23 September Wednesday

കുതിരാൻ കടന്നാല്‍, കുഴിയിൽ ചാടും; ദേശീയപാതയിൽ യാത്രാദുരിതം തുടരുന്നു

വെബ് ഡെസ്‌ക്‌Updated: Monday Aug 10, 2020
വടക്കഞ്ചേരി > വടക്കഞ്ചേരി - മണ്ണുത്തി ദേശീയപാതയിൽ യാത്രാദുരിതം തുടരുന്നു. മഴ ആരംഭിച്ചതോടെ റോഡിൽ രൂപംകൊണ്ട വൻ കുഴികളാണ് പ്രധാന പ്രശ്നം. ഇരുമ്പുപാലം, വില്ലൻവളവ് തുടങ്ങിയ സ്ഥലങ്ങളിലാണ് വൻ കുഴികൾ. കഴിഞ്ഞവർഷം ടാർ ചെയ്‌ത കുതിരാനിലും സ്ഥിതി വ്യത്യസ്തമല്ല. വടക്കഞ്ചേരി റോയൽ ജങ്‌ഷൻമുതൽ ഡയാന ഹോട്ടൽവരെയുള്ള ഒരു കിലോമീറ്റർ ദൂരം സർവീസ് റോഡിലും ഇരുവശത്തും വലിയ കുഴികളുണ്ട്‌. രണ്ടടിവരെ താഴ്ചയുള്ള കുഴികളിൽ വെള്ളം നിറഞ്ഞതോടെ വാഹനങ്ങൾക്ക് സഞ്ചരിക്കാൻ കഴിയാതെയായി.
 
കുഴികളിൽപ്പെട്ട് വാഹനങ്ങൾ കേടാകുന്നതും അപകടങ്ങളും പതിവാണ്. വടക്കഞ്ചേരി ടൗൺ ഹോട്ട്സ്പോട്ടാക്കിയതിനാൽ ഭൂരിഭാഗം വാഹനങ്ങളും ഇപ്പോൾ ദേശീയപാതയിലൂടെയാണ് വരുന്നത്. ദേശീയപാതയുടെ പണി നിലച്ച സാഹചര്യത്തിൽ ഓട്ടയടയ്‌ക്കൽ പേരിനുമാത്രമാണ് നടക്കുന്നത്. മെറ്റലും മറ്റും ഇട്ട് താൽക്കാലികമായി ഓട്ടയടയ്‌ക്കലിന് മണിക്കൂറുകളുടെ ആയുസ്സേ ഉണ്ടാകാറുള്ളൂ. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കുതിരാൻ മലനിരകളിൽ മണ്ണിടിയാനും മരങ്ങൾ വീഴാനും സാധ്യതയുണ്ട്. ഏത് നിമിഷവും വീഴാറായ പാറക്കല്ലുകളും ഭയം വർധിപ്പിക്കുന്നു. കനത്ത മഴ തുടർന്നാൽ ദേശീയപാതയിലൂടെ യാത്ര ദുഷ്‌കരമാകും.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top