02 June Tuesday

‘മുഖ്യമന്ത്രിയുടെ സഹായഹസ്‌തം’ യാഥാർഥ്യമായി ; കുടുംബശ്രീ വഴി 2000 കോടിയുടെ അധിക വായ്‌പ

വെബ് ഡെസ്‌ക്‌Updated: Saturday Apr 4, 2020


സ്വന്തം ലേഖകൻ
അടച്ചുപൂട്ടൽ കാലത്തെ ദുരിതാശ്വാസമായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച പാക്കേജിന്റെ ഭാഗമായ കുടുംബശ്രീവഴി 2000 കോടി രൂപ അധിക വായ്‌പാ പദ്ധതി യാഥാർഥ്യമായി.  കുടുംബാംഗത്തിന്‌ പരമാവധി 20,000 രൂപവരെ വായ്‌പ നൽകുന്ന പദ്ധതി മുഖ്യമന്ത്രിയുടെ സഹായഹസ്തം വായ്‌പാ പദ്ധതി എന്നറിയപ്പെടുമെന്ന്‌ ധനമന്ത്രി ടി എം തോമസ്‌ ഐസക്‌ അറിയിച്ചു.

ഡിസംബർ‍ 31നുമുമ്പ് രൂപീകരിച്ച കുടുംബശ്രീ അയൽക്കൂട്ടങ്ങളിലെ അംഗങ്ങൾ‍ക്ക്‌ നിലവിലെ ബാങ്കിൽനിന്നാണ്‌ വായ്പ ലഭ്യമാക്കുക. വായ്പ എടുത്തിട്ടില്ലാത്ത അയൽക്കൂട്ടങ്ങൾക്ക്‌ സമ്പാദ്യ അക്കൗണ്ടുള്ള ബാങ്കിൽനിന്ന്‌ വായ്‌പ ലഭിക്കും. ആറു മാസം മൊറട്ടോറിയം ഉൾപ്പെടെ 36 മാസമാകും വായ്‌പാ കാലാവധി. ഒമ്പതു ശതമാനം പലിശ. പലിശത്തുക മൂന്ന്‌ വാർഷിക ഗഡുക്കളായി അയൽക്കൂട്ടങ്ങൾക്ക്‌ കുടുംബശ്രീവഴി സർക്കാർ മടക്കിനൽകും. 

അയൽക്കൂട്ടാംഗങ്ങളുടെ അർ‍ഹതാ മാനദണ്ഡങ്ങൾ നിശ്ചയിക്കാനും അതനുസരിച്ച് അവരിൽ‍നിന്ന് അപേക്ഷ സ്വീകരിച്ച് വായ്പ നൽകാനും സംസ്ഥാനതല ബാങ്കേഴ്സ് സമിതിയുമായും സഹകരണ രജിസ്ട്രാറുമായും കരാറിൽ‍ ഒപ്പുവയ്ക്കാനും കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടറെ ചുമതലപ്പെടുത്തും. അയൽക്കൂട്ടാംഗങ്ങളുടെ എണ്ണവും മറ്റു സാഹചര്യങ്ങളും പരിഗണിച്ച് ഓരോ ജില്ലയ്‌ക്കും അനുവദിക്കേണ്ട വായ്പാപരിധി എക്സിക്യൂട്ടീവ് ഡയറക്ടർ‍ നിശ്ചയിക്കും.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top