28 September Wednesday

കുത്തക മാധ്യമങ്ങളില്‍ നിറഞ്ഞുനിന്ന സാംസ്‌കാരിക ബൗദ്ധികബിംബങ്ങളുടെ തനിനിറമാണ് കേരളം കണ്ടുകൊണ്ടിരിക്കുന്നത്...കെ ടി കുഞ്ഞിക്കണ്ണന്‍ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Friday Aug 19, 2022

'മാര്‍ക്‌സിനെ കേരളത്തില്‍ നിന്നും നാടുകടത്താനുള്ള നവസാമൂഹ്യ പ്രസ്ഥാനങ്ങളുടെ സംഘാടകനും ഏകോപകനുമായിട്ടാണ് സിവിക് ചന്ദ്രന്‍ കേരളീയ പൊതുമണ്ഡലത്തില്‍ 1980തുകളില്‍ ഇടപെട്ടു തുടങ്ങുന്നത്.സാംസ്‌കാരിക വേദിയുടെ പിന്മടക്കത്തിന്റെ സാഹചര്യത്തെ അവസരമാക്കിയാണ് സിവിക് നവമാര്‍ക്‌സിസ്റ്റ് വിരുദ്ധകൂട്ടായ്മയുടെ ആചാര്യനായി രംഗത്ത് വരുന്നത്'- കെ ടി കുഞ്ഞിക്കണ്ണന്‍ എഴുതുന്നു
 

 ഫേസ്‌ബുക്ക് കുറിപ്പ്

ഇതൊരു ഐഡിയോളജിയുടെ ജീര്‍ണതയാണ്. അതിന്റെ അപകടകരവും പ്രതിലോമപരവുമായ അപചയത്തിന്റെ പൊട്ടിയൊലിക്കലാണ് സിവിക് ചന്ദ്രനിലൂടെ പുറത്ത് വരുന്നത്. മൂല്യത്തെകുറിച്ചും മൂല്യച്യുതിയെ കുറിച്ചുമുള്ള പുരപ്പുറം കേറി നിന്നുള്ള വേവലാതികള്‍ വിളിച്ചു പറഞ്ഞ നവസാമൂഹ്യ പ്രസ്ഥാനങ്ങളുടെ മിശിഹാകളായവരുടെ അപചയവും സ്ത്രീവിരുദ്ധതയുമാണ് നാം കാണുന്നത്.

ആസ്ഥാന ഫെമിനിസ്റ്റുകളുടെ ന്യായീകരണവും കുറ്റകരമായ മൗനവും കൂടി നാം കണ്ടു കൊണ്ടിരിക്കുകയാണ്.കുത്തക മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നിരുന്ന സാംസ്‌കാരിക ബൗദ്ധികബിംബങ്ങളുടെ തനിനിറമാണു യഥാര്‍ത്ഥത്തില്‍ കേരള സമൂഹം ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. നൈതികരാഷ്ട്രീയത്തിന്റെ തീവ്രവാചകമടികളിലൂടെ ബഹുജനപ്രസ്ഥാനങ്ങളിലും മാര്‍ക്‌സിസത്തിലും വിശ്വാസരാഹിത്യം സൃഷ്ടിക്കാന്‍ ക്വട്ടേഷന്‍ പണിയെടുത്ത എന്‍ജിഒയിസത്തിന്റെ ഭീകരമായ സാമൂഹ്യ വിരുദ്ധതയും സ്ത്രീവിരുദ്ധതയുമാണ് നാമിപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്.

മാര്‍ക്‌സിനെ കേരളത്തില്‍ നിന്നും നാടുകടത്താനുള്ള നവസാമൂഹ്യ പ്രസ്ഥാനങ്ങളുടെ സംഘാടകനും ഏകോപകനുമായിട്ടാണ് സിവിക് ചന്ദ്രന്‍ കേരളീയ പൊതുമണ്ഡലത്തില്‍ 1980തുകളില്‍ ഇടപെട്ടു തുടങ്ങുന്നത്.സാംസ്‌കാരിക വേദിയുടെ പിന്മടക്കത്തിന്റെ സാഹചര്യത്തെ അവസരമാക്കിയാണ് സിവിക് നവമാര്‍ക്‌സിസ്റ്റ് വിരുദ്ധകൂട്ടായ്മയുടെ ആചാര്യനായി രംഗത്ത് വരുന്നത്.പ്രക്ഷുബ്ധമായ എം എല്‍ രാഷ്ടീയത്തോടും മാര്‍ക്‌സിസത്തോടും തന്നെ വിട പറഞ്ഞു കൊണ്ടാണയാള്‍ ആഗോള ബന്ധമുള്ള എന്‍ ജി ഒ നെറ്റ് വര്‍ക്കില്‍ തൃശൂര്‍ ജില്ലയിലെ അരയിന്നൂരില്‍ ചെറു ഗ്രൂപ്പുകളുടെ കൂടി ചേരല്‍ സംഘടിപ്പിക്കുന്നത്.

