02 August Monday
ജോലിയും കൂലിയുമില്ല

അടച്ചുപൂട്ടൽ 2 മാസം പിന്നിട്ടു; ലക്ഷദ്വീപ്‌ പട്ടിണിയിലേക്ക്‌

സ്വന്തം ലേഖകൻUpdated: Friday Jun 18, 2021

കൊച്ചി > കോവിഡ്‌ പ്രതിരോധത്തിന്റെ ഭാഗമായുള്ള അടച്ചുപൂട്ടലും അഡ്‌മിനിസ്‌ട്രേറ്ററുടെ ഭരണപരിഷ്‌കാരങ്ങളുടെ പേരിലുള്ള നിയന്ത്രണങ്ങളും മൂലം തൊഴിലും വരുമാനവും നഷ്‌ടമായി ലക്ഷദ്വീപ്‌ ജനത പട്ടിണിയിലേക്ക്‌. കോവിഡ്‌ അടച്ചുപൂട്ടൽ രണ്ടുമാസം പിന്നിടുമ്പോൾ അഡ്‌മിനിസ്‌ട്രേഷനിൽ നിന്നു യാതൊരു സഹായവും ദ്വീപ്‌ ജനങ്ങൾക്ക്‌ നാളിതുവരെ ലഭിച്ചിട്ടില്ല. പ്രധാന ദ്വീപുകളിൽ മുപ്പൂട്ടാണ്‌. ഇളവുകളുള്ളിടത്ത്‌ മറ്റു നിയന്ത്രണങ്ങളുടെ പേരിൽ സാധാരണക്കാർക്ക്‌ പുറത്തിറങ്ങാനാകുന്നില്ല. കാലവർഷം ആരംഭിച്ചതോടെ മത്സ്യത്തൊഴിലാളികൾക്കും ജോലിയല്ല. ഇതിനെല്ലാം പുറമെ, അഡ്‌മിനിസ്‌ട്രേറ്ററുടെ നിർദ്ദേശ പ്രകാരം വിവിധ സർക്കാർ വകുപ്പുകളിൽ നിന്ന്‌ പിരിച്ചുവിടപ്പെട്ട ആയിരത്തിലേറെ ജീവനക്കാരും ദുരിതത്തിലാണ്‌.

കഴിഞ്ഞ ഏപ്രിൽ 18 നാണ്‌ അടച്ചുപൂട്ടൽ പ്രാബല്യത്തിലായത്‌. ജനുവരി അവസാനവാരം മുതൽ ദ്വീപിൽ കോവിഡ്‌ വ്യാപനം 60 ശതമാനത്തിന്‌ മുകളിലാണ്‌. രോഗികൾക്ക്‌ കുറവില്ലാത്തതിനാൽ  കവരത്തി, അമിനി, ആന്ത്രോത്ത്, കല്പേനി, മിനിക്കോയ് ദ്വീപുകൾ ഇപ്പോഴും മുപ്പൂട്ടിലാണ്‌. മറ്റു ദ്വീപുകളിൽ നിയന്ത്രണങ്ങളിൽ അയവുണ്ടെങ്കിലും എല്ലാവരും വീട്ടിൽ തന്നെ കഴിയുന്നു. അഡ്‌മിനിസ്‌ട്രേറ്റർക്കെതിരെ ഉയരുന്ന പ്രതിഷേധം തടയാൻ പ്രഖ്യാപിച്ച നിരോധനാജ്ഞ നിലനിൽക്കുന്നതും പുതുതായി നടപ്പിലാക്കിയ ഗൂണ്ടാ നിയമവുമാണ്‌ ജനങ്ങളെ ഭീതിയിലാക്കുന്നത്‌. ഈ സാഹചര്യത്തിൽ കൂലിപ്പണി ചെയ്‌ത്‌ ജീവിക്കുന്ന ഭൂരിഭാഗം ദ്വീപ്‌ ജനത നിത്യവൃത്തിക്ക്‌ വഴികാണാതെ ദുരിതത്തിലാണ്‌.

ജനങ്ങൾക്ക്‌  സൗജന്യറേഷനും ഭക്ഷ്യക്കിറ്റും സാമ്പത്തികസഹായവും നൽകണമെന്ന്‌ തുടക്കം മുതൽ ജില്ലാ പഞ്ചായത്ത്‌ അഡ്‌മിനിസ്‌ട്രേഷനോട്‌ ആവശ്യപ്പെടുന്നുണ്ട്‌. എന്നാൽ ടൂറിസം വികസനത്തിന്റെ പേരിൽ ശതകോടികളുടെ പദ്ധതികൾ വേഗത്തിൽ നടപ്പാക്കാൻ തയ്യാറായ അഡ്‌മിനിസ്‌ട്രേഷൻ യാതൊരു നടപപടിയുമെടുത്തിട്ടില്ല. അതേസമയം, ജനങ്ങൾക്ക്‌ അത്യാവശ്യത്തിന്‌ പോലും പുറത്തിറങ്ങാനാകാത്ത വിധം കരിനിയമങ്ങൾ നടപ്പാക്കുകയുമാണ്‌. കവരത്തി ദ്വീപിലെ ഇരുപതോളം കുടുംബങ്ങളുടെ വാസസ്ഥലം പിടിച്ചെടുക്കാനുള്ള നീക്കമാണ്‌ ഇതിന്റെ ഭാഗമായി ഏറ്റവുമൊടുവിലുണ്ടായത്‌. അഞ്ചിടത്ത് ലോക്ഡൗൺ ഇളവുകളുടെ ഭാഗമായി മൂന്നുമണിക്കൂർ കടകൾ തുറക്കാൻ അനുമതി നൽകി. പക്ഷെ, ജനങ്ങൾക്ക് കടയിൽ പോകാൻ അനുമതി നൽകിയില്ല. സർക്കാർ നിയോഗിക്കുന്ന വളണ്ടിയർമാർ സാധനങ്ങൾ വീടുകളിലെത്തിക്കുമെന്നാണ്  പറഞ്ഞത്. അങ്ങനെയൊരു വളണ്ടിയറെയും എവിടെയും നിയമിച്ചിട്ടുമില്ല.

കാലവർഷമയതിനാൽ ബഹുഭൂരിപക്ഷം വരുന്ന മത്സ്യത്തൊഴിലാളികൾക്ക്‌ കടലിൽ പോകാനാകുന്നില്ല.   തെങ്ങുകയറ്റത്തൊഴിലാളികൾക്കും നിർമ്മാണത്തൊഴിലാളികൾക്കും കൂലിപ്പണിക്കാർക്കും തൊഴിലില്ല. വിവിധ സർക്കാർ വകുപ്പുകളിൽ പതിനായിരം രൂപ വേതനത്തിന്‌  ജോലി ചെയ്‌തിരുന്ന ആയിരത്തി മുന്നോറോളം താൽക്കാലിക ജീവനക്കാരെയാണ്‌ കഴിഞ്ഞ അഞ്ചുമാസത്തിനിടെ  പിരിച്ചുവിട്ടത്‌.

പിരിച്ചുവിടലിനെതിരെ 
ലക്ഷദ്വീപിൽ 
പ്രതിഷേധം തുടങ്ങി
ലക്ഷദ്വീപിൽ കരാർ ജീവനക്കാരെ പിരിച്ചുവിട്ടതിനെതിരെ ജനകീയ പ്രതിഷേധം തുടങ്ങി. സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം. കോവിഡ്‌ നിയന്ത്രണങ്ങൾ പാലിച്ച്‌ ദ്വീപുവാസികളുടെയാകെ പിന്തുണയോടെയാണ്‌ സമരം. ലക്ഷദ്വീപിലെ ഭരണ പരിഷ്കാരത്തിന്റെ ഭാഗമായി കൃഷി, മൃഗസംരക്ഷണം, ടൂറിസം തുടങ്ങി വിവിധവകുപ്പുകളിൽ ജോലി ചെയ്‌തിരുന്ന ആയിരത്തിമുന്നൂറിലേറെ കരാർ ജീവനക്കാരെയാണ് ഒറ്റയടിക്ക് പിരിച്ചുവിട്ടത്. താൽക്കാലിക ജീവനക്കാരുടെ കരാർ ഓരോ വർഷവും പുതുക്കുന്നതായിരുന്നു രീതി. അഡ്മിനിസ്‌ട്രേറ്ററായി പ്രഫുൽ കെ പട്ടേൽ ചുമതലയേറ്റശേഷം ആരംഭിച്ച പരിഷ്‌കാരങ്ങളുടെ ഭാഗമായാണ്‌ കരാർ പുതുക്കേണ്ടെന്ന്‌ ഉത്തരവിട്ടത്‌. ഇതിനിടെ കൃഷിവകുപ്പിലുള്ള 85 ശതമാനം ജീവനക്കാരെ മറ്റ് വകുപ്പുകളിലേക്ക് മാറ്റി നിയമിക്കാനും ഭരണകൂടം നടപടി തുടങ്ങി. കാർഷിക മേഖലയിലെ പ്രവർത്തനം അതോടെ  അവതാളത്തിലാകുമെന്ന്‌  ജീവനക്കാർ പറയുന്നു. ഇതിലെല്ലാമുള്ള പ്രതിഷേധമാണ്‌ ദ്വീപുവാസികൾ ഉയർത്തിയത്‌.  

ഇതിനിടെ, സർക്കാർ തസ്തികകൾ വെട്ടിക്കുറയ്ക്കാനുള്ള നടപടികൾക്കും അഡ്‌മിനിസ്‌ട്രേഷൻ തുടക്കമിട്ടു.  ഗ്രാമ വികസനവകുപ്പിനെയും ഡിആർഡിഎയും ലയിപ്പിക്കാനുള്ള ശുപാർശ കേഡർ റിവ്യൂ ചുമതലയുള്ള സെപ്ഷ്യൽ സെക്രട്ടറി ഒ പി മിശ്ര അഡ്മിനിസ്‌ട്രേറ്റർക്ക് നൽകിക്കഴിഞ്ഞു. വകുപ്പുകൾ ലയിപ്പിക്കുമ്പോൾ ചില തസ്തികകൾ ആവശ്യമില്ലാതാകുമെന്ന്‌ റിപ്പോർട്ടിൽ പറയുന്നു. ഡിആർഡിഎയിലെ പ്രൊജക്ട് ഓഫീസർമാർ അടക്കം 35  തസ്തികകൾ ഒഴിവാക്കാനാണ്‌ ശുപാർശ. മലയാളം, മഹൽ ഭാഷാ ട്രാൻസിലേറ്റർ തസ്തികയും ഒഴിവാക്കുന്നുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top