14 December Saturday

ജമാഅത്തെയുമായി ചേർന്ന്‌ കെഎസ്‌യു ജയിച്ചു: ചെന്നിത്തലയെ തെറിവിളിച്ച്‌ എംഎസ്‌എഫ്‌; പാണക്കാട്‌ തങ്ങളെ വെല്ലുവിളിച്ച്‌ കെഎസ്‌യു

സ്വന്തം ലേഖകൻUpdated: Friday Nov 15, 2019

എടവണ്ണ > മുസ്ലിംലീഗ്‌ നേതാക്കളായ പാണക്കാട്‌ തങ്ങളെയും പി കെ കുഞ്ഞാലിക്കുട്ടിയെയും ചീത്തവിളിച്ച്‌ കെഎസ്‌യു പ്രകടനം. ആര്യാടനെയും ചെന്നിത്തലയെയും  തെറിവിളിച്ച്‌ എംഎസ്‌എഫിന്റെ തിരിച്ചടി. മമ്പാട്‌ എംഇഎസ്‌ കോളേജ്‌ യൂണിയൻ തെരഞ്ഞെടുപ്പ്‌ ഫലം പുറത്തുവന്നപ്പോഴാണ്‌ യുഡിഎഫിലെ പ്രധാന കക്ഷികളായ കോൺഗ്രസിന്റെയും മുസ്ലിംലീഗിന്റെയും വിദ്യാർഥി വിഭാഗങ്ങൾ ചേരിതിരിഞ്ഞ്‌ അസഭ്യംചൊരിഞ്ഞത്‌. ജമാഅത്തെ ഇസ്ലാമി പിന്തുണയ്‌ക്കുന്ന വിദ്യാർഥി സംഘടനയുമായി ചേർന്ന്‌ മത്സരിച്ച കെഎസ്‌യു എംഎസ്‌എഫിനെ പരാജയപ്പെടുത്തിയതോടെയാണ്‌ ഭിന്നത രൂക്ഷമായത്‌.

തിരുവനന്തപുരത്ത്‌ യുഡിഎഫ്‌ ഏകോപന സമിതി യോഗം ചേരുമ്പോഴാണ്‌ അവരുടെ പ്രധാന ശക്തികേന്ദ്രമായ ജില്ലയിൽ വിദ്യാർഥി സംഘടനകൾ കൊമ്പുകോർത്തതും നേതാക്കളെ തെറിവിളിച്ചതും.  കെഎസ്‌യു -എംഎസ്എഫ് സഖ്യമില്ലാതെയാണ്‌  മത്സരിച്ചത്. ഒമ്പത്‌ ജനറൽ സീറ്റിൽ ജമാഅത്തെ ഇസ്ലാമിയുടെ വിദ്യാർഥി സംഘടന മൂന്ന്‌ സീറ്റിലും കെഎസ്‌യു ആറ്‌ സീറ്റിലും വിജയിച്ചു. എംഎസ്എഫ് പരാജയപ്പെട്ടു.

വിജയിച്ച കെഎസ്‌യു പ്രവർത്തകർ ഇതോടെ മമ്പാട് ടൗണിൽ കഴിഞ്ഞ ദിവസം പാണക്കാട് തങ്ങളെയും കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ള നേതാക്കളെയും തെറിവിളിച്ച് ആഹ്ലാദപ്രകടനം നടത്തി. കെഎസ്‌യു ഇല്ലാതെ ജില്ലയിൽ ഒരു സീറ്റിലും ജയിക്കാൻ കഴിയില്ലെന്നും അവകാശപ്പെട്ടു. അതിന്‌ മറുപടിയായാണ്‌ വെള്ളിയാഴ്ച വൈകിട്ടോടെ എംഎസ്എഫും യൂത്ത് ലീഗും മമ്പാട് ടൗണിൽ ആര്യാടനെയും ചെന്നിത്തലയെയും അധിക്ഷേപിച്ച്‌ പ്രകടനം നടത്തിയത്‌.  സമൂഹ മാധ്യമങ്ങളിലും പോർവിളി തുടരുകയാണ്‌.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top