02 December Wednesday

ഒരുങ്ങിക്കഴിഞ്ഞു; സഞ്ചാരികള്‍ക്കായി മൂന്നാറില്‍ കെഎസ്ആര്‍ടിസിയുടെ സ്ലീപ്പര്‍ ബസ്

വെബ് ഡെസ്‌ക്‌Updated: Monday Oct 26, 2020

മൂന്നാര്‍ > കെഎസ്ആര്‍ടിസി-യുടെ മൂന്നാര്‍ ബസ് സ്റ്റേഷന്‍ പരിസരത്ത് സ്ഥാപിച്ചിരിക്കുന്ന സ്ലീപ്പര്‍ ബസുകള്‍ സഞ്ചാരികള്‍ക്ക് വാടകക്ക് നല്‍കുന്നത് സംബന്ധിച്ചുള്ള നിരക്കും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും പുറത്തിറക്കി. സ്ലീപ്പര്‍ ഒന്നിന് ഒരു രാത്രി 100 രൂപ നിരക്കില്‍ വൈകിട്ട് 6 മണിമുതല്‍ പിറ്റേന്ന് ഉച്ചക്ക് 12 മണിവരെ വാടകയ്‌ക്ക് നല്‍കും. വാടകക്ക് തുല്യമായ തുക കരുതല്‍ ധനമായി നല്‍കണം. ഒഴിഞ്ഞ് പോകുമ്പോള്‍ നാശനഷ്ടങ്ങള്‍ വല്ലതുമുണ്ടെങ്കില്‍ അത് ഈടാക്കിയ ശേഷം ബാക്കി തുക തിരികെ നല്‍കുന്നതാണ്.

ബസ് ഉപയോഗിക്കുന്നവര്‍ക്ക് നിലവില്‍ മൂന്നാര്‍ ഡിപ്പോയില്‍ ഉള്ള ടോയ്‌ലറ്റ് സൗകര്യം ഉപയോഗിക്കാനായി അനുവദിക്കും. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രത്യേകം പ്രത്യേകമായുള്ള ടോയിലറ്റുകളാണ് അനുവദിക്കുക. ഇതിനായി ടോയിലറ്റുകള്‍ നവീകരിച്ചു കഴിഞ്ഞു. ഓരോ ഗ്രൂപ്പും മാറുന്നതിന് അനുസരിച്ച് ബസ് വൃത്തിയാക്കി അണു നശീകരണം നടത്തി മാത്രമേ അടുത്ത ഗ്രൂപ്പിന് നല്‍കുകയുള്ളൂ. സ്ലീപ്പര്‍ ബസും, ടോയ്‌ലെറ്റും വൃത്തിയാക്കുന്നതിനും, താമസിക്കുന്നവര്‍ക്ക് പുറമെ നിന്നും ഭക്ഷണം വാങ്ങി കൊടുക്കുന്നതിനും, ലഗേജ് വാഹനത്തില്‍ എടുത്ത് വെക്കുന്നതിനും തിരികെ എടുത്തു കൊടുക്കുന്നതിനും വേണ്ടി രണ്ട് ക്യാഷല്‍ ജീവനക്കാരെ നിയമിക്കും.

കെ.എസ്.ആര്‍.ടി.സി-യുടെ mnr@kerala.gov.in മെയില്‍ ഐഡി വഴിയും 9447813851, Land.No.04865230201 ഫോണ്‍ നമ്പര്‍ വഴിയും സ്ലീപ്പര്‍ ബസ് ബുക്ക് ചെയ്യാം. ഇത് കൂടാതെ ബുക്കിംഗ് ഏജന്റുമാരെ 10% കമ്മീഷന്‍ വ്യവസ്ഥയില്‍ അനുവദിക്കും. സ്ലീപ്പര്‍ ബസ് ഉപയോഗിക്കുന്ന അതിഥികള്‍ക്ക് ഭക്ഷണം നല്‍കുന്നതിനു വേണ്ടി അടുത്തുള്ള ഹോട്ടലുമായി ധാരണയുണ്ടാക്കാനും നടപടി സ്വീകരിച്ചിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top