25 March Monday

തൊഴില്‍ രംഗത്ത് പ്രകടമായ മാറ്റങ്ങളും പുരോഗതിയും ദൃശ്യമാണ്‌; കേരളത്തിന്റെ സമഗ്ര വികസനത്തില്‍ തൊഴില്‍മേഖലയുടെ പങ്ക് ഊട്ടിയുറപ്പിക്കുക ലക്ഷ്യം: ടിപി രാമകൃഷ്ണന്‍

വെബ് ഡെസ്‌ക്‌Updated: Wednesday May 16, 2018

തിരുവനന്തപുരം > കേരളം തൊഴില്‍-സൗഹൃദ നിക്ഷേപക- സൗഹൃദ സംസ്ഥാനമായി മാറുകയാണെന്നും തൊഴിലും തൊഴിലവകാശങ്ങളും സംരക്ഷിച്ചും സാമൂഹികസുരക്ഷ ഉറപ്പുവരുത്തിയുമാണ്  എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും മന്ത്രി ടിപി രാമകൃഷ്ണന്‍ വ്യക്തമാക്കി. രണ്ടുവര്‍ഷം മുമ്പ് എല്‍ഡിഎഫ് ഗവണ്‍മെന്റ് അധികാരമേല്‍ക്കുമ്പോഴുണ്ടായിരുന്ന സാഹചര്യമല്ല ഇന്ന് തൊഴില്‍മേഖലയിലുള്ളത്. മറ്റെല്ലാ മേഖലകളിലുമെന്നപോലെ തൊഴില്‍രംഗത്തും പ്രകടമായ മാറ്റങ്ങളും പുരോഗതിയും ദൃശ്യമാണ്. മെച്ചപ്പെട്ട തൊഴിലാളിതൊഴിലുടമാ ബന്ധം ഊട്ടിയുറപ്പിക്കുന്നതിന് സര്‍ക്കാര്‍ മുന്‍ഗണന നല്‍കിയെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു.

 സാമൂഹ്യസാമ്പത്തിക വളര്‍ച്ചയുടെയും സമഗ്രവികസനത്തിന്റെയും സുപ്രധാനമായ ഘടകങ്ങളില്‍ ഒന്ന് സമാധാനപരവും സംതൃപ്തവും സദാ പ്രവര്‍ത്തനനിരതവുമായ തൊഴില്‍മേഖലയാണ്. തൊഴിലാളികളുടെയും തൊഴിലുടമകളുടെയും യോജിച്ച പ്രവര്‍ത്തനത്തിലൂടെയും തൊഴില്‍സൗഹൃദാന്തരീക്ഷം ശക്തിപ്പെടുത്തിയും കേരളത്തിന്റെ സമഗ്രവും സ്ഥായിയുമായ വികസനത്തില്‍ തൊഴില്‍മേഖലയുടെ പങ്ക് ഊട്ടിയുറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ തൊഴില്‍നയത്തിന് എല്‍ഡിഎഫ് സര്‍ക്കാര്‍ രൂപം നല്‍കിയത്.

 തൊഴിലാളി വര്‍ഗ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനും സംസ്ഥാനത്തിന്റെ സമഗ്രവികസനം സാധ്യമാക്കുന്നതിനും തൊഴില്‍നയം ഊന്നല്‍ നല്‍കുന്നു. തൊഴില്‍മേഖലയിലെ എല്ലാ അനാരോഗ്യപ്രവണതകളും അവസാനിപ്പിക്കും. ചെയ്യാത്ത ജോലിക്ക് കൂലി വാങ്ങുന്നതും അമിതകൂലി ആവശ്യപ്പെടുന്നതും അവസാനിപ്പിക്കുമെന്ന് കരട് തൊഴില്‍ നയത്തില്‍ വ്യക്തമാക്കിയിരുന്നു. സാര്‍വദേശീയ തൊഴിലാളിദിനമായ മെയ് ഒന്നുമുതല്‍ ഇത് സംസ്ഥാനത്ത് നടപ്പായിക്കഴിഞ്ഞു. ഇതുസംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ എല്ലാ ട്രേഡ് യൂണിയനുകളും സര്‍ക്കാര്‍ തീരുമാനത്തെ  പിന്തുണച്ചതായും മന്ത്രി പറഞ്ഞു

