28 September Tuesday

കെഎസ്ഐഡിസി മുൻചെയർമാൻ കെ വിജയചന്ദ്രൻ അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Jul 26, 2021

കൊച്ചി> കെഎസ്ഐഡിസി മുൻ ചെയർമാൻ  കെ വിജയചന്ദ്രൻ (81 ) അന്തരിച്ചു. പാലാരിവട്ടം ഓട്ടോമൊബൈൽ റോഡിൽ അനിരുദ്ധനിലയത്തിൽ തിങ്കളാഴ്‌ച രാവിലെയായിരുന്നു അന്ത്യം. സംസ്‌കാരം വൈകീട്ട്‌ പച്ചാളം ശ്‌മശാനത്തിൽ നടന്നു. പൊതുമേഖലാ വ്യവസായങ്ങളെ സംരക്ഷിക്കാനുള്ള പഠനങ്ങൾക്ക്‌ നേതൃത്വം നൽകിയ അദ്ദേഹം 1996–- -98ൽ അന്നത്തെ വ്യവസായ മന്ത്രി സുശീലാ ഗോപാലന്റെ ഉപദേഷ്‌ടാവുമായിരുന്നു.

ഓച്ചിറ ആലുംപീടികയിൽ ആനസ്ഥാനത്ത്‌ പൂവശ്ശേരിയിൽ കെ കുട്ടപ്പന്റെയും പി കെ ലക്ഷ്‌മിയുടെ എട്ടുമക്കളിൽ രണ്ടാമനായി ജനിച്ച വിജയചന്ദ്രൻ കൊല്ലം എസ്‌ എൻ കോളേജ്‌, തിരുവനന്തപുരം ഗവ. എൻജിനിയറിങ്‌ കോളേജ്‌ എന്നിവിടങ്ങളിലാണ്‌ പഠിച്ചത്‌.

കേന്ദ്ര പൊതുമേഖലാസ്ഥാപനമായ ഭാരത് ഹെവി ഇലക്ട്രിക്കൽസിൽ 1962ൽ ഡിസൈൻ എൻജിനിയറായി ചേർന്നു. സ്ഥാപനം ജർമ്മൻ ബഹുരാഷ്ട്ര കമ്പനിയായ സീമെൻസുമായി കരാർ ഉണ്ടാക്കുന്നതിനെ എതിർത്തതോടെ കേന്ദ്ര സർക്കാരിന്റെ നോട്ടപ്പുള്ളിയായി. ഇതിനിടെ കരാർ വിഷയം സിപി ഐ എം നേതാവ് പി രാമമൂർത്തി പാർലