കണ്ണൂര്‍: ചെറുകഥയ്ക്കുള്ള പ്രഥമ കേസരി നായനാര്‍ പുരസ്കാരം പ്രശസ്ത കഥാകൃത്ത് ഇ സന്തോഷ് കുമാറിന്. "കഥകള്‍- ഇ സന്തോഷ് കുമാര്‍' എന്ന ഗ്രന്ഥത്തിനാണ് 15,000 രൂപയും പ്രശസ്ത ശില്‍പ്പി കെ കെ ആര് വെങ്ങര രൂപകല്‍പ്പന ചെയ്ത ശില്‍പ്പവും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്കാരം. മലയാളത്തിലെ ആദ്യ കഥാകൃത്തായ കേസരി വേങ്ങയില്‍ കുഞ്ഞിരാമന് നായനാരുടെ ചരമശതാബ്ദിയോടനുബന്ധിച്ച് കലാസാംസ്കാരിക സംഘടനയായ ഫെയ്സ് മാതമംഗലമാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. ഡോ. കെ പി മോഹനന്, ഇ പി രാജഗോപാലന്‍, എന്‍ ശശിധരന് എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്. കേസരിയുടെ ജന്മനാടായ മാതംഗലത്തുവച്ച് നവംബര്‍ 10ന് വൈകിട്ട് നാലിന് മലയാള സര്‍വകലാശാല വൈസ് ചാന്‍സലര്‍ കെ ജയകുമാര്‍ അവാര്‍ഡ് സമ്മാനിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.തൃശൂര്‍ പട്ടിക്കാട് സ്വദേശിയായ ഇ സന്തോഷ് കുമാര്‍ യുവകഥാകൃത്തുക്കളില്‍ പ്രമുഖനാണ്. ചാവുകളി, അന്ധകാരനഴി എന്നീ കൃതികള്‍ക്ക് കേരള സാഹിത്യ അക്കാദമിയുടേതുള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. നാഷണല്‍ ഇന്‍ഷൂറന്‍സ് ഉദ്യോഗസ്ഥനാണ്.ഇ പി രാജഗോപാലന്‍, ഡോ. ജിനേഷ് കുമാര്‍ എരമം, പി വി ബാലന്, കെ വി സുനുകുമാര്‍, ടി എം ജയകൃഷ്ണന് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.