05 December Thursday

കെഎസ്‌ആർടിസി: ചെലവുചുരുക്കൽ അനിവാര്യം: മന്ത്രി

സ്വന്തം ലേഖകൻUpdated: Friday Nov 15, 2019

തിരുവനന്തപുരം> കെഎസ്‌ആർടിസി മുന്നോട്ടുപോകണമെങ്കിൽ ചെലവുചുരുക്കൽ അനിവാര്യമാണെന്ന്‌ ഗതാഗതമന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. കടുത്ത നടപടികളിലൂടെ മാത്രമെ വരവും ചെലവും തമ്മിലുള്ള അന്തരം കുറയ്‌ക്കാനാകൂ. സ്ഥാപനം ലാഭത്തിലാകണമെന്നല്ല, പ്രവർത്തിച്ച്‌ മുന്നോട്ടുപോകാനാകണമെന്നാണ്‌ സർക്കാർ നിലപാട്‌. മാനവ വിഭവശേഷി ശാസ്‌ത്രീയമായി പുനഃക്രമീകരിക്കണം.

മറ്റ്‌ സംസ്ഥാനങ്ങളിൽനിന്ന്‌ വ്യത്യസ്തമായി കേരളത്തിൽ ഒരു ബസ്‌ സർവീസ്‌ നടത്തുന്നതിനുള്ള  ജീവനക്കാരുടെ എണ്ണം കൂടുതലാണ്‌. ഇതിൽ ആവശ്യമായ ക്രമീകരണം വേണ്ടിവരുമെന്ന്‌ എം വിൻസന്റിന്റെ അടിയന്തര പ്രമേയ അവതരണ നോട്ടീസിന്‌ മറുപടിയായി മന്ത്രി അറിയിച്ചു. കടുത്ത നടപടികളിലൂടെ മാത്രമെ കോർപറേഷനെ നിലനിർത്താനാകൂ. 1000 ബസ്‌ വാങ്ങുന്നുവെന്ന പേരിൽ, 9000 ജീവനക്കാരുടെ ഇല്ലാത്ത ഒഴിവ്‌ മുൻകൂട്ടി പിഎസ്‌സിയെ അറിയിച്ച്‌ നിയമനോപദേശം നടത്തിച്ച  ചരിത്രമാണ്‌ കോർപറേഷനുള്ളത്‌.

ശമ്പളത്തിന്‌ കടമെടുക്കുന്നത്‌ ഒഴിവാക്കാനാണ്‌ ശ്രമിക്കുന്നത്‌. സ്വന്തം വരുമാനവും പ്രതിമാസസർക്കാർ സഹായമായ 20 കോടിയും ചേർത്താണ്‌ ശമ്പളം നൽകുന്നത്‌. ഇതാണ്‌ ശമ്പളം രണ്ടുഘട്ടമാകാൻ കാരണം. വായ്‌പ പുനഃക്രമീകരിച്ചതിലൂടെ മാസം ഒന്നര കോടിയോളം രൂപ പലിശയിനത്തിൽ ലാഭിച്ചു. എന്നാൽ, ഡീസൽ വിലയിലുണ്ടായ വർധനമൂലം വരവുചെലവുകണക്കിൽ അത്‌ പ്രതിഫലിപ്പിക്കാനാകുന്നില്ല–- ഗതാഗതമന്ത്രി പറഞ്ഞു.


പ്രധാന വാർത്തകൾ
 Top