24 September Friday

കുതിരാൻ തുരങ്കം തുറക്കാൻ ഉടൻ അനുമതി നൽകും; ദേശീയപാത അതോറിറ്റി

വെബ് ഡെസ്‌ക്‌Updated: Friday Jul 30, 2021

വടക്കഞ്ചേരി > കുതിരാൻ തുരങ്കം തുറക്കാൻ ഉടൻ അനുമതി നൽകുമെന്ന്‌ ദേശീയപാത അതോറിറ്റി അധികൃതർ അറിയിച്ചു. ഇരട്ടക്കുഴൽ തുരങ്കത്തിന്റെ ഇടതുതുരങ്കം ഗതാഗതത്തിന് സജ്ജമായി.  തൃശൂർ ഭാഗത്തേക്കുള്ള ഇടതുതുരങ്കമാണ് തുറന്നു കൊടുക്കുക.

ആഗസ്‌ത്‌ ഒന്നിനുമുമ്പ് പണി പൂർത്തിയാക്കണമെന്ന നിർദേശത്തെ തുടർന്ന് ബുധനാഴ്ച പ്രധാന പണി പൂർത്തിയാക്കിയതായി കരാർകമ്പനി അധികൃതർ അറിയിച്ചു. നിർമാണം പൂർത്തിയാക്കിയ തുരങ്കം ഗതാഗതത്തിന് തുറന്നു കൊടുക്കാൻ ദേശീയപാത അതോരിറ്റിയുടെ അന്തിമ അനുമതി വേണം. വ്യാഴം, വെള്ളി ദിവസങ്ങളിൽ ദേശീയപാത അതോറിറ്റി അധികൃതർ അന്തിമ പരിശോധന നടത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും പരിശോധന നടന്നില്ല. ശനിയാഴ്ച പരിശോധന നടത്തിയ ശേഷം അനുമതി കൊടുത്താൽ ഞായറാഴ്ച മുതൽ ഗതാഗതത്തിന് തുറന്നു കൊടുക്കാനാകും.

ദേശീയപാത അതോറിറ്റി പാലക്കാട് ഓഫീസിലെ പ്രോജക്ട് ഡയറക്ടറാണ് അന്തിമ അനുമതി നൽകേണ്ടത്. ഉദ്ഘാടനതീയതി പിന്നീട് തീരുമാനിക്കുമെന്ന് ദേശീയപാത അതോറിറ്റി അധികൃതർ അറിയിച്ചു. ഏത്ദിവസം മുതലാണ് ഗതാഗതം ആരംഭിക്കുകയെന്ന് വ്യക്തമല്ല. കുതിരാൻതുരങ്കത്തിന്റെ സുരക്ഷ സംബന്ധിച്ച്‌ ദേശീയപാത അതോറിറ്റിക്കു കീഴിലെ ഐസിടി, ഹാക്‌സ്‌ എന്നീ സ്വതന്ത്ര ഏജൻസികൾ പരിശോധിച്ചു.

കഴിഞ്ഞ ദിവസം ഐഐടി സംഘം നടത്തിയ പരിശോധനയും തൃപ്തികരമാണെന്നാണ് വിവരം. സംസ്ഥാന സർക്കാരിന്റെ നിർദേശത്തെ തുടർന്ന് തീരുമാനിച്ച ദിവസംമുമ്പേ നിർമാണപ്രവൃത്തി പൂർത്തിയാക്കിയിട്ടുണ്ടെങ്കിലും ദേശീയപാത അതോറിറ്റി അധികൃതരുടെ അന്തിമ അനുമതിക്ക്ശേഷമേ ഗതാഗതം ആരംഭിക്കാനാകു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top