കേരള എന്‍ജിഒകളുടെ ചരിത്രത്തിലെ അരിയന്നൂര്‍ കൂടി ചേരല്‍!ബൃഹത് പ്രസ്ഥാനങ്ങളുടെ സാംഗത്യത്തെ ചോദ്യം ചെയ്യുന്ന സൈദ്ധാന്തിക പ്രചരണതന്ത്രങ്ങളും അതിനായി ആവിഷ്‌ക്കരിച്ച ഗ്രീന്‍പൊളിറ്റിക്‌സിന്റെയും സ്ത്രീരാഷട്രീയത്തിന്റെയും ശബ്ദമുദ്രകളും പ്രവര്‍ത്തന പരിപാടികളുമായിട്ടാണ് അരിയന്നൂരില്‍ ഒത്തുകൂടിയവര്‍ പിരിഞ്ഞത്. ഉത്തരാധുനികമായ ചിന്താപദ്ധതികളും ബഹുജന പ്രസ്ഥാനങ്ങളെ ശിഥിലമാക്കാനുള്ള ചെറു ഗ്രൂപ്പുരാഷ്ട്രീയവും മുന്നോട്ടുവെച്ച  ഈ പ്രതിലോമമുന്നണിയില്‍ ചര്‍ച്ച് ഗ്രൂപ്പുകളും ഹിന്ദുത്വവാദികളും രാഷ്ട്രീയ ഇസ്ലാമിസ്റ്റുകളും ഗാന്ധിയന്മാരും ലോഹ്യായിസ്റ്റുകളും വരെ ഉണ്ടായിരുന്നു.

ഭോപ്പാല്‍ ദുരന്തത്തിന് കാരണമായ യൂണിയന്‍ കാര്‍ബൈഡിനെ എതിര്‍ക്കാന്‍ നിങ്ങള്‍ക്കെന്തവകാശം? നിങ്ങള്‍ പുകവലിക്കാരെല്ലേ എന്ന് ചോദിച്ച് വ്യവസ്ഥയെ എതിര്‍ക്കാന്‍ വ്യക്തികള്‍ക്ക് എന്തവകാശം എന്ന ധാര്‍മ്മികസന്ദിഗ്ദ്ധത സൃഷ്ടിക്കുകയായിരുന്നല്ലോ ഈ സംഘം തുടര്‍ച്ചയായി ചെയ്തത്.ഇരയെ തന്നെ ആക്രമണങ്ങളുടെ ഉത്തരവാദിയാക്കുന്ന സെമറ്റിക് തന്ത്രമാണ് ഈ ഉത്തരാധുനിക ആക്റ്റിവിസ്റ്റുകളുടേതും. ഇപ്പോള്‍ തന്റെ ലൈംഗികാക്രമണങ്ങള്‍ക്കിരയായ പെണ്‍കുട്ടിയുടെ വസ്ത്രധാരണമാണ് തന്നില്‍ ലൈംഗിക പ്രചോദനം സൃഷ്ടിച്ചതെന്നാണല്ലോ തന്റെ വക്കീലിനെ കൊണ്ട് വാദിപ്പിച്ചത്!

ആഗോളവല്‍ക്കരണത്തെ ആര്‍ക്കാണ് പേടിയെന്നും സ്വദേശി പറയുന്നവര്‍ പ്രത്യയശാസ്ത്രത്തെ സ്വദേശി എന്തെന്ന് തിരിച്ചറിയണമെന്നെല്ലാമുള്ള പ്രതിലോമരാഷ്ട്രീയ സിദ്ധാന്തങ്ങള്‍ പ്രചരിപ്പിച്ച് നടന്ന സംഘത്തിന്റെ ആക്ടിവിസ്റ്റ് മുഖമായിരുന്നു സിവിക് .തൃശൂരിലെ ആര്‍ എസ് എസിന്റെ അന്‍പതാം വാര്‍ഷികത്തിന്റെ വിചാര സത്രത്തില്‍ സിവിക് ഉള്‍പ്പെടെയുള്ള നവ സാമൂഹ്യ പ്രസ്ഥാനക്കാര്‍ വിശിഷ്ടാതിഥികളായി പങ്കെടുക്കുകയും ചെയ്തു.

മുഴുവന്‍ സാമൂഹ്യ സംഘാടനത്തെയും നിഷേധിക്കുന്ന ചിന്താപരമായ അവ്യവസ്ഥയെ പ്രമോട്ട് ചെയ്യുന്ന,ആധുനികോത്തരശിഥിലീകരണ രാഷ്ട്രീയത്തിന്റെ അനിവാര്യമായ അപചയമാണ് മലയാളി ഇപ്പോള്‍ കണ്ടു കൊണ്ടിരിക്കുന്നത്.ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top