എടക്കര > കവളപ്പാറ ഉരുൾപൊട്ടലിൽ ഭവനരഹിതരായ ആദിവാസി കുടുംബങ്ങളെ വഞ്ചിച്ച് പ്രമുഖ കോൺഗ്രസ് നേതാവ് പ്രസിഡന്റായ സൊസൈറ്റി. ഇവർക്കുള്ള വീട് നിർമാണം സ്വയം ഏറ്റെടുത്ത് തുക കൈപ്പറ്റിയശേഷം പ്രവൃത്തി വൈകിപ്പിച്ചതായാണ് പരാതി. പട്ടികവർഗക്കാർക്കുള്ള ഭവനങ്ങളിൽ അഞ്ചെണ്ണം തറയിൽ ഒതുങ്ങി.
കവളപ്പാറ പുനരധിവാസ പാക്കേജിൽ _ആദിവാസി വിഭാഗത്തിലെ 32 കുടുംബത്തിന് ഭൂമിക്കും വീടിനുമായി 12 ലക്ഷംവീതം സർക്കാർ അനുവദിച്ചു. വീടും സ്ഥലവും പൂർണമായി നഷ്ടപ്പെട്ട 11 കുടുംബം, _ദുരന്തമേഖലയിലെ തുരുത്തിൽ വീടുണ്ടായിരുന്ന ആറ് കുടുംബം, മലയിടിച്ചിൽ ഭീഷണി കാരണം മാറ്റിപ്പാർപ്പിക്കുന്ന 15 വീട്ടുകാർ എന്നിവർ ഇതിലുൾപ്പെടും. പതിനൊന്ന് വീടുകൾ പൂർത്തീകരിച്ചു. ബാക്കിയുള്ളവ ഇപ്പോഴും പണിതീർന്നിട്ടില്ല.
ഭവനനിർമാണത്തിന്റെ പേരിൽ ഭീമമായ തുക കോൺഗ്രസ് നേതാവ് പ്രസിഡന്റായ ബാങ്കിൽ നിക്ഷേപിച്ചുവെന്നും ആക്ഷേപമുണ്ട്. വൻതുക പലിശയിനത്തിൽ കൈപ്പറ്റുകയെന്ന ലക്ഷ്യമാണ് വീട് പ്രവൃത്തി പൂർത്തിയാക്കാത്തതിന് കാരണമെന്നും ആദിവാസികൾ പറയുന്നു. പ്രളയ പുനരധിവാസ ഭാഗമായി ഓരോ കുടുംബത്തിനും സംസ്ഥാന സർക്കാർ പത്തുലക്ഷം രൂപവീതം നൽകിയിട്ടുണ്ട്. ഓരോ കുടുംബത്തിനും ആദിവാസി പുനരധിവാസ വികസന മിഷൻ ഫണ്ടിൽനിന്ന് രണ്ട് ലക്ഷംവീതവും കൊടുത്തു. 32 വീടുകളും പണിതീർത്ത് ഗുണഭോക്താക്കൾക്ക് ഉടൻ കൈമാറണമെന്ന് കലക്ടർ കർശന നിർദേശം നൽകിയിട്ട് ഒരുവർഷമായി.
പോത്ത്കല്ല് പഞ്ചായത്തിലെ ഉപ്പട ടൗണിനോട് ചേർന്ന ഗ്രാമം റോഡിലാണ് സർക്കാർ ഫണ്ടുപയോഗിച്ച് മൂന്ന് ഏക്കർ 57 സെന്റിൽ 32 വീടുകളുടെ പ്രവൃത്തി. ഓരോ കുടുംബത്തിനും ഭൂമി വാങ്ങാൻ ആറ് ലക്ഷവും വീട് പണിയാൻ ആറ് ലക്ഷവുമാണ് സർക്കാർ അനുവദിച്ചത്. ഓരോ കുടുംബവും സർക്കാർ നൽകിയ ആറ് ലക്ഷം ഉപയോഗിച്ച് സൗകര്യപ്രദമായ ഭൂമി വാങ്ങാനാണ് തീരുമാനിച്ചത്. കോൺഗ്രസ് നേതാവ് ഇടനിലക്കാരനായി വിലകുറഞ്ഞ സ്ഥലം വാങ്ങി കമീഷൻ പറ്റിയതായും പരാതിയുണ്ട്. സൊസൈറ്റിക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്. ഇനിയും വീട് നിർമിക്കാത്ത കുടുംബങ്ങളുടെ പണം സൊസൈറ്റിയിൽനിന്ന് തിരിച്ചുപിടിക്കണമെന്ന ആവശ്യവും ശക്തം. പുനരധിവാസം വൈകിപ്പിച്ചതിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകാനൊരുങ്ങുകയാണ് നാട്ടുകാർ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..