Deshabhimani

കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് പുഴയിലേക്ക് മറിഞ്ഞ് രണ്ടു പേർ മരിച്ചു ; 30 പേർക്ക്‌ പരിക്ക്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 08, 2024, 02:44 PM | 0 min read



തിരുവമ്പാടി
പുല്ലൂരാംപാറക്കടുത്ത്‌ കളിയാമ്പുഴയിൽ കെഎസ്ആർടിസി ബസ് പുഴയിലേക്ക് തലകീഴായി മറിഞ്ഞ് രണ്ടുപേർ മരിച്ചു. മുപ്പതോളം യാത്രക്കാർക്ക് പരിക്കേറ്റു. കോടഞ്ചേരി കണ്ടപ്പൻചാൽ  വേലംകുന്നേൽ കമല (61), ആനക്കാംപൊയിൽ പടിഞ്ഞാറക്കര തോയിലിൽ ത്രേസ്യ (75) എന്നിവരാണ് മരിച്ചത്. ചികിത്സയിലുള്ള രണ്ടുപേരുടെ നില ഗുരുതരമാണ്. ചൊവ്വ പകൽ ഒന്നേമുക്കാലോടെയായിരുന്നു  അപകടം.

ആനക്കാംപൊയിൽ മുത്തപ്പൻ പുഴയിൽനിന്ന് തിരുവമ്പാടിയിലേക്ക് പോകുന്ന ബസാണ്‌ രണ്ടാൾ താഴ്‌ചയിലേക്ക്‌ മറിഞ്ഞത്‌. കാരണം വ്യക്തമായിട്ടില്ല.
ഇറക്കം ഇറങ്ങുകയായിരുന്ന ബസ് സൈഡ്‌ മാറി പാലത്തിന്റെ വശത്തിടിച്ച്‌ കൈവരി തകർന്ന്‌ പുഴയിലേക്ക് തല കീഴായി പതിക്കുകയായിരുന്നു. 40ലേറെ യാത്രക്കാരുണ്ടായിരുന്നു. ഡ്രൈവറുടെ സീറ്റിനോട് ചേർന്ന് ഇരുന്നവരാണ് മരിച്ചവരും ഗുരുതരമായി പരിക്കേറ്റവരും. നാട്ടുകാർ പുഴയിലിറങ്ങിയാണ്‌ യാത്രക്കാരെ രക്ഷിച്ചത്.

കണ്ടപ്പൻചാൽ വേലംകുന്നേൽ വാസുവാണ് കമലയുടെ ഭർത്താവ്. മക്കൾ: സതീഷ്‌കുമാർ, ബിജേഷ്, ബിബീഷ്. മരുമക്കൾ: രശ്മി, ജിൻസി, ഷീജ.  മുത്തപ്പൻപുഴ തോയലി പരേതനായ മാത്യുവിന്റെ ഭാര്യയാണ്‌ ത്രേസ്യാമ്മ. സംസ്‌കാരം ബുധൻ വൈകിട്ട് നാലിന് ആനക്കാംപൊയിൽ സെന്റ്‌ മേരീസ് പള്ളിയിൽ. ആനക്കാംപൊയിൽ പഴേവീട്ടിൽ കുടുംബാംഗമാണ്. മക്കൾ: ജിൽസൺ, ജാൻസി, നടാഷ, റോബിൻ. മരുമക്കൾ: സന്തോഷ് കല്ലിടുക്കിൽ, ഷീന ജിൽസൺ വാളാംകുളത്തിൽ, പരേതനായ പോൾ ഇലഞ്ഞിക്കൽ.

ബസ്‌ മറിഞ്ഞത്‌ 
രണ്ടാൾ താഴ്‌ചയിലേക്ക്‌
പുല്ലൂരാംപാറ കളിയാമ്പുഴയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞത്‌ രണ്ടാൾ താഴ്‌ചയിലേക്ക്‌. ഇറക്കമിറങ്ങവേ ദിശമാറി പാലത്തിന്റെ വശത്തിലിടിച്ച്‌ കൈവരി തകർന്ന്‌ തലകീഴായി പുഴയിലേക്ക്‌ വീഴുകയായിരുന്നു. ഡ്രൈവറുടെ സീറ്റിനടുത്തായി ഇരുന്ന രണ്ടുപേരാണ്‌ മരിച്ചത്‌. രണ്ടുപേർ ഗുരുതര പരിക്കുകളോടെ ആശുപത്രിയിലാണ്‌. പരിക്കേറ്റ മുപ്പതോളം യാത്രക്കാരിൽ 19 പേരാണ്‌ ആശുപത്രിയിലുള്ളത്‌.

ഗുരുതര പരിക്കേറ്റവരെ കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിലും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മറ്റുള്ളവരെ തിരുവമ്പാടിയിലെയും ഓമശേരിയിലെയും മുക്കത്തെയും സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. തിരുവമ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ എട്ടുപേരും ഓമശേരിയിൽ ഏഴുപേരും മുക്കം കെഎംസിടി മെഡിക്കൽ കോളേജിൽ രണ്ടുപേരുമാണ് ചികിത്സയിലുള്ളത്‌. മറ്റുള്ളവർ ആശുപത്രി വിട്ടു.

വിവരമറിഞ്ഞ്‌ ഓടിയെത്തിയവരാണ്‌ പുഴയിലിറങ്ങി യാത്രക്കാരെ രക്ഷിച്ചത്‌. പിന്നീട്‌ രണ്ട് ക്രെയിൻ ഉപയോഗിച്ച് ബസ് ഉയർത്തിയാണ്‌ എല്ലാവരെയും പുറത്തെത്തിച്ചത്‌. സമീപത്ത് റോഡ് പ്രവൃത്തി നടത്തുകയായിരുന്ന ഊരാളുങ്കൽ ലേബർ സൊസൈറ്റി തൊഴിലാളികളാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. പൊലീസ്, മോട്ടോർ വാഹന വകുപ്പ്, കെഎസ്ആർടിസി ഉന്നത ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു.

മന്ത്രി റിപ്പോർട്ട്‌ തേടി
തിരുവമ്പാടിയിൽ കെഎസ്‌ആർടിസി ബസ്‌ പുഴയിലേക്ക്‌ മറിഞ്ഞ സംഭവത്തിൽ ഗതാഗത വകുപ്പ്‌ മന്ത്രി കെ ബി ഗണേഷ്‌ കുമാർ അടിയന്തര റിപ്പോർട്ട്‌ തേടി. അപകടത്തെക്കുറിച്ച്‌ അടിയന്തര അന്വേഷണം നടത്തി റിപ്പോർട്ട്‌ ചെയ്യണമെന്ന്‌ കെഎസ്‌ആർടിസി എംഡി പ്രമോജ്‌ ശങ്കറിനോടാണ്‌ നിർദേശിച്ചത്‌.

 



deshabhimani section

Related News

View More
0 comments
Sort by

Home