02 March Tuesday
വിജിലൻസ്‌ അന്വേഷണത്തിന്‌ സാധ്യത

ജീവനക്കാരെ അധിക്ഷേപിച്ചിട്ടില്ല: കെഎസ്‌ആർടിസി എംഡി

വെബ് ഡെസ്‌ക്‌Updated: Monday Jan 18, 2021


കെഎസ്ആർടിസി ജീവനക്കാരെ അധിക്ഷേപിച്ചിട്ടില്ലെന്ന്‌ എംഡി ബിജു പ്രഭാകർ.  കെഎസ്ആർടിസിയുടെ പുനരുദ്ധാരണം സംബന്ധിച്ചും ഭാവി പരിപാടി സംബന്ധിച്ചും ജീവനക്കാരോട് ഫെയ്‌സ്ബുക്കിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.  കൃത്യമായി ജോലി ചെയ്യാത്തവരെയാണ്‌ വിമർശിച്ചത്‌. ചീഫ് ഓഫീസിലെ അഞ്ചാറ് കഴിവുകെട്ട ഉദ്യോഗസ്ഥരെ മാറ്റിയാൽ ഈ സംവിധാനം നന്നായി പോകും.

അജണ്ടകളുള്ള ഉദ്യോഗസ്ഥർ ചീഫ്‌ ഓഫീസിലുണ്ട്‌. ചില ഉദ്യോഗസ്ഥർ പരസ്‌പരം സംസാരിക്കാറില്ല. 800 പേർ റിട്ടയർ ചെയ്തിട്ട് അവരുടെ പെൻഷൻ കൊടുക്കാൻ പറ്റുന്നില്ല. ബില്ലുകൾ കൃത്യമായി പാസാക്കുന്നില്ല. വടകരയിൽ ഒരാൾ 120 ദിവസമാണ് കണ്ടെയ്ൻമെന്റ് സോൺ എന്ന് പറഞ്ഞ് ജോലിക്ക് ഹാജരാകാതിരുന്നത്. ജോലി ചെയ്യാൻ താൽപ്പര്യമില്ലാത്ത ഒരു വിഭാഗം കെഎസ്ആർടിസിയിലുണ്ട്. ആത്മാർഥതയില്ലാത്തതിനാലാണ്‌ ഇങ്ങനെ സംഭവിക്കുന്നത്‌.

5000 കോടി രൂപയാണ് കഴിഞ്ഞ അഞ്ച്‌ വർഷംകൊണ്ട് സർക്കാർ നൽകിയത്. എന്നിട്ടും കെഎസ്ആർടിസി നന്നായില്ല. ഇതിന് കാരണം പിടിപ്പുകെട്ട മിഡിൽ മാനേജ്‌മെന്റും ടോപ്പ് മാനേജ്‌മെന്റുമാണ്. സ്ഥാപിത താൽപ്പര്യങ്ങളുള്ളവരാണ്‌ മാറ്റങ്ങളെ എതിർക്കുന്നത്‌.

മാനേജ്‌മെന്റിനെ ‌ പ്രൊഫഷണലാക്കുമെന്നും ജീവനക്കാരുമായും ട്രേഡ്‌ യൂണിയൻ പ്രതിനിധികളുമായും ചർച്ച ചെയ്‌തായിരിക്കും മാറ്റങ്ങൾ വരുത്തുകയെന്നും അദ്ദേഹം പറഞ്ഞു.

വിജിലൻസ്‌ അന്വേഷണത്തിന്‌ സാധ്യത
യുഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ കെഎസ്‌ആർടിസിയിൽ‌നടന്ന 100 കോടി രൂപയുടെ ക്രമക്കേടിൽ വിജലൻസ്‌ അന്വേഷണത്തിന്‌ സാധ്യത. ക്രമക്കേട്‌ നടന്ന കാലയളവിലെ അക്കൗണ്ട്‌സ്‌ മാനേജർ കെ എം ശ്രീകുമാറിന്‌ കെഎസ്‌ആർടിസി വിശദീകരണ നോട്ടീസ്‌ നൽകി. അന്നത്തെ ഇടപാടുകളുടെ രേഖകൾ കാണിച്ച്‌ കണക്കിൽ വ്യക്തത വരുത്തിയില്ലെങ്കിൽ വിജിലൻസ്‌ അന്വേഷണം ആവശ്യപ്പെട്ട്‌ സർക്കാരിന്‌ കത്ത്‌ നൽകുമെന്ന്‌ കെഎസ്‌ആർടിസി ‌ എം ഡി ബിജു പ്രഭാകർ പറഞ്ഞു.

കെ എം ശ്രീകുമാറിനെ ചീഫ്‌ ഓഫീസിലെ ഡെപ്യൂട്ടി ചീഫ്‌ അക്കൗണ്ട്‌സ്‌ ഓഫീസറുടെ ചുമതലയിൽനിന്ന്‌ സെൻട്രൽ സോണിലെ (എറണാകുളം) ഭരണ വിഭാഗത്തിലേക്ക്‌‌ മാറ്റിയിരുന്നു.  മെയ് 31ന് ശ്രീകുമാർ വിരമിക്കും.  ക്യാഷ്‌ ബുക്കിൽ കൃത്യമായി കണക്ക്‌ രേഖപ്പെടുത്താതെ കോടികൾ കൈകാര്യം ചെയ്‌തത്‌ ഗുരുതര കൃത്യവിലോപമാണെന്നും  ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും ധനകാര്യ അഡീഷണൽ സെക്രട്ടറി അന്വേഷണ റിപ്പോർട്ടിൽ‌ ശുപാർശ ചെയ്‌തിരുന്നു. കൃത്യമായി കണക്ക്‌ സൂക്ഷിക്കാതെ നടന്ന ഇടപാടുകൾക്ക്‌ പിന്നിൽ സാമ്പത്തിക തിരിമറി‌യുണ്ടോയെന്ന്‌ സംശയിക്കുന്നതായും ‌ റിപ്പോർട്ടിലുണ്ട്‌. 2010–-2011, 2011–-2012, 2012–-2013 വർഷത്തെ  കണക്കുകൾ പരിശോധിച്ചപ്പോഴാണ്‌ കോടികളുടെ തിരിമറി പുറത്തായത്‌.

നടപടിയെടുക്കേണ്ടത്‌ ഗതാഗതവകുപ്പ്‌:  ഐസക്‌
കെഎസ്ആർടിസി അഴിമതി സംബന്ധിച്ച ധനകാര്യ അഡീഷണൽ സെക്രട്ടറിയുടെ റിപ്പോർട്ടിൽ ഗതാഗതവകുപ്പാണ്‌ നടപടി സ്വീകരിക്കേണ്ടതെന്ന്‌ ധനമന്ത്രി ടി എം തോമസ്‌ ഐസക്‌ പറഞ്ഞു. അന്വേഷണ റിപ്പോർട്ട്‌ പരിശോധിക്കും.

കെഎസ്‌ആർടിസിയുടെ പുരോഗതി‌ക്കായി എംഡി നിർദേശിച്ച പാക്കേജുകൾ ബജറ്റിൽ വച്ചിട്ടുണ്ട്‌. അത്‌ നടപ്പാക്കും.
 കെഎസ്‌ആർടിസിയിൽ ഓരോ ദിവസം കഴിയുംതോറും സൂചികൊണ്ട്‌ എടുക്കേണ്ടത്‌ തൂമ്പകൊണ്ടുപോലും എടുക്കാനാകാത്ത അവസ്ഥയിലേ‌ക്ക്‌ പോകുകയാണ്‌. എല്ലാവരും ഇതു മനസ്സിലാക്കി പ്രവർത്തിക്കണമെന്നും മന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top