21 February Thursday

റാന്നി ഫാസ് ആറാം വര്‍ഷത്തിലേക്ക്

വെബ് ഡെസ്‌ക്‌Updated: Wednesday Sep 10, 2014
റാന്നി: റാന്നി ഫിലിം ആന്‍ഡ് ഫൈന്‍ ആര്‍ട്സ് സൊസൈറ്റി (റാന്നി ഫാസ്) കലാസാംസ്കാരിക രംഗത്ത് പ്രവര്‍ത്തനം ആരംഭിച്ചിട്ട് അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. ഈ അവസരത്തില്‍ ഫാസിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിലൊന്നായ പ്രമുഖ കലാപരിപാടികളുടെ പ്രദര്‍ശന സംഘാടനം കലാദര്‍ശന്‍-വിഷ്വല്‍ തീയേറ്റര്‍ എന്ന പേരില്‍ ആരംഭിച്ചു. ഇതിന്റെ പ്രഥമ സംരംഭമായി കൊല്ലം കാളിദാസ കലാകേന്ദ്രം അവതരിപ്പിക്കുന്ന നാടകം മാക്ബത്ത് 13ന് വൈകിട്ട് 6.30ന് പിജെടി ഹാളില്‍ അവതരിപ്പിക്കും. രണ്ടു പതിറ്റാണ്ടുകള്‍ക്ക് മുമ്പ് റാന്നിയിലെ കലാ സാംസ്കാരിക പ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍പിടിച്ചിരുന്ന പിജെടി ഫൈന്‍ ആര്‍ട്സ് സൊസൈറ്റി റാന്നിക്കാര്‍ക്ക് മറക്കാനാവാത്ത അനുഭവമായിരുന്നു. കേരളത്തിലെ പ്രമുഖ കലാകാരന്മാരുടെയും കലാ സംഘങ്ങളുടെയും കലാപരിപാടികള്‍ എണ്‍പതുകളുടെ അവസാനം വരെ അവതരിപ്പിച്ചത് ഇന്നും ഒരു തലമുറയുടെ മനസ്സിലുണ്ട്. ആ കാലഘട്ടത്തില്‍ കലാപരിപാടികള്‍ ആസ്വദിക്കാന്‍ വരുന്ന വ്യക്തികളും കുടുംബങ്ങളും തമ്മില്‍ ഒരാത്മ ബന്ധംതന്നെ നിലനിന്നിരുന്നു. തൊണ്ണൂറുകളുടെ തുടക്കത്തില്‍ ദൃശ്യമാധ്യമങ്ങളുടെ വരവോടെ ഇത്തരം കലാപരിപാടികളോടുള്ള ജനങ്ങളുടെ താല്‍പര്യം കുറയുകയും കലാസ്വാദനത്തിനായി വീടുകളില്‍നിന്ന് പുറത്തിറങ്ങുന്ന ശീലം മലയാളിക്ക് അന്യമാവുകയും ചെയ്തതോടെ പിജെടി ഫൈന്‍ ആര്‍ട്സ് സൊസൈറ്റി വിസ്മൃതിയിലായി. ദക്ഷിണേന്ത്യയിലെ നിരവധി കലാകാരന്മാരെ റാന്നിയിലെ ആസ്വാദകര്‍ക്ക് മുമ്പില്‍ പരിചയപ്പെടുത്തിയ പിജെടി ഫൈന്‍ ആര്‍ട്സ് സൊസൈറ്റിയുടെ പിന്തുടര്‍ച്ചയാണ് റാന്നി ഫാസ് ലക്ഷ്യമിടുന്നത്. കലാസ്വാദനത്തിന് വീണ്ടും അവസരം ഒരുക്കിക്കൊണ്ട് പ്രതിവര്‍ഷം നാടകം അടക്കം കുറഞ്ഞത് നാല് വ്യത്യസ്ത കലാപരിപാടികളാണ് റാന്നിയില്‍ അവതരിപ്പിക്കുക. ആസ്വാദകരുടെ സൗകര്യാര്‍ഥം പ്ലാറ്റിനം, ഡയമണ്ട്, ഗോള്‍ഡ് എന്നീ വിഭാഗത്തില്‍ ആജീവനാന്ത അംഗത്വവും പേള്‍ വിഭാഗത്തില്‍ ത്രിവത്സര അംഗത്വവും സില്‍വര്‍, ബ്രോണ്‍സ് വിഭാഗത്തില്‍ വാര്‍ഷിക അംഗത്വവുമാണ് നല്‍കുന്നത്. റാന്നിയ്ക്ക് നഷ്ടമായ കലാസാംസ്കാരിക പാരമ്പര്യം റാന്നി ഫാസിന്റെ കലാദര്‍ശന്‍-വിഷ്വല്‍ തീയേറ്ററിലൂടെ പുനര്‍ജീവിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ഭാരവാഹികള്‍ റന്നിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഫാസ് പ്രസിഡന്റ് ബാജി രാധാകൃഷ്ണന്‍, സെക്രട്ടറി സുനില്‍ മാത്യു, ജനറല്‍ കണ്‍വീനര്‍ എ ടി സതീഷ്കുമാര്‍, കണ്‍വീനര്‍ എസ് അജിത്ത് എന്നിവര്‍ പങ്കെടുത്തു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top