24 March Friday
മെയ്‌ 17 വരെ നീളുന്ന ആഘോഷം 
 അന്താരാഷ്ട്ര കോൺക്ലേവോടെ സമാപിക്കും

കുടുംബശ്രീ രജതജൂബിലി ആഘോഷങ്ങൾ ; നാളെ 3.09 ലക്ഷം അയൽക്കൂട്ടസംഗമം

വെബ് ഡെസ്‌ക്‌Updated: Wednesday Jan 25, 2023


തിരുവനന്തപുരം
കുടുംബശ്രീ രജതജൂബിലി ആഘോഷങ്ങൾക്ക് തുടക്കമിട്ട് വ്യാഴാഴ്‌ച സംസ്ഥാനത്ത്‌ 3.09 ലക്ഷം അയൽക്കൂട്ടത്തിൽ  സംഗമം. സ്‌ത്രീസമൂഹത്തിന്റെ സാമ്പത്തിക സാമൂഹ്യ ശാക്തീകരണവും ദാരിദ്ര്യ നിർമാർജനവും ലക്ഷ്യമിട്ട്‌  രാജ്യത്തിന്‌ മാതൃകയായി ആരംഭിച്ച കുടുംബശ്രീയുടെ രജതജൂബിലി ആഘോഷം കേരളത്തിന്റെ ഉത്സവമാകും.  മെയ്‌ 17 വരെ നീളുന്ന ആഘോഷം അന്താരാഷ്ട്ര കോൺക്ലേവോടെ സമാപിക്കുമെന്ന്‌ കുടുംബശ്രീ മിഷൻ എക്‌സിക്യൂട്ടീവ്‌ ഡയറക്ടർ ജാഫർ മാലിക്‌ വാർത്താസമ്മേളനത്തിൽ പറഞ്ഞു.   

‘ചുവട്‌ 2023’ പേരിൽ സംഘടിപ്പിക്കുന്ന അയൽക്കൂട്ട സംഗമത്തിൽ 46 ലക്ഷം കുടുംബശ്രീ അംഗങ്ങളും കുടുംബാംഗങ്ങളും ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങളും ബാലസഭാംഗങ്ങളും വയോജന അയൽക്കൂട്ടാംഗങ്ങളും പ്രത്യേക അയൽക്കൂട്ടാംഗങ്ങളും ഭാഗമാകും. മന്ത്രിമാർ, എംഎൽഎമാർ, തദ്ദേശ ജനപ്രതിനിധികൾ, കുടുംബശ്രീ മിഷൻ ജീവനക്കാരും പങ്കെടുക്കും. 

രാവിലെ എട്ടിന്‌ എല്ലാ അയൽക്കൂട്ടങ്ങളിലും ദേശീയപതാക ഉയർത്തും. തുടർന്ന്‌ അയൽക്കൂട്ട സംഗമഗാനം അവതരിപ്പിക്കും. അംഗങ്ങൾ ഒരുമിച്ച്‌ കുടുംബശ്രീ യുട്യൂബ്‌ ചാനൽവഴി തദ്ദേശമന്ത്രിയുടെയും മിഷൻ എക്‌സിക്യൂട്ടീവ്‌ ഡയറക്ടറുടെയും സന്ദേശം കേൾക്കും. അടിസ്ഥാന സൗകര്യവികസനം, മിച്ചവരുമാനദായക ഉപജീവന പ്രവർത്തനങ്ങൾ, ആരോഗ്യം, വിദ്യാഭ്യാസം, ജീവിതനിലവാരം തുടങ്ങിയ വിഷയങ്ങളിൽ ചർച്ച നടക്കും.  വാർത്താ സമ്മേളനത്തിൽ സ്‌റ്റേറ്റ്‌ പ്രോഗ്രാം മാനേജർ സി സി നിഷാദ്‌, സ്‌റ്റേറ്റ്‌ അസിസ്റ്റന്റ്‌ പ്രോഗ്രാം മാനേജർമാരായ  വിപിൻ വിൽഫ്രഡ്‌, വി എസ്‌ വിദ്യാനായർ തുടങ്ങിയവരും പങ്കെടുത്തു.

ന്യൂജെൻ ആകാൻ കുടുംബശ്രീ
വ്യാഴാഴ്‌ച സംഘടിപ്പിക്കുന്ന അയക്കൂട്ടസംഗമത്തിൽ 30 ലക്ഷം കുടുംബശ്രീ അംഗങ്ങൾ  കുടുംബശ്രീ യു ട്യൂബ്‌ ചാനൽ സബ്‌സ്‌ക്രൈബ്‌ ചെയ്യും. കുടുംബശ്രീ പ്രവർത്തനങ്ങൾ കൂടുതൽ ജനകീയമാക്കുന്നതിന്റെ ഭാഗമായാണ്‌ ഇത്‌. ഈ യു ട്യൂബ്‌ ചാനൽ വഴി കുടുംബശ്രീയുടെ കലാപരിപാടികളും മാതൃകാപദ്ധതികളും സംപ്രേഷണം ചെയ്യും. എല്ലാ അയക്കൂട്ടങ്ങളും ഫെയ്‌സ്‌ബുക്ക്‌ അക്കൗണ്ട്‌ തുറക്കും. ഓൺലൈൻ റേഡിയോയും ആരംഭിക്കും.  

അംഗങ്ങളുടെ കല–- കായിക–- സാംസ്‌കാരിക പരിപാടികൾ അയൽക്കൂട്ടതലംമുതൽ സംസ്ഥാനതലംവരെ അരങ്ങ്‌ എന്നപേരിൽ സംഘടിപ്പിക്കും. ഓക്‌സിലറി ഗ്രൂപ്പുകളിൽ വിവിധ വിഷയത്തിൽ സെമിനാറുകൾ സംഘടിപ്പിക്കും. 1000 ഓക്‌സിലറി സംരംഭങ്ങൾക്കും തുടക്കംകുറിക്കും. മാർഷ്യൽ ആർട്ട്‌ പരിശീലന ഗ്രൂപ്പുകളും ആരംഭിക്കും.   1070 സിഡിഎസും വിജയഗാഥകൾ പുസ്‌തകമായി പ്രസിദ്ധീകരിക്കും. മികച്ച പുസ്‌തകത്തിന്‌ അന്തരാഷ്ട്ര കോൺക്ലേവിൽ സമ്മാനം നൽകും. 25 വർഷ പ്രവർത്തനം ഉൾക്കൊള്ളിച്ച്‌ 25 മിനിറ്റുള്ള വീഡിയോ തയ്യാറാക്കും. സ്‌കൂളുകൾ, കോളേജുകൾ എന്നിവിടങ്ങളിൽ മത്സരങ്ങൾ, സെമിനാറുകൾ എന്നിവയും നടത്തും


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top