06 October Sunday

കുണ്ടറയിൽ വീട്ടമ്മ മരിച്ചനിലയിൽ; മകൻ ഒളിവിൽ

വെബ് ഡെസ്‌ക്‌Updated: Sunday Aug 18, 2024

പുഷ്പലത, അഖിൽകുമാർ

കുണ്ടറ> പടപ്പക്കരയിൽ വീട്ടമ്മയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പുഷ്പവിലാസത്തിൽ പുഷ്പലത(46)യാണ് മരിച്ചത്. ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം. പുഷ്പലതയുടെ അച്ഛൻ ആന്റണിയെ(74) ഗുരുതര പരിക്കുകളോടെ അയൽവാസികൾ കണ്ടെത്തി. പുഷ്പലതയുടെ മകൻ അഖിൽകുമാർ (24) ഒളിവിലാണ്.

വീട്ടിൽ പുഷ്പലതയും അച്ഛൻ ആന്റണിയുമാണ് താമസിച്ചിരുന്നത്. പഞ്ചാബിൽ എംസിഎയ്ക്ക് പഠിക്കുന്ന മകൾ അഖില ശനിയാഴ്ച രാവിലെ പലതവണ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ലഭിച്ചില്ല. തുടർന്ന് സമീപത്ത് താമസിക്കുന്ന ബന്ധുവിനോട് അന്വേഷിക്കാൻ ആവശ്യപ്പെട്ടു. ഇവർ വീട്ടിലെത്തിയപ്പോഴാണ് മുറിയിൽ മരിച്ചുകിടക്കുന്ന പുഷ്പലതയെയും തലയ്ക്ക് ഗുരുതര പരിക്കേറ്റ് അബോധാവസ്ഥയിലായ ആന്റണിയെയും കണ്ടത്.

ലഹരിക്ക് അടിമയായ അഖിൽ വീട്ടിൽ അതിക്രമം കാട്ടുക പതിവായിരുന്നുവെന്ന്‌ അയൽവാസികൾ പറഞ്ഞു. ലഹരിമോചന കേന്ദ്രത്തിൽ ചികിത്സിച്ചിരുന്നു. എന്നാൽ, രക്ഷപ്പെട്ടെത്തിയ ഇയാൾ പുഷ്പലതയെ ക്രൂരമായി ഉപദ്രവിക്കുകയും വീട് തല്ലിത്തകർക്കുകയും ചെയ്തു. അടുത്തകാലത്ത് എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ ജോലി നേടിയ അഖിൽ അവിടെ താമസിച്ചുവരികയായിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ വസ്തു വിൽക്കുന്നതിന് വെള്ളിയാഴ്ച പുഷ്പലത അഖിലിനെ വിളിച്ചുവരുത്തി.

എന്നാൽ, ഇതിൽ ഭീമമായ തുക തനിക്ക് നൽകണമെന്ന് ആവശ്യപ്പെട്ട് അഖിൽ പുഷ്പലതയെ മർദിച്ചു. തുടർന്ന് ഇവർ പൊലീസ് കൺട്രോൾ റൂമിലേക്ക് വിളിക്കുകയായിരുന്നു. വീട്ടിലെത്തിയ പൊലീസ് സംഘം അഖിലിനെ അനുനയിപ്പിച്ച് മടങ്ങി. ശനിയാഴ്ച രാവിലെയും വഴക്ക് നടന്നുവെന്ന് ബന്ധുക്കൾ പറയുന്നു. വഴക്കിനിടെ പുഷ്പലതയെ തലയിണ ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയും ചെറുക്കാനെത്തിയ ആന്റണിയെ തലയ്ക്കടിച്ചതാകാമെന്നുമാണ് പൊലീസ് നിഗമനം.

ആന്റണി തിരുവനന്തപുരം മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. പുഷ്പലത കുണ്ടറ കച്ചേരിമുക്കിൽ ലോയൽറ്റി മാൻപവർ സർവീസസ് എന്ന പേരിൽ വീട്ടുജോലികൾക്കും രോഗീപരിചരണത്തിനുമായി സ്ഥാപനം നടത്തിവരികയായിരുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top