14 June Monday
എല്‍ഡിഎഫ് എംപിമാരുടെ ധര്‍ണ

ലക്ഷദ്വീപിനെ തുറന്ന ജയിലാക്കാന്‍ അനുവദിക്കില്ല: എ വിജയരാഘവന്‍

വെബ് ഡെസ്‌ക്‌Updated: Thursday Jun 10, 2021

എല്‍ഡിഎഫ് എംപിമാര്‍ കൊച്ചിയിലെ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്‍ ഓഫീസിന് മുമ്പില്‍ നടത്തിയ ധര്‍ണ എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ ഉദ്ഘാടനം ചെയ്യുന്നു


കൊച്ചി
ആർഎസ്‌എസ്‌ അജൻഡ നടപ്പാക്കി ലക്ഷദ്വീപിനെ തുറന്ന ജയിലാക്കിമാറ്റാനുള്ള കേന്ദ്രസർക്കാർ നീക്കം അനുവദിക്കില്ലെന്ന്‌ എൽഡിഎഫ്‌ കൺവീനർ എ വിജയരാഘവൻ പറഞ്ഞു. ദ്വീപിന്റെ തനതുസംസ്‌കാരവും വിശ്വാസങ്ങളും ഇല്ലാതാക്കാനുള്ള പരിഷ്‌കാരങ്ങൾക്കെതിരെ വെല്ലിങ്ടൺ ഐലൻഡിലെ ലക്ഷദ്വീപ്‌ അഡ്‌മിനിസ്‌ട്രേഷൻ ഓഫീസിനുമുന്നിൽ എൽഡിഎഫ്‌ എംപിമാർ നടത്തിയ ധർണ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദ്വീപിലേക്ക്‌ യാത്രാനുമതി നിഷേധിച്ചത്‌ രാജ്യത്തെ പാർലമെന്ററി സംവിധാനത്തെ അവഹേളിക്കലാണെന്നും അതിനെതിരെ ശക്തമായ തുടർപ്രക്ഷോഭങ്ങൾ ഉയരുമെന്നും ധർണയിൽ പങ്കെടുത്ത എംപിമാർ പറഞ്ഞു.

ലക്ഷദ്വീപിൽ നടപ്പാക്കുന്നത് കേന്ദ്രസർക്കാരിന്റെ നയങ്ങളാണെന്ന്‌ എ വിജയരാഘവൻ പറഞ്ഞു. ദ്വീപുജനതയുടെ ജനാധിപത്യാവകാശങ്ങൾക്കും തനതുസംസ്‌കാരത്തിനും വിശ്വാസങ്ങൾക്കും നേരെയുള്ള കടന്നുകയറ്റമാണത്‌.

കേന്ദ്രഭരണപ്രദേശങ്ങളിൽ ഏറ്റവും വലിയ തൊഴിൽദാതാവാകേണ്ടത്‌ കേന്ദ്രസർക്കാരാണ്‌. എന്നാൽ, ഉള്ള തൊഴിൽപോലും ഇല്ലാതാക്കുകയാണ്‌. കേരളവുമായുള്ള ബന്ധം വിച്ഛേദിച്ച്‌ അവരെ ഒറ്റപ്പെടുത്താൻ ശ്രമിക്കുന്നു. കാവിവൽക്കരണവും കോർപറേറ്റുവൽക്കരണവുമാണ്‌ ലക്ഷ്യം. ദൈനംദിനജീവിതം തകർക്കുന്ന പരിഷ്‌കാരങ്ങളിലൂടെ ലക്ഷദ്വീപിനെ തുറന്ന ജയിലാക്കിമാറ്റാൻ അനുവദിക്കില്ല. അവരുടെ ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കണമെന്നും വിജയരാഘവൻ പറഞ്ഞു. എംപിമാരായ എളമരം കരീം, ബിനോയ്‌ വിശ്വം, എ എം ആരിഫ്‌, എം വി ശ്രേയാംസ്‌ കുമാർ, വി ശിവദാസൻ, ജോൺ ബ്രിട്ടാസ്‌, കെ സോമപ്രസാദ്‌, തോമസ്‌ ചാഴികാടൻ എന്നിവർ പ്ലക്കാർഡുമേന്തി ധർണയിൽ പങ്കെടുത്തു.

ലക്ഷദ്വീപിലേക്ക്‌ പോകാൻ രണ്ടുവട്ടം യാത്രാനുമതി തേടിയിട്ടും അനുവദിക്കാത്തത്‌ ഇന്ത്യൻ പാർലമെന്ററി വ്യവസ്ഥയോടും ജനാധിപത്യത്തോടുമുള്ള അവഹേളനമാണെന്ന്‌ എളമരം കരീം പറഞ്ഞു. എംപിമാർക്ക്‌ പ്രത്യേകാനുമതിയുടെ ആവശ്യമില്ല. അറിയിപ്പ്‌ നൽകിയാൽമാത്രം മതി. എന്നിട്ടും കോവിഡ്‌ വ്യാപനത്തിന്റെ പേരിൽ അനുമതി നിഷേധിച്ചു. രണ്ടാംവട്ടം മറുപടിപോലും തന്നിട്ടില്ല. കേന്ദ്രസർക്കാർ നടപ്പാക്കുന്ന പരിഷ്‌കാരങ്ങൾ നേരിട്ട്‌ അറിയാനാണ്‌ എംപിമാർ പോകുന്നത്‌. അതിന്‌ അവസരമൊരുക്കുംവരെ പ്രക്ഷോഭം തുടരുമെന്നും എളമരം കരീം പറഞ്ഞു.

യോഗത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ അധ്യക്ഷനായി. സിപിഐ കേന്ദ്ര എക്‌സിക്യൂട്ടീവ്‌ അംഗം പന്ന്യൻ രവീന്ദ്രൻ സംസാരിച്ചു. ജില്ലാ സെക്രട്ടറി പി രാജു സ്വാഗതവും സിപിഐ എം കൊച്ചി ഏരിയ സെക്രട്ടറി കെ എം റിയാദ്‌ നന്ദിയും പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top