03 December Friday

മലയോരത്ത്‌ കനത്ത മഴ ; നാലിടത്ത്‌ ഉരുൾപൊട്ടൽ; തീക്കോയിൽ മണ്ണിടിഞ്ഞു

വെബ് ഡെസ്‌ക്‌Updated: Wednesday Oct 20, 2021

ഉരുൾപൊട്ടലിൽ ഓടംതോട്ടിലെ 
റോഡിലൂടെ മലവെള്ളം ഒഴുകുന്നു

തിരുവനന്തപുരം > കനത്ത  മഴയെതുടർന്ന്‌ സംസ്ഥാനത്തിന്റെ മലയോര മേഖലയിൽ ബുധൻ രാത്രി ഉരുൾപൊട്ടലും മണ്ണിടിച്ചിലും. പാലക്കാടും മലപ്പുറത്തും ഉരുൾപൊട്ടലും കോട്ടയത്ത്‌ മണ്ണിടിച്ചിലുമാണ്‌ ഉണ്ടായത്‌. വയനാട്ടിലും കോഴിക്കോട്ടും പലയിടത്തും വെള്ളംകയറി. നിരവധി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. നിലവിൽ റെഡ് അലർട്ടാണ്.

കനത്ത മഴയിൽ പാലക്കാട്‌ മംഗലം അണക്കെട്ടിനു സമീപം കിഴക്കഞ്ചേരി മലയോരമേഖലയിൽ മൂന്നിടത്താണ്‌ ഉരുൾപൊട്ടിയത്‌. ആളപായമില്ല. ആദിവാസികളടക്കം 86 കുടുംബത്തെ മാറ്റിപ്പാർപ്പിച്ചു. കിഴക്കഞ്ചേരി ഓടംതോട്, വിആർടി, പാലക്കുഴി മലയോരമേഖലയിലാണ് ബുധൻ വൈകിട്ട്‌ ആറോടെ ഉരുൾപൊട്ടിയത്‌. ആളപായമില്ല. ഏതാനും വീട്ടില്‍ വെള്ളം കയറി.

ഓടംതോട്ടിലൂടെ വൻതോതിൽ വെള്ളം വന്നതിനെത്തുടർന്നാണ് ഉരുൾപൊട്ടൽവിവരം പുറംലോകം അറിയുന്നത്. ചടച്ചിക്കുന്നാണ്‌ ഉരുൾപൊട്ടലിന്റെ ഉത്ഭവമെന്നു കരുതുന്നു. സമീപത്തെ വിആർടി, കവ, വട്ടപ്പാറഭാഗത്തും ഉരുൾപൊട്ടി. ഉരുൾപൊട്ടൽ സാധ്യത കണക്കിലെടുത്ത് വിആർടിയിൽ 15 കുടുംബത്തെ നേരത്തേ മാറ്റിയിരുന്നു. വനമേഖലയായ പൊന്മുടിയിൽനിന്ന്‌ വൻതോതിൽ മലവെള്ളമെത്തി. കൽക്കുഴി, വിലങ്ങംപാറ, പിസിഎ തുടങ്ങിയ പ്രദേശങ്ങളിലൂടെ വെ ള്ളം  ഒഴുകിയതിനാൽ പല വീട്ടിലും വെള്ളം കയറി.  സബ് കലക്ടർ ബൽ പ്രീത് സിങ്‌, തഹസിൽദാർ കെ ബാലകൃഷ്ണൻ, ആലത്തൂർ ഡിവൈഎസ്‌പി കെ എം ദേവസ്യ തുടങ്ങിയവർ സംഭവസ്ഥലം സന്ദർശിച്ചു. മലപ്പുറം ജില്ലയിലെ താഴെക്കോട്‌ പഞ്ചായത്തിൽ മലങ്കടമലയിലും ബിടാവ്‌ മലയിലും ഉരുൾപൊട്ടി. ആളപായമില്ല. ഇവിടെ 60 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.

തീക്കോയിൽ മണ്ണിടിഞ്ഞു
കോട്ടയം തീക്കോയ്‌ മംഗളഗിരി മുപ്പത് ഏക്കറിലാണ്‌ മണ്ണിടിഞ്ഞത്‌. ആളപായമില്ല. തീക്കോയ്‌ മാർമല വെള്ളച്ചാട്ടത്തിന്റെ ഭാഗമായ ഏരിയാറ്റുപാറ അരുവിയിൽ വെള്ളം കലങ്ങി മറിഞ്ഞു വന്നത്തോടെയാണ് പ്രദേശവാസികൾ വിവരമറിഞ്ഞത്‌. മൂപ്പത് ഏക്കർ -തീക്കോയ്‌ റോഡിൽ ചെളിയും ചെറിയ പാറക്കല്ലുകളും നിറഞ്ഞു ഗതാഗതം തടസ്സപ്പെട്ടു. ഏക്കർ കണക്കിന്‌ കൃഷി നശിച്ചു.

ചങ്ങനാശേരിയിൽ വെള്ളംകയറിയ വീടിനുള്ളിൽനിന്ന്‌ പുറത്തേക്കിറങ്ങിയ അറുപതുകാരി ബുധൻ പകൽ മുങ്ങിമരിച്ചു. ചങ്ങനാശേരി ളായിക്കാട് മുപ്പതിൽച്ചിറ ഓമനയാണ് മരിച്ചത്. കണ്ണൂർ ഇരിട്ടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവാവ്‌ മരിച്ചു. പേരാവൂർ തെറ്റുവഴി വേക്കളത്തെ കോട്ടായി ഗണേശനാ(41)ണ് മരിച്ചത്.

വയനാട്‌, കോഴിക്കോട്‌ മലയോരമേഖലയിൽ ശക്തമായ ഇടിയും മഴയുമുണ്ടായി. ബത്തേരി, മാനന്തവാടി താലൂക്കിൽ പലയിടത്തും വെള്ളം കയറി. 18 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ബത്തേരി ടൗൺ, ഗാന്ധി ജങ്‌ഷൻ എന്നിവിടങ്ങളിലും കോഴിക്കോട്‌ തിരുവമ്പാടി അങ്ങാടിയിലും വെള്ളം കയറി.

ഉരുൾപൊട്ടൽ ഭീതിയിൽ മലയോരം
ബുധൻ ഉച്ചയോടെ പെയ്‌ത കനത്ത മഴ മലയോരമേഖലയെ വീണ്ടും ഉരുൾപൊട്ടൽ ഭീതിയിലാഴ്‌ത്തി. പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം ഭാഗങ്ങളിൽ ശക്തമായി മഴ പെയ്‌തു. ഇതോടെ കൂട്ടിക്കൽ നിവാസികൾ വീണ്ടും ആശങ്കയിലായി. മണിമലയാറിലും പുന്നഗയാറിലും ഒഴുക്ക്‌ ശക്തിപ്പെട്ടതൊടെ തീരത്തുള്ളവർ ഭയപ്പാടിലാണ്‌.
പരമാവധി ആളുകളെ ക്യാമ്പുകളിലേക്ക്‌ മാറ്റുന്നുണ്ട്‌. മഴയും കാറ്റും സംബന്ധിച്ച്‌ ദുരന്ത നിവാരണ അതോറിറ്റി ബുധൻ വൈകിട്ട്‌ തന്നെ മുന്നറിയിപ്പ്‌ നൽകി. പരമാവധി ആളുകളെ സുരക്ഷിത ഇടങ്ങളിലേക്ക്‌ മാറ്റാനുള്ള ശ്രമം നടക്കുന്നു.

മുമ്പ്‌ ഉരുൾപൊട്ടലുണ്ടായ കാവാലി, പ്ലാപ്പള്ളി ഭാഗങ്ങളിലടക്കം സുരക്ഷിതമല്ലാത്ത വീടുകളിൽ കഴിയുന്ന മുഴുവൻ പേരെയും മാറ്റിപ്പാർപ്പിച്ചു. രാത്രിയിൽ യാത്ര പാടില്ലെന്ന്‌ കലക്ടർ കർശന നിർദേശം നൽകി. മരങ്ങൾ വീണും വൈദ്യുതിക്കമ്പി വീണും അപകടസാധ്യതയുണ്ട്‌.

വീട്ടമ്മയ്‌ക്കായി തിരച്ചിൽ ഊർജിതം
കൊക്കയാർ പഞ്ചായത്തിനുസമീപം മലവെള്ളപ്പാച്ചിലിൽ കാണാതായ വീട്ടമ്മയ്‌ക്കായി തിരച്ചിൽ ഊർജിതമാക്കി. ചേംപ്ലാവിൽ സാബുവിന്റെ ഭാര്യ ആൻസിയെ (50) കാണാതായിട്ട്‌ അഞ്ചുദിവസം പിന്നിട്ടു. ബുധനാഴ്‌ച  ഇടുക്കി കലക്ടർ ഷീബ ജോർജ്‌ കൊക്കയാർ സന്ദർശിച്ചു. പുന്നകയാറിലും മണിമലയാറിലും തിരച്ചിൽ ശക്തിപ്പെടുത്താൻ  അഗ്നിശമനസേനയ്‌ക്കും പൊലീസിനും  നിർദേശം നൽകി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top