തൊഴില്‍മേഖലയില്‍ പുതിയ സംസ്‌കാരം രൂപപ്പെട്ടതിന്റെ വ്യക്തമായ തെളിവാണിത്. സ്വയം തൊഴില്‍ ചെയ്യുന്നവരും അതിഥി തൊഴിലാളികളും ഉള്‍പ്പെടെ എല്ലാ വിഭാഗം തൊഴിലാളികളുടെയും സാമൂഹികസാമ്പത്തിക സുരക്ഷ ഉറപ്പുവരുത്തുന്നതാണ് പുതിയ തൊഴില്‍നയം. തൊഴിലാളികള്‍ക്ക് സേവനകാലയളവിലും തുടര്‍ന്നും ന്യായമായ വേതനവും ആരോഗ്യസുരക്ഷയും ലഭ്യമാക്കും.

തൊഴിലാളികളുടെ നിയമപരമായ എല്ലാ അവകാശങ്ങളും സംരക്ഷിക്കും. സമസ്ത മേഖലകളിലും മാന്യമായ വേതനം ലഭിക്കുന്നതിന് ഇടപെടല്‍ നടത്തും. മിനിമം വേതനനിയമത്തിന്റെ പട്ടികയിലുള്‍പ്പെടുന്ന എല്ലാതൊഴിലാളികള്‍ക്കും മിനിമം വേതനം ഉറപ്പുവരുത്തും.

വിവിധ മേഖലകളിലെ തൊഴില്‍സാഹചര്യവും വേതനവ്യവസ്ഥയും പരിശോധിച്ച് ഏറ്റവും കുറഞ്ഞ വേതനം 600 രൂപയായി നിശ്ചയിക്കുന്നതിന് നടപടി സ്വീകരിക്കും. തൊഴില്‍വൈദഗ്ധ്യം വര്‍ധിപ്പിക്കും. നൈപുണ്യവികസനപദ്ധതികള്‍ വ്യാപിപ്പിക്കും. ഉല്‍പ്പാദനക്ഷമതയും പ്രഫഷണലിസവും പ്രോത്സാഹിപ്പിക്കുന്നതിന് വിവിധ തൊഴില്‍മേഖലകളില്‍ മികവ് പുലര്‍ത്തുന്നവര്‍ക്കായി തൊഴിലാളി ശ്രേഷ്ഠ അവാര്‍ഡ് ഏര്‍പ്പെടുത്തും.

ലിംഗസമത്വം ഉറപ്പാക്കി സ്ത്രീതൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുകയും സ്ത്രീസൗഹൃദ തൊഴിലന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യും. തൊഴില്‍നിയമങ്ങള്‍ അനുസരിച്ച് സ്ത്രീതൊഴിലാളികള്‍ക്ക് ലഭിക്കേണ്ട  ആനുകൂല്യങ്ങള്‍ ഉറപ്പുവരുത്താന്‍ ഇടപെടും. പ്രസവാനുകൂല്യങ്ങളും തൊഴിലിടങ്ങളില്‍ കുഞ്ഞുങ്ങള്‍ക്ക് മുലയൂട്ടാനുള്ള സൗകര്യവും ഉറപ്പാക്കും. സ്ത്രീതൊഴിലാളികള്‍ ജോലിചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് ക്രഷ് സെസ് ഏര്‍പ്പെടുത്തും. സാമൂഹികനീതിവകുപ്പുമായി സഹകരിച്ച് ക്രഷുകള്‍ സ്ഥാപിക്കും.

തൊഴിലാളികള്‍ക്ക് തൊഴിലിടങ്ങളില്‍ ഇരിപ്പിടസൗകര്യം നിര്‍ബന്ധമാക്കും.ബാലവേല നിര്‍മ്മാര്‍ജ്ജനത്തിനും പുനരധിവാസത്തിനും നടപടി. സംസ്ഥാനത്തെ ബാലവേല വിമുക്തസംസ്ഥാനമാക്കി മാറ്റും. തൊഴില്‍ തര്‍ക്കങ്ങളുണ്ടായാല്‍ സമയബന്ധിതമായി പരിഹരിക്കും.

