17 November Sunday

തേക്കടിയിലെ ലോഡ്‌ജിൽ അമ്മയും മകനും യുവതിയും മരിച്ച നിലയിൽ

വെബ് ഡെസ്‌ക്‌Updated: Sunday Aug 11, 2019

കുമളി > തേക്കടിയിൽ സ്വകാര്യ വ്യക്തി നടത്തുന്ന ലോഡ്ജിൽ അമ്മയും മകനും ഒന്നിച്ച് താമസിച്ചിരുന്ന യുവതിയേയും മരിച്ച നിലയിൽ കണ്ടെത്തി. ചിറയിൻകീഴ് ആഴൂർ പെരുംമൂഴി കരിക്കാട്ടു വിള വീട്ടിൽ കേശവന്റെ ഭാര്യ ശോഭന (60), ഇവരുടെ മകൻ  പ്രമോദ് പ്രകാശ്, ആറ് മാസമായി കൂടെ താമസിക്കുന്ന തമിഴ്നാട് കാഞ്ചിപുരം സപ്തഗിരി നഗറിൽ എസ് വി പാസ്ക്കറുടെ മകൾ ജീവാ (39) എന്നിവരെയാണ് ഞായറാഴ്ച പകൽ 12.30 ഓടെ മരിച്ച നിലയിൽ കണ്ടെത്തിയത്.

തേക്കടി വനംവകുപ്പ് പ്രവേശന ചെക്പോസ്റ്റിന് സമീപത്ത് പ്രവർത്തിക്കുന്ന ലോഡ്ജിലാണ് സംഭവം. ലോഡ്ജിന്റെ ഉടമ അനീഷാണ് സംഭവം ആദ്യം കണ്ടത്. കഴിഞ്ഞ മെയ് 11 മുതൽ രണ്ട് മുറികളിലായി ഇവർ ലോഡ്ജിൽ താമസിച്ചു വരികയായിരുന്നു. ശനിയാഴ്ച വൈകിട്ട് 7.30 ഓടെയാണ് ലോഡ്ജ് നടത്തിപ്പുകാർ ഇവരെ അവസാനമായി കണ്ടത്.
ലോഡ്ജിൽ താമസക്കാർ കുറവായതിനാൽ ഉടു ശനിയാഴ്ച രാത്രി പോയിരുന്നു. ഞായറാഴ്ച ഉച്ചയോടെ തിരികെ എത്തിയപ്പോൾ മുറി അകത്തു നിന്നും പൂട്ടിയ നിലയിലായിരുന്നു. വിളിച്ചിട്ടും മറുപടി ലഭിക്കാതെ വന്നതോടെ തുറന്നു കിടന്ന ജനലിനുള്ളിലൂടെ നോക്കിയപ്പോഴാണ് രണ്ട് പേര് തൂങ്ങി നിൽക്കുന്നത് കണ്ടത്. ഉടൻ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. കുമളി സിഐ കെ ബി ജയപ്രകാശ്, എസ്ഐ പ്രശാന്ത് പി നായർ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം വാതിൽ പൊളിച്ചാണ് മുറിക്കുള്ളിൽ കയറിയത്. ജീവയെ കട്ടിലിലും മറ്റു രണ്ടു പേരെ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ഉച്ചക്ക് ശേഷം കട്ടപ്പന ഡിവൈഎസ്പി കെ സി രാജ് മോഹൻ സ്ഥലത്തെത്തി വേണ്ട നിർദേശങ്ങൾ നൽകി. കോട്ടയത്ത് നിന്ന് ഫോറൻസിക് സംഘവും ഇടുക്കിയിൽ നിന്നുള്ള വിരലടയാള വിദഗ്ദരും  സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ട് മോർട്ടത്തിനായി കോട്ടയത്തേക്ക് കൊണ്ടു പോകും. ഇവർ പതിവായി സഞ്ചരിച്ചിരുന്ന രണ്ട് കാറുകളും ലോഡ്ജിനു മുമ്പിൽ നിർത്തിയിട്ടിട്ടുണ്ട്.


പ്രധാന വാർത്തകൾ
 Top