കി. 2011 ഫെബ്രുവരിയിലാണ് പാലം തുറന്നുകൊടുത്തത്. അകാലത്തില്‍ പൊലിഞ്ഞ വിദ്യാര്‍ഥികളെ ഓര്‍മിക്കുന്നതിനുവേണ്ടി ചൊവ്വാഴ്ച രാവിലെ വൈഎംഎ നേതൃത്വത്തില്‍ അനുസ്മരണ യോഗം സംഘടിപ്പിച്ചിട്ടുണ്ട്. സിപിഐ എം നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കും.
പ്രധാന വാർത്തകൾ
 Top