മിന്നല്‍പണിമുടക്ക് പോലുള്ള സമരരൂപങ്ങള്‍ നിരുത്സാഹപ്പെടുത്തും.തൊഴിലാളികളുടെ വേതനം ആധാറുമായി ബന്ധിപ്പിച്ച് വ്യക്തിഗത ബാങ്ക് അക്കൗണ്ടിലൂടെ വിതരണം ചെയ്യുന്ന വേതനസുരക്ഷാപദ്ധതി സംസ്ഥാനവ്യാപകമായി നടപ്പാക്കും. ഈസ് ഓഫ് ഡൂയിംഗ് ബിസിനസിന് സഹായകമായി തൊഴില്‍വകുപ്പുമായി ബന്ധപ്പെട്ട രജിസ്‌ട്രേഷന്‍, ലൈസന്‍സ് നടപടിക്രമങ്ങള്‍ ലഘൂകരിക്കും.

ഗാര്‍ഹിക തൊഴിലാളികള്‍ക്കായി പ്രത്യേക ലേബര്‍ ബാങ്ക് രൂപീകരിക്കും. കാര്‍ഷികം, ഐടി, മത്സ്യസംസ്‌കരണം, നിര്‍മ്മാണം, കച്ചവടം തുടങ്ങി കൂടുതല്‍ മേഖലകളില്‍ വ്യവസായ ബന്ധസമിതി രൂപീകരിക്കും. കൂട്ടായ വിലപേശല്‍ ശക്തിപ്പെടുത്തുന്നതിനും സുതാര്യമാക്കുന്നതിനും 2010ലെ റെക്കഗ്‌നിഷന്‍ ഓഫ് ട്രേഡ് യൂണിയന്‍ നിയമം എല്ലാ മേഖലയിലും നടപ്പാക്കും. ചുമട്ടുതൊഴിലാളി ക്ഷേമപദ്ധതി കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കും. ചുമട്ടുതൊഴിലാളി രജിസ്‌ട്രേഷന്‍ ആധാര്‍ അധിഷ്ഠിതമാക്കും.

തൊഴില്‍വകുപ്പ് ഓഫീസുകള്‍ കൂടുതല്‍ തൊഴിലാളി സൗഹൃദമാക്കും.ട്രേഡ്‌യൂണിയന്‍ നിയമപ്രകാരമുള്ള എല്ലാ സേവനങ്ങളും   ഓണ്‍ലൈന്‍ മുഖേനയാക്കും. അപേക്ഷ സമര്‍പ്പിച്ച് 30 ദിവസത്തിനുള്ളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി രജിസ്‌ട്രേഷന്‍ നല്‍കും. 

തൊഴില്‍നിയമങ്ങളിലും ചട്ടങ്ങളിലും ആവശ്യമായ ഭേദഗതികള്‍ കൊണ്ടുവരും. അണ്‍എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക അനധ്യാപക ജീവനക്കാര്‍ക്കായി വിദ്യാഭ്യാസ വകുപ്പുമായി കൂടിയാലോചിച്ച് സേവനവേതന ക്രമീകരണ നിയമം കൊണ്ടുവരും.

സമാനസ്വഭാവമുള്ള ക്ഷേമനിധിബോര്‍ഡുകള്‍ അംഗത്വം, സാമ്പത്തികസ്ഥിതി എന്നിവയുടെ അടിസ്ഥാനത്തില്‍ സംയോജിപ്പിക്കും. ക്ഷേമപദ്ധതികള്‍ പരിഷ്‌കരിക്കും. തൊഴില്‍മേഖല മാറുന്നതിനനുസരിച്ച് അംഗത്വം മാറാന്‍ സംവിധാനം ഏര്‍പ്പെടുത്തും.  അതിഥി(ഇതരസംസ്ഥാന)തൊഴിലാളികള്‍ക്കായി ആവിഷ്‌കരിച്ച ആവാസ്, അപ്‌നാഘര്‍ ഉള്‍പ്പെടെയുള്ള ക്ഷേമപദ്ധതികള്‍ ഊര്‍ജ്ജിതമായി നടപ്പാക്കും.

