23 March Thursday

എ പി ജെ അബ്‌ദുൾകലാം സാങ്കേതിക സർവകലാശാല വിസി നിയമനം റദ്ദാക്കി സുപ്രീംകോടതി

വെബ് ഡെസ്‌ക്‌Updated: Friday Oct 21, 2022


ന്യൂഡൽഹി
തിരുവനന്തപുരം എ പി ജെ അബ്‌ദുൾകലാം സർവകലാശാല വൈസ്‌ചാൻസലറായി ഡോ. എം എസ്‌ രാജശ്രീയെ നിയമിച്ച ഉത്തരവ്‌ സുപ്രീംകോടതി റദ്ദാക്കി. യുജിസി ചട്ടങ്ങൾക്ക്‌ വിരുദ്ധമാണ്‌ നിയമനമെന്ന്‌ ചൂണ്ടിക്കാട്ടി പ്രൊഫ. പി എസ്‌ ശ്രീജിത്ത്‌ നൽകിയ ഹർജിയിൽ ജസ്‌റ്റിസുമാരായ എം ആർ ഷാ, സി ടി രവികുമാർ എന്നിവർ അംഗങ്ങളായ ബെഞ്ച്‌ റിട്ട്‌ ഓഫ്‌ ക്വോ വാറണ്ടോ പുറപ്പെടുവിച്ചു. ഇതോടെ, വിസിയെ നിയമിച്ച നടപടി അസാധുവായി.

വിസി നിയമനത്തിൽ 2015ലെ സർവകലാശാല നിയമം, യുജിസി ചട്ടങ്ങൾ തുടങ്ങിയവ പാലിച്ചിട്ടില്ലെന്ന്‌ സുപ്രീംകോടതി ഉത്തരവിൽ നിരീക്ഷിച്ചു. സർവകലാശാല നിയമത്തിലെ 13(4) വകുപ്പ്‌ അനുസരിച്ച്‌ വിസി നിയമനത്തിന്‌ എൻജിനിയറിങ് സയൻസസിൽ വിദഗ്‌ധരായ മൂന്ന്‌ പേരിൽ കുറയാത്ത ഒരു പാനലിനെ സെർച്ച്‌ കമ്മിറ്റി ശുപാർശ ചെയ്യണമെന്ന വ്യവസ്ഥ പാലിച്ചില്ല. രാജശ്രീയുടെ പേര്‌ മാത്രമാണ്‌ ശുപാർശ ചെയ്‌തത്‌. ഈ സാഹചര്യത്തിൽ, രാജശ്രീയെ വിസിയായി നിയമിച്ച നടപടി യുജിസി ചട്ടങ്ങൾക്കും സർവകലാശാല നിയമത്തിനും വിരുദ്ധമാണ്. മൂന്നംഗ പാനലിൽനിന്നാണ് ഒരാളെ തെരഞ്ഞെടുക്കേണ്ടതെന്ന യുജിസി ചട്ടവും പാലിക്കപ്പെട്ടില്ലെന്നും സുപ്രീംകോടതി ഉത്തരവിൽ പറഞ്ഞു.

നിർണായകമായത്‌ 
പുതിയ ഉത്തരവ്‌
കേരള ഹൈക്കോടതി സിംഗിൾബെഞ്ചും ഡിവിഷൻബെഞ്ചും പ്രൊഫ. ശ്രീജിത്തിന്റെ ഹർജി തള്ളിയിരുന്നു. നിയമനങ്ങളുടെ കാര്യത്തിൽ യുജിസി ചട്ടങ്ങൾ സംസ്ഥാനങ്ങൾ നിർബന്ധമായും പാലിക്കേണ്ടതില്ലെന്ന കല്യാണി മതിവണ്ണൻ കേസിലെ (2015) സുപ്രീംകോടതി ഉത്തരവാണ് അതിന് അടിസ്ഥാനമാക്കിയത്. എന്നാൽ, ഗുജറാത്തിലെ സർദാർ വല്ലഭായ്‌ പട്ടേൽ സർവകലാശാല വിസി നിയമനം റദ്ദാക്കി സുപ്രീംകോടതി 2022 മാർച്ചിൽ പുറപ്പെടുവിച്ച ഉത്തരവ് ഇപ്പോൾ നിർണായകമായി.

യുജിസി ചട്ടങ്ങൾക്ക്‌ വിരുദ്ധമായി വിസി നിയമനം പാടില്ലെന്നായിരുന്നു ജസ്‌റ്റിസ്‌ എം ആർ ഷായുടെതന്നെ ബെഞ്ചിന്റെ ഉത്തരവ്‌. യുജിസി ചട്ടങ്ങളുമായി ഒത്തുപോകാത്ത സംസ്ഥാനനിയമങ്ങൾ ഭേദഗതി ചെയ്യണം. സംസ്ഥാനനിയമങ്ങളും കേന്ദ്രനിയമങ്ങളുമായി വൈരുധ്യമുണ്ടെങ്കിൽ കേന്ദ്രനിയമത്തിലെ വ്യവസ്ഥ നിലനിൽക്കും–- തുടങ്ങിയ നിരീക്ഷണങ്ങളും ആ ഉത്തരവിൽ ഉണ്ടായിരുന്നു.

വിസി നിയമനം 
മാനദണ്ഡം പാലിച്ച്‌: 
മന്ത്രി ആർ ബിന്ദു
സാങ്കേതിക സർവകലാശാലയുടെ വൈസ് ചാൻസലറായി ഡോ. എം എസ്‌ രാജശ്രീയെ നിയമിച്ചത്‌ മാനദണ്ഡങ്ങൾ പാലിച്ചാണെന്ന്‌ ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. മതിയായ യോഗ്യതയും കാഴ്ചപ്പാടുമുള്ള വിസിയാണവർ. മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. മുൻ ചീഫ് ജസ്റ്റിസ് സദാശിവം ഗവർണർ ആയിരിക്കെയാണ് നിയമിച്ചതെന്നും മന്ത്രി കോഴിക്കോട്ട്‌ മാധ്യമങ്ങളോട്‌ പ്രതികരിച്ചു.

വിധിയിലില്ലാത്ത പച്ചക്കള്ളവുമായി ഹർജിക്കാരൻ
എം വി പ്രദീപ്‌

സാങ്കേതിക സർവ്വകലാശാല  വൈസ്‌ ചാൻസലറുടെ നിയമനം റദ്ദാക്കിയ കോടതി ഉത്തരവിനു പിന്നാലെ ഹർജിക്കാരൻ ഉന്നയിച്ച അവകാശവാദം അസംബന്ധം. വിസിയാകാൻ താൻ യോഗ്യനാണെന്ന്‌ കോടതി ഉത്തരവിലുണ്ട്‌ എന്നാണ്‌  പി എസ്‌ ശ്രീജിത്‌ ദൃശ്യമാധ്യമങ്ങളിലൂടെ പറഞ്ഞത്‌. എന്നാൽ, ഇങ്ങനെ ഒരു പരാമർശവും സുപ്രീംകോടതി വിധിയിൽ എവിടെയുമില്ല.

പത്തു വർഷത്തെ പ്രൊഫസർ പദവിയാണ്‌ വിസിയാകാനുള്ള അടിസ്ഥാന യോഗ്യത. കുസാറ്റ്‌ മെക്കാനിക്കൽ വിഭാഗത്തിലെ അധ്യാപകനായ ഹർജിക്കാരൻ അനുമതിയില്ലാതെ ജോലിയിൽനിന്ന്‌ മാറിനിന്നിരുന്നു. ഈ സമയം ഇയാൾ അങ്കമാലിയിലെ ഒരു സ്വാശ്രയ എൻജിനിയറിങ്‌ കോളേജ്‌ പ്രിൻസിപ്പലായി പ്രവർത്തിച്ചു. ഇക്കാലയളവ്‌ പരിഗണിക്കാതെ യുഡിഎഫ്‌ ഭരണകാലത്ത്‌ കുസാറ്റ്‌ വിസി ചട്ടംലംഘിച്ച്‌  ഇയാൾക്ക്‌ മുൻകാല പ്രാബല്യം  നൽകി നിയമിക്കുകയായിരുന്നു. കെടിയു വിസിയെ തെരഞ്ഞെടുക്കാനുള്ള  സെർച്ച്‌ കമ്മിറ്റിക്ക്‌ ഇത്‌ ബോധ്യപ്പെട്ടതുകൊണ്ടാണ്‌ പാനലിൽനിന്ന്‌ ഒഴിവാക്കിയത്‌. അപേക്ഷകരിൽ മറ്റാരും യോഗ്യരല്ലാത്തതിനാലാണ്‌ ഒരു പേരുമാത്രം ശുപാർശ ചെയ്‌തത്‌. എന്നാൽ, മൂന്നംഗ പാനൽ സമർപ്പിക്കണമെന്നായിരുന്നു വ്യവസ്ഥ. ഉമ്മൻചാണ്ടി സർക്കാർ ഏക പ്രതിനിധിയെ നൽകിയാണ്‌ നിയമനം നടത്തിയത്‌. ഇതേ നടപടി ക്രമമാണ്‌ തുടർന്നു വന്ന എൽഡിഎഫ്‌ സർക്കാരും പരിഗണിച്ചത്‌. ഈ സാങ്കേതിക പ്രശ്‌നംമാത്രമാണ്‌ നിയമനം റദ്ദാക്കുന്നതിന്‌ സുപ്രീംകോടതി പരിഗണിച്ചത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top