25 August Sunday

കെഎസ്ആര്‍ടിസിയിലെ പിരിച്ചുവിട്ട ഡ്രെെവര്‍മാരുടെ കരാര്‍ നിയമനം: ഹെെക്കോടതി വിശദീകരണം തേടി

വെബ് ഡെസ്‌ക്‌Updated: Tuesday Jul 16, 2019

കൊച്ചി> കെഎസ്ആർടിസിയിൽ നിന്നു പിരിച്ചുവിട്ട എംപാനൽ ഡ്രൈവർമാരെ കരാറടിസ്ഥാനത്തിൽ വീണ്ടും നിയമിച്ചത് കോടതിയലക്ഷ്യമാണെന്ന് ആരോപിച്ച് നൽകിയ ഹർജിയിൽ ഹൈക്കോടതി വിശദീകരണം തേടി.  ഡ്രൈവർ തസ്തികയിലേക്കുള്ള പിഎസ്സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ആലപ്പുഴ സ്വദേശി വേണുഗോപാൽ നൽകിയ ഹർജിയിൽ എത്ര മുൻ എംപാനലുകാരെ കരാറടിസ്ഥാനത്തിൽ വീണ്ടും നിയമിച്ചെന്ന് അറിയിക്കാനാണ് നിർദ്ദേശിച്ചിരിക്കുന്നത്.

എംപാനൽ ഡ്രൈവർമാരെ ഏപ്രിൽ 30 നകം പിരിച്ചു വിടണമെന്നാണ് നേരത്തെ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടിരുന്നത്. ഇതിനെതിരെ സർക്കാർ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും പിരിച്ചു വിടുന്നത് ജൂൺ 30 വരെ നീട്ടി നൽകിയതല്ലാതെ വിധിയിൽ ഇടപെട്ടില്ല. എന്നാൽ പിരിച്ചുവിട്ട് അടുത്ത ദിവസം തന്നെ ദിവസവേതനാടിസ്ഥാനത്തിൽ ഇവരെ വീണ്ടും നിയമിച്ചെന്നും 1700 ലേറെ എംപാനൽ ഡ്രൈവർമാർ സർവീസിൽ തുടരുന്നുണ്ടെന്നും കോടതിയലക്ഷ്യഹർജിയിൽ ആരോപിക്കുന്നു.

പിരിച്ചു വിട്ട എംപാനലുകാരെ ഒരു കാരണവശാലും തിരിച്ചെടുക്കരുതെന്നും 2455 ഒഴിവിലേക്ക് പിഎസ്‌സിയിൽ നിന്ന് നിയമനം നടത്താനും മുൻ വിധിയിൽ പറയുന്നുണ്ട്. ആ നിലയ്ക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ഇവരെ വീണ്ടും നിയമിച്ചതു കോടതിയലക്ഷ്യമാണെന്നും ഹർജിയിൽ ആരോപിക്കുന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top