തോട്ടം മേഖലയിലെ ശോചനീയാവസ്ഥ പരിഹരിച്ച് പുത്തനുണര്‍വ് സൃഷ്ടിക്കാന്‍ പുനരുദ്ധാരണ പാക്കേജ് നടപ്പാക്കും. തോട്ടം തൊഴിലാളികള്‍ക്ക് സമഗ്ര ആരോഗ്യ ഇന്‍ഷൂറന്‍സ് പരിരക്ഷ ഉറപ്പുവരുത്തും. ഭവനരഹിതരായ പ്ലാന്റേഷന്‍ തൊഴിലാളികള്‍ക്ക് 'സ്വന്തം വീട്'പദ്ധതി നടപ്പാക്കും.

പരമ്പരാഗത മേഖലയില്‍ തൊഴില്‍ദിനങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് ഇതരവകുപ്പുകളുടെ സഹകരണത്തോടെ പദ്ധതികള്‍ ആവിഷ്‌കരിക്കും. പരമ്പരാഗത വ്യവസായങ്ങളുടെ നിലനില്‍പ്പിനും പീഢിതവ്യവസായങ്ങളുടെ പുനരുദ്ധാരണത്തിനും വ്യവസായവകുപ്പുമായി ചേര്‍ന്ന് കര്‍മ്മപദ്ധതി നടപ്പാക്കും.

തൊഴില്‍നൈപുണ്യം നേടുന്നവര്‍ക്ക് വിദേശരാജ്യങ്ങളില്‍ തൊഴില്‍കണ്ടെത്തുന്നതിന് ഒഡെപെക് വഴി ഏകജാലകസംവിധാനം രൂപപ്പെടുത്തും. വിദേശ തൊഴില്‍റിക്രൂട്ട്‌മെന്റ് സാധ്യത വര്‍ധിപ്പിക്കും. കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്റ് എംപ്ലോയ്‌മെന്റിനെ(കിലെ)ദേശീയനിലവാരമുള്ള പഠനപരിശീലന ഗവേഷണസ്ഥാപനമായി ഉയര്‍ത്തും. റോഡപകടങ്ങള്‍, പ്രകൃതിദുരന്തം തുടങ്ങിയ സാഹചര്യങ്ങള്‍ നേരിടുന്നതിനും അപകടങ്ങളില്‍ പെടുന്നവര്‍ക്ക് പ്രഥമശുശ്രൂഷ നല്‍കുന്നതിനും തൊഴിലാളികള്‍ക്ക് ശാസ്ത്രീയപരിശീലനം നല്‍കും.

 സര്‍ക്കാര്‍ അര്‍ധസര്‍ക്കാര്‍, സര്‍ക്കാര്‍ നിയന്ത്രിത സ്ഥാപനങ്ങളില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍ മുഖേന നടത്തേണ്ട നിയമനങ്ങള്‍ ഉറപ്പുവരുത്താന്‍ നിയമനിര്‍മ്മാണം നടത്തും. എല്ലാ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിലും എംപ്ലോയബിലിറ്റി സെന്റര്‍ സ്ഥാപിക്കും. ഇന്ത്യയിലും വിദേശത്തുമുള്ള വിദ്യാഭ്യാസസ്ഥാപനങ്ങള്‍, പരിശീലനകേന്ദ്രങ്ങള്‍, തൊഴില്‍സാധ്യത എന്നിവയെക്കുറിച്ച് വിവരം ലഭ്യമാക്കാന്‍ ജോബ്‌പോര്‍ടല്‍ ആരംഭിക്കും.

സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോകളോടനുബന്ധിച്ച് മോഡല്‍ കരിയര്‍ സെന്ററുകള്‍ തുടങ്ങും. ഗവണ്‍മെന്റ് കോളേജുകളിലെ പ്ലെയിസ്‌മെന്റ് സെല്ലുകളുമായി സഹകരിച്ച് എല്ലാ ജില്ലയിലും കരിയര്‍ ഡവലപ്‌മെന്റ് സെന്റര്‍ ആരംഭിക്കും. സ്വയംതൊഴില്‍ പദ്ധതികള്‍ ആരംഭിക്കുന്നതിന് സംരംഭകത്വവികസന പരിശീലന പരിപാടി നടപ്പാക്കും. സ്വകാര്യമേഖലയിലും കാര്‍ഷികരംഗം  ഉള്‍പ്പെടെ ഗ്രാമീണമേഖലയിലും തൊഴിലാളികളെ ലഭ്യമാക്കാനുതകും വിധം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളുടെ പ്രവര്‍ത്തനം പുന:ക്രമീകരിക്കും.

 സ്‌കില്‍ഡ് വര്‍ക്കര്‍ പോര്‍ട്ടല്‍ തയ്യാറാക്കും. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തവരില്‍ യഥാര്‍ഥ തൊഴില്‍രഹിതരുടെ എണ്ണം കണക്കാക്കാന്‍ വകുപ്പുതല സര്‍വെ നടത്തും. എല്ലാ റവന്യൂവില്ലേജുകളിലെയും തൊഴിലാളികള്‍ക്ക് പരിരക്ഷ ലഭിക്കും വിധം ഇഎസ്‌ഐ പദ്ധതി വിപുലപ്പെടുത്തും. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ കരാര്‍ തൊഴിലാളികള്‍ അടക്കം കൂടുതല്‍ മേഖലകളിലെ തൊഴിലാളികളെ പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കും.

ഇന്റര്‍നെറ്റ് അധിഷ്ഠിത സൗകര്യങ്ങളിലൂടെ ഫാക്ടറികളിലെ അപകടസാധ്യത നിരീക്ഷിക്കുന്നതിന് സംവിധാനം ഒരുക്കും. തൊഴിലാളികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിന് ഫാക്ടറി പരിശോധനാനടപടികള്‍ കര്‍ശനമാക്കും. 13ാം പദ്ധതി അവസാനത്തോടെ അഞ്ചു ലക്ഷം പേര്‍ക്ക് തൊഴില്‍നൈപുണ്യ പരിശീലനം ലഭ്യമാക്കും. ഐടിഐ ഇല്ലാത്ത ബ്ലോക്കുകളില്‍ പുതിയ ഐടിഐ തുടങ്ങാന്‍ നടപടിയെടുക്കും. കാലഹരണപെട്ട ട്രേഡുകള്‍ നിര്‍ത്തലാക്കി ആഗോളതലത്തിലെ അവസരങ്ങള്‍ കണ്ടറിഞ്ഞ് പുതിയ ട്രേഡുകള്‍ ആരംഭിക്കും. പഠനനിലവാരം പുലര്‍ത്തുന്ന ഐടിഐ വിദ്യാര്‍ഥികള്‍ക്ക് വിദേശരാജ്യങ്ങളില്‍ ഉന്നതപരിശീലനം നല്‍കാന്‍ നടപടി സ്വീകരിക്കും.

സൂക്ഷ്മ ചെറുകിട, ഇടത്തരം, പരമ്പരാഗത വ്യവസായമേഖലകളില്‍ വിദഗ്ധ അവിദഗ്ധ തൊഴിലാളികളുടെ ദൗര്‍ലഭ്യം നികത്തുന്നതിന് വ്യവസായപരിശീലന വകുപ്പ്, കേരള അക്കാദമി ഫോര്‍ സ്‌കില്‍ എക്‌സലന്‍സ്, എംപ്ലോയബിലിറ്റി സെന്ററുകള്‍ എന്നിവയുമായി ചേര്‍ന്ന് ലേബര്‍ ബാങ്ക് വികസിപ്പിക്കും. പുതിയ മേഖലകളില്‍ വ്യവസായസ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ മികവിന്റെ കേന്ദ്രങ്ങള്‍ സ്ഥാപിക്കും. ടെക്‌നോസിറ്റിയില്‍ കെയ്‌സിന്റെ കൈവശമുള്ള അഞ്ച് ഏക്കര്‍ ഭൂമി ഉപയോഗപ്പെടുത്തി ഇന്റഗ്രേറ്റഡ് സ്‌കില്‍പാര്‍ക്കും വേള്‍ഡ് സ്‌കില്‍ ലൈസിയവും സ്ഥാപിക്കും.

കിഫ്ബി സഹായത്തോടെ ഏവിയേഷന്‍ അക്കാദമി സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിച്ചു.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top