06 October Sunday

ലാഭത്തിലോടി 73 ഡിപ്പോകൾ

സ്വന്തം ലേഖകൻUpdated: Thursday Sep 19, 2024

തിരുവനന്തപുരം
കെഎസ്‌ആർടിസി ഡിപ്പോകൾ പ്രവർത്തനലാഭത്തിലേക്ക്‌. 73 ഡിപ്പോകളാണ്‌ ജൂലൈ ഒന്നുമുതൽ ഈമാസം 17 വരെയുള്ള കണക്കുപ്രകാരം ലാഭത്തിലായത്‌. പ്രവർത്തനനഷ്ടമുള്ളവ 20 ആയി കുറഞ്ഞു. ജൂലൈയിൽ 41 ഡിപ്പോകളാണ്‌ നഷ്ടത്തിലോടിയിരുന്നത്‌. അതിൽനിന്ന്‌ 21 ഡിപ്പോകൾ ലാഭകരമായി. ടിക്കറ്റ്‌ വരുമാനത്തിന്റെ അടിസ്ഥാനത്തിലാണിത്‌.  നെടുങ്കണ്ടം, കുമളി, മല്ലപ്പളളി, കട്ടപ്പന, പൊൻകുന്നം, നിലമ്പൂർ, കൽപ്പറ്റ, കാഞ്ഞങ്ങാട്‌, തലശേരി, മൂന്നാർ, മൂലമറ്റം, കോന്നി, പിറവം, പയ്യന്നൂർ, തിരുവമ്പാടി, കൂത്താട്ടുകുളം, എരുമേലി, വടകര, കൊടുങ്ങല്ലൂർ, ആര്യങ്കാവ്‌ ഡിപ്പോകൾ നഷ്ടം കുറച്ചുകൊണ്ടുവരുന്നു. ആളുകൾ കുറഞ്ഞതും വിദ്യാർഥികൾക്ക്‌ യാത്രാ പ്രശ്‌നമുണ്ടാക്കാത്തതുമായ ട്രിപ്പുകൾ റദ്ദാക്കുകയാണ്‌ ആദ്യം ചെയ്തത്‌.

ഇതിലൂടെ ഡീസൽ, സ്‌പെയർ പാർട്‌സ്‌ ചെലവ്‌ കുറച്ചു. ലാഭകരമായ റൂട്ടുകൾ കണ്ടെത്തി ഓടിക്കാനും നടപടി സ്വീകരിച്ചതും ഫലംകണ്ടു. കട്ടപ്പുറത്തായ  ബസുകൾ അറ്റകുറ്റപ്പണി നടത്തി പുറത്തിറക്കി. അധികജീവനക്കാരെ ഉപയോഗിച്ച്‌ സർവീസ്‌ നടത്തുകയോ പ്രയോജനപ്പെടുന്ന ഡിപ്പോകൾക്ക്‌ കൈമാറുകയോ ചെയ്തതും നേട്ടമായി.

മൂന്നു സോണുകളും പ്രവർത്തനലാഭത്തിലാണ്‌. സൗത്ത്‌ സോൺ 3.59  കോടിയും സെൻട്രൽ സോൺ  1.90 കോടിയും നോർത്ത്‌ സോൺ 1.62 കോടിയും ലാഭമുണ്ടാക്കി. ദിവസ കലക്‌ഷൻ ഒമ്പതു കോടിയിലേക്ക്‌ എത്തിക്കാനാണ്‌ ശ്രമം നടക്കുന്നത്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top