18 May Tuesday

ഏതു നേരത്തും മുട്ടാം, ഈ വാതിലിൽ

ശ്രീരാജ‌് ഓണക്കൂർUpdated: Saturday Apr 3, 2021

കൊച്ചി> ‘എന്ത്‌ ആവശ്യത്തിനും  ഏതു നിമിഷവും സഹായത്തിനായി ഞങ്ങളുടെ വാതിലിൽ മുട്ടാം’–- കെഎസ്‌ഐഡിസി നൽകിയ ഈ ഉറപ്പ്‌ തങ്ങളെപ്പോലെയുള്ള സ്‌റ്റാർട്ടപ്പുകൾക്ക്‌ ജീവവായു നൽകിയെന്ന്‌ പിറവം സ്വദേശി ജയൻ ജേക്കബ്‌ മേലേടം. ‘കോവിഡ്‌ കാലത്ത്‌ സ്‌റ്റാർട്ടപ്പുകൾ പ്രതിസന്ധിയിലായ സമയത്താണ്‌ കെഎസ്‌ഐഡിസിയിൽനിന്ന്‌ ഈ ഉറപ്പ്‌ ലഭിച്ചത്‌. ഒരുകോടി രൂപവരെ സ്‌കെയിൽ ഓഫ്‌ ഫണ്ടായി ലഭിക്കും.

ഇത്‌ വളരെ വലിയ സഹായമാണ്‌. കാര്യങ്ങളെ സർക്കാർ ഗൗരവമായി കാണുന്നുവെന്ന പോസിറ്റീവ്‌ സന്ദേശമാണ്‌ ഇതിലൂടെ നൽകുന്നത്‌. സ്‌റ്റാർട്ടപ്പുകൾക്ക്‌ വളരാനുള്ള അവസരം ഒരുക്കുകയാണ്‌. കോവിഡ്‌ കാലത്തും പലരുമായി ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ ബിസിനസ്‌ കൂടിക്കാഴ്‌ചകൾ നടത്താനുള്ള അവസരം സർക്കാർ ഒരുക്കി’–- ഫിറ്റ്‌നസ്‌ ആൻഡ്‌ വെൽനസ്സ്‌ ഉൽപ്പന്നങ്ങൾക്ക്‌ സോഫ്‌റ്റ്‌വെയർ നൽകുന്ന ‘ആക്ടീവ്‌ ലോജിക്ക’യുടെ സിഇഒ ആയ ജയൻ പറഞ്ഞു. ഇൻഫോപാർക്ക്‌ കേന്ദ്രമായുള്ള കമ്പനി 2018ലാണ്‌ പ്രവർത്തനം തുടങ്ങിയത്‌. മൾട്ടി ജിമ്മുകളിൽ ചെയ്യുന്ന വ്യായാമത്തിന്റെ വിവരങ്ങൾ രേഖപ്പെടുത്തി ആരോഗ്യവിവരങ്ങൾ പങ്കുവയ്‌ക്കുന്ന ഫിറ്റ്‌നോട്ട്‌ (fitknot) എന്ന മൊബൈൽ ആപ്പും കമ്പനി പുറത്തിറക്കിയിട്ടുണ്ട്‌. 

പർച്ചേസ്‌ ഓർഡർ കാണിച്ചാൽ 20 ലക്ഷംവരെ സർക്കാർ നൽകുമെന്ന്‌ ബജറ്റിൽ പറഞ്ഞതിനെ രണ്ട്‌ കൈയും നീട്ടി സ്വീകരിക്കുന്നു. പണം കണ്ടെത്താൻ വിഷമിക്കുന്ന സ്‌റ്റാർട്ടപ്പുകൾക്ക്‌ ഇത്‌ ഏറെ സഹായമാകുമെന്ന്‌ കമ്പനി എംഡി യേശുദാസ്‌ ഗ്രിനിൽ പറയുന്നു. മറ്റ്‌ സംസ്ഥാനങ്ങളിലേക്ക്‌ ബിസിനസ്‌ വളർത്തുന്നതിന്‌ സഹായിക്കുന്ന നാഷണൽ ലോഞ്ച്‌ പാഡുകൾകൂടി ഒരുക്കണം. മറ്റ്‌ സംസ്ഥാനങ്ങളിൽ എത്തുമ്പോൾ അവശ്യസേവനം ലഭിക്കാൻ ഇവ ഉപകരിക്കുമെന്നും ഇവർ നിർദേശിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top