20 January Thursday

നീന്തലില്‍ താരങ്ങള്‍; താമസം കുടുസ്സുമുറിയില്‍

വെബ് ഡെസ്‌ക്‌Updated: Friday Oct 31, 2014
തൃശൂര്‍: ദേശീയ വനിതാ നീന്തല്‍ താരങ്ങള്‍ താമസിക്കുന്നത് കുടുസ്സുമുറികളില്‍. സ്പോര്‍ട്സ് കൗണ്‍സിലിനു കീഴില്‍ തൃശൂരിലുള്ള അക്വാട്ടിക് കോംപ്ലക്സിന്റെ ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുന്ന സ്കൂള്‍ വിദ്യാര്‍ഥിനികളായ സംസ്ഥാന-ദേശീയ നീന്തല്‍ താരങ്ങള്‍ക്കും കൊല്‍ക്കത്തയില്‍ നടക്കാനിരിക്കുന്ന ദേശീയ സീനിയര്‍ മീറ്റില്‍ മത്സരിക്കാന്‍ പരിശീലനത്തിനെത്തിയ താരങ്ങള്‍ക്കുമാണ് ഈ ദുര്‍ഗതി.1987ല്‍ കേരളത്തില്‍ നടന്ന നാഷണല്‍ ഗെയിംസിന്റെ ഭാഗമായി നിര്‍മിച്ച സ്റ്റേഡിയത്തിനടിയിലുള്ള നിര്‍മാണപ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാത്ത നാലു ഇടുങ്ങിയമുറികളിലാണ് നീന്തല്‍ താരങ്ങള്‍ വര്‍ഷങ്ങളായി താമസിക്കുന്നത്. കട്ടിലുകളില്ലാത്ത മുറികളില്‍ സ്ലാബുകള്‍ക്ക് മുകളിലാണ് കുട്ടികള്‍ കിടക്കുന്നത്. 25 അടി നീളവും 10 അടി വീതിയുമുള്ള നാലുപേര്‍ക്ക് താമസിക്കാന്‍ പോലും അടിസ്ഥാന സൗകര്യമില്ലാത്ത മുറികളില്‍ എട്ട് പേര്‍ വീതമാണ് താമസം. ഓരോ മുറികളിലും രണ്ട് ഫാനും രണ്ട് റ്റ്യൂബ് ലൈറ്റും മാത്രം. സ്കൂള്‍ -കോളേജ് വിദ്യാര്‍ഥികളായ താരങ്ങള്‍ക്ക് രാത്രിയില്‍ പഠിക്കണമെങ്കില്‍ ഈ രണ്ട് റ്റ്യൂബുകള്‍ മതിയാകില്ല.വായുസഞ്ചാരമില്ലാത്ത മുറികളില്‍ കാലവര്‍ഷമോ വേനലെന്നോ വ്യത്യാസമില്ലാതെ ചുട്ടുപൊള്ളുന്ന അവസ്ഥയാണെന്ന് വിദ്യാര്‍ഥിനികള്‍ പറയുന്നു. രാത്രി വൈദ്യുതി ബന്ധം നിലച്ചാല്‍ പിന്നെ മുറിക്കകത്ത് ഇരിക്കാന്‍ പോലുമാകില്ല. വയറിങ്ങുകളെല്ലാം 1987ല്‍ നടത്തിയതാണെന്നുള്ളതാണ് മറ്റൊരു ഭീഷണി. തൊട്ടാല്‍ ഷോക്കടിക്കുന്ന തരത്തില്‍ ദ്രവിച്ച വയറിങ്ങുള്ള ഇവരുടെ ഹോസ്റ്റല്‍ മുറിക്ക് സമീപത്തെ മുറിയാണ് കഴിഞ്ഞ ദിവസം രാത്രിയില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട്മൂലം കത്തി നശിച്ചത്. തൊട്ടടുത്ത മുറിയില്‍ താമസിച്ചിരുന്ന പരിശീലനത്തിനെത്തിയ ദേശീയ നീന്തല്‍ താരങ്ങള്‍ തീപടര്‍ന്നതറിഞ്ഞതുകൊണ്ടാണ് വന്‍ ദുരന്തം ഒഴിവായത്. നൂറിലേറെ നീന്തല്‍ താരങ്ങള്‍ താമസിക്കാനായി എത്തുന്നുണ്ടെങ്കിലും സ്ഥലപരിമിതി മൂലം സ്റ്റേഡിയത്തിനടിയിലുള്ള ഇത്തരം നാലു മുറികളിലായി 20 വിദ്യാര്‍ഥികള്‍ക്കാണ് സ്പോര്‍ട്സ് കൗണ്‍സില്‍ താമസത്തിനുള്ള പ്രവേശനം നല്‍കുന്നത്. പലപ്പോഴും പരിശീലനത്തിനെത്തുന്ന ദേശീയ താരങ്ങള്‍ക്കും ഇവിടെ താമസസൗകര്യമൊരുക്കേണ്ടി വരുന്നു. ഇപ്പോള്‍ കൊല്‍ക്കത്തയില്‍ നടക്കാനിരിക്കുന്ന ദേശീയ സീനിയര്‍ മീറ്റില്‍ പങ്കെടുക്കുന്ന 36 ദേശീയ നീന്തല്‍ താരങ്ങളാണ് ഒരു ഹാളില്‍ താമസിക്കുന്നത്. തീപിടിത്തമുണ്ടായാലോ മറ്റെന്തെങ്കിലും ദുരന്തമുണ്ടായാലോ ഇറങ്ങി ഓടാന്‍ പോലും കഴിയാത്ത തരത്തില്‍ രക്ഷാപ്രവര്‍ത്തന സൗകര്യങ്ങളില്ലാത്ത, സുരക്ഷിതത്വമില്ലാത്ത മുറികളിലാണ് ഭാവിയുടെ താരങ്ങള്‍ അന്തിയുറങ്ങുന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top