19 February Tuesday

ഹക്കീം വധം: കേസ് അട്ടിമറിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ കോഴ വാങ്ങിയെന്ന് പരാതി

വെബ് ഡെസ്‌ക്‌Updated: Tuesday Oct 21, 2014
പയ്യന്നൂര്‍: കൊറ്റി ജുമാ മസ്ജിദ് ജീവനക്കാരന്‍ തെക്കേ മമ്പലത്തെ അബ്ദുള്‍ ഹക്കീം വധക്കേസില്‍ ഭരണസ്വാധീനം ഉപയോഗിച്ച് അന്വേഷണം അട്ടിമറിക്കാനുള്ള കോണ്‍ഗ്രസ് നീക്കങ്ങളുടെ ചുരുളഴിയുന്നു. കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയതുമായ ബന്ധപ്പെട്ട്് ചില കോണ്‍ഗ്രസ് നേതാക്കള്‍ കോഴ വാങ്ങിയെന്ന ആരോപണവുമായി കെപിസിസി എക്സിക്യൂട്ടീവ് മെമ്പര്‍ എം പി മുരളി സംസ്ഥാന നേതൃത്വത്തിനു പരാതി നല്‍കി. ഇതോടെ കേസ്്് അട്ടിമറിക്കാന്‍ ഭരണസ്വാധീനം ഉപയോഗിച്ചു നടത്തിയ ശ്രമങ്ങളാണ്്് പുറത്തായിരിക്കുന്നത്. സംഭവത്തില്‍ പ്രാഥമിക അന്വേഷണം നടത്തിയ പയ്യന്നൂര്‍ സി ഐ അബ്ദുള്‍ റഹീമിനെ സ്ഥലം മാറ്റിയതിനു പിന്നില്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അടക്കമുള്ള ചില നേതാക്കളാണെന്നും ഇതിനു ലക്ഷങ്ങള്‍ കോഴ വാങ്ങിയതായും പരാതിയില്‍ പറയുന്നു. ആഭ്യന്തര വകുപ്പ് മന്ത്രി സ്ഥാനം രമേശ് ചെന്നിത്തല ഏറ്റെടുത്ത ശേഷം നടന്ന ഈ സ്ഥലം മാറ്റത്തില്‍ വന്‍ സാമ്പത്തീക ക്രമക്കേടുകള്‍ നടന്നെന്നുമാണ് ആരോപണം.2014 ഫെബ്രുവരി 10നാണ് കൊറ്റി ജുമാ മസ്ജിദ് ജീവനക്കാരനായ ഹക്കീമിന്റെ മൃതദേഹം പള്ളിവളപ്പില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തുന്നത്. ഫെബ്രുവരി 9ന് നടന്ന പള്ളിക്കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാന്‍ പോയ ഹക്കീം തിരിച്ചെത്താത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കത്തിക്കൊണ്ടിരിക്കുന്ന നിലയില്‍ മൃതദേഹം കണ്ടെത്തുന്നത്. വിവരമറിയിച്ചിട്ട് ഒന്നര മണിക്കൂര്‍ വൈകിയാണ് പയ്യന്നൂര്‍ പൊലീസ് സ്ഥലത്തെത്തുന്നത്. തുടര്‍ന്ന് പൊലീസ് അന്വേഷണം ഏറ്റെടുത്തെങ്കിലും കുറ്റവാളികളെ പിടികൂടുന്നതിനുള്ള ശ്രമങ്ങളൊന്നും നടത്താതിരുന്നത് നാട്ടുകാരില്‍ സംശയത്തിനിടയാക്കി. സംഭവം നടക്കുമ്പോള്‍ സ്ഥലത്തില്ലാതിരുന്ന സി ഐ അബ്ദുള്‍ റഹീം തിരികെയെത്തി അന്വേഷണം ഏറ്റെടുത്തെങ്കിലും ദിവസങ്ങള്‍ക്കുള്ളില്‍ ഫോറസ്റ്റ് വകുപ്പിലേക്ക് അദ്ദേഹത്തെ സ്ഥലം മാറ്റുകയായിരുന്നു. അന്വേഷണം ഭരണ സ്വാധീനമുള്ള ചില ഉന്നതരിലേക്ക് നീങ്ങിയതിനെ തുടര്‍ന്നാണ് ഈ സ്ഥലം മാറ്റമെന്ന് അപ്പോള്‍ തന്നെ ആരോപണം ഉയര്‍ന്നിരുന്നെങ്കിലും ഇതു സാധൂകരിക്കുന്ന പരാതിയാണ് കെപിസിസി എക്സിക്യൂട്ടീവ്് അംഗം തന്നെ ഇപ്പോള്‍ ഉയര്‍ത്തിയിരിക്കുന്നത്. ഹക്കീമിന്റെ കൊലപാതകത്തിനു പിന്നില്‍ സാമ്പത്തീക ഇടപാടുകളാണെന്നും തുടക്കം മുതല്‍ സൂചനകളുണ്ടായിരുന്നു. ക്രൈം ബ്രാഞ്ച് കേസ് അന്വേഷിക്കുമെന്ന് ആഭ്യന്തര മന്ത്രി തന്നെ പയ്യന്നൂരിലെത്തി പ്രഖ്യാപിച്ചതിനു പിന്നാലെ കേസ് ക്രൈംബ്രാഞ്ചല്ല മറ്റൊരു സംഘമാണ് അന്വേഷിക്കുക എന്നു പറഞ്ഞ് പ്രാദേശിക നേതാക്കള്‍ വാര്‍ത്താക്കുറിപ്പ് ഇറക്കിയതും കോണ്‍ഗ്രസ് നിലപാടുകള്‍ പൊതുജനങ്ങള്‍ക്കിടയില്‍ സംശയത്തിനിടയാക്കിയിരുന്നു.
പ്രധാന വാർത്തകൾ
 Top