18 February Monday

ഈ കബര്‍ പറയും... ചെമ്പന്‍ പോക്കറുടെ കഥ

പി സി പ്രശോഭ്Updated: Monday Aug 4, 2014
മലപ്പുറം: തിരൂരങ്ങാടിയില്‍നിന്നും അല്‍പ്പമകലെയുള്ള മൂന്നിയൂരിലെത്തിയാല്‍ ജുമാമസ്ജിദിന് സമീപം ഒരു കബറിടം കാണാം.പേരും മറ്റ് അലങ്കാരങ്ങളൊന്നുമില്ലാത്ത ശവകുടീരം. ഈ കബറിനെക്കുറിച്ച് പലര്‍ക്കും അറിയില്ല. എന്നാല്‍ ഇതിനോട് ചെവി ചേര്‍ത്തുപിടിച്ചാല്‍ ആ കബര്‍ നിങ്ങളോട് സംസാരിക്കും. ചെമ്പന്‍പോക്കറുടെ ശബ്ദത്തില്‍. ആ ശബ്ദത്തില്‍ നിങ്ങള്‍ കേള്‍ക്കുന്നത് ഒരുകാലത്ത് വെള്ളക്കാരുടെ നെറികേടുകള്‍ക്കെതിരെ നെഞ്ചുവിരിച്ചുനിന്ന ഒരു പോരാളിയുടെ ത്യാഗത്തിന്റെ കഥയാണ്. ചരിത്രത്തിന്റെ സുവര്‍ണ താളുകളില്‍ ഒരുപക്ഷേ നിങ്ങള്‍ കേള്‍ക്കാതെപോയ ധീരദേശാഭിമാനിയുടെ കഥ. ടിപ്പുവിന്റെ പടയോട്ടകാലത്ത് മലപ്പുറത്ത് ബ്രിട്ടീഷ് വിരുദ്ധ കലാപങ്ങള്‍ പൊട്ടിപ്പുറപ്പെട്ടിരുന്നു. പരപ്പനങ്ങാടിയായിരുന്നു അതിന്റെ കേന്ദ്രം. അക്കാലത്ത് ബ്രിട്ടീഷുകാര്‍ക്കെതിരെ ശബ്ദമുയര്‍ത്തിയ മാപ്പിളമാരായ മൂന്ന് നാട്ടുപ്രമാണിമാരില്‍ ഒരാളായിരുന്നു ചെമ്പന്‍ പോക്കര്‍. ചരിത്രത്തില്‍ ചെറിയ പരാമര്‍ശങ്ങളില്‍ മാത്രം ഒതുങ്ങിപ്പോയൊരു ധീരന്‍. കബര്‍ പോക്കറുടേതാണെന്ന് അറിയാവുന്നവര്‍ ചുരുക്കം. കാരണം, ഇത് വ്യക്തമാക്കുന്ന എഴുത്തോ മറ്റ് രേഖകളോ എവിടെയുമില്ല.1790-കളില്‍ ടിപ്പു സുല്‍ത്താന്റെ ആഗമനംവരെയുള്ള ബ്രിട്ടീഷ് ഭരണത്തില്‍ കോട്ടയത്ത് പഴശ്ശിരാജയുടെ എതിര്‍പ്പ് ഉയര്‍ന്നുവന്ന കാലമായിരുന്നു ഇത്. മലബാറിലെ മാപ്പിളമാര്‍ പഴശ്ശിക്ക് പിന്തുണയേകി. ഇക്കാലത്താണ് ദരോഗ എന്ന പേരില്‍ പ്രാദേശിക അധികാരങ്ങളുള്ള സമിതിക്ക് ബ്രിട്ടീഷ് സര്‍ക്കാര്‍ മലബാറില്‍ രൂപംനല്‍കിയത്. കേസ് തീര്‍പ്പാക്കുന്നതും നികുതിവിവരം സൂക്ഷിക്കുന്നതും ദരോഗകളുടെ തലവന്മാരായിരുന്നു. ഇതിലൊരു തലവനായിരുന്നു ചെമ്പന്‍ പോക്കര്‍. തദ്ദേശീയമായ സ്വാധീനം ഉറപ്പിക്കാനുള്ള ബ്രിട്ടീഷുകാരുടെ ആയുധം മാത്രമായിരുന്നു ദരോഗകള്‍. എന്നാല്‍, ഇവര്‍ പഴശ്ശിരാജക്ക് രഹസ്യമായി സഹായം ചെയ്തുതുടങ്ങി. ഇതോടെ ദരോഗകളെ ഒഴിവാക്കാന്‍ ബ്രിട്ടീഷുകാര്‍ ശ്രമം നടത്തി. അവര്‍ നേതാക്കളെ അഴിമതിക്കാരായി മുദ്രകുത്തി പുറത്താക്കി. ഇതിനിടെ ചില ദരോഗമാര്‍ ഭയത്താല്‍ ബ്രിട്ടീഷുകാരോട് കൂറ് പ്രഖ്യാപിച്ചു. എന്നാല്‍, അചഞ്ചലരായിനിന്നത് ചെമ്പന്‍ പോക്കര്‍, അത്തന്‍ കുരിക്കള്‍, ഉണ്ണിമൂത്ത മൂപ്പന്‍ എന്നീ സംഘമായിരുന്നു.നാട്ടുപ്രമാണിമാരുടെ സഹായത്തോടെ മാപ്പിളനേതാക്കളെ ബ്രിട്ടീഷുകാര്‍ കൊന്നൊടുക്കി. ചെമ്പന്‍ പോക്കറെ പാലക്കാട് ജയിലിലടച്ചു. എന്നാല്‍, അധികം വൈകാതെ പോക്കര്‍ ജയില്‍ചാടി. പിന്നെ ഊരകംമലയില്‍ ഒളിവുവാസം. ഇതിനിടെ റവന്യൂ വണ്ടികള്‍ കൊള്ളയടിച്ചു. അതുവഴി കിട്ടുന്ന പണം പഴശ്ശിപ്പടയോടൊപ്പം ചേര്‍ന്ന ഉണ്ണിമൂത്ത മൂപ്പനെ ഏല്‍പ്പിച്ചു. ഇതോടെ പോക്കര്‍ പിടികിട്ടാപ്പുള്ളിയായി. 1802-ല്‍ ഉണ്ണിമൂത്ത മൂപ്പനെ ബ്രിട്ടീഷുകാര്‍ കൊന്നു. അധികം വൈകാതെ പോക്കര്‍ വീണ്ടും പിടിയിലായി. പിന്നീട് എന്ത് സംഭവിച്ചുവെന്നതിന് ഇപ്പോഴും കൃത്യമായ രേഖകളില്ല. കീഴടങ്ങിയപ്പോള്‍ ജയിലിലിട്ടെന്നും കൊന്നുവെന്നും കഥയുണ്ട്. പോക്കറെ വയനാട്ടില്‍വച്ച് കൊന്നുവെന്ന് മറ്റൊരു കഥ. രണ്ട് കഷ്ണങ്ങളായി രണ്ടിടത്തുനിന്നാണ് മൃതദേഹം ലഭിച്ചതെന്ന് കുടുംബാംഗവും കൊണ്ടോട്ടിയില്‍ എല്‍ഐസി ഏജന്റുമായ ചെമ്പന്‍ മുഹമ്മദാലി പറയുന്നു. "പോക്കര്‍ ഉപ്പൂപ്പ', "പോക്കര്‍ മൂപ്പന്‍' എന്നിങ്ങനെയാണ് ് ഇന്നും പഴമക്കാര്‍ ഇദ്ദേഹത്തെ വി്ിക്കുന്നത്.ചില ചരിത്രകാരന്മാര്‍ നടത്തിയ അന്വേഷണത്തിലാണ് കബര്‍ ശ്രദ്ധയില്‍പ്പെടുന്നത്. ഭൂമിശാസ്ത്രവും കാലഘട്ടവും കണക്കിലെടുത്ത് കബര്‍ പോക്കറുടേതാകാനാണ് സാധ്യതയെന്ന് ചരിത്രകാരനായ ഡോ. കെഎന്‍ ഗണേശ് പറയുന്നു. മലപ്പുറത്തെ ആദ്യകാല ദേശസ്നേഹിയുടെ ഓര്‍മ പരിപാലിക്കാനോ ഇദ്ദേഹത്തിന്റെ ചരിത്രം കൂടുതലായി അറിയാനോ ഒരുശ്രമവും ഇതുവരെ നടന്നിട്ടില്ല.
പ്രധാന വാർത്തകൾ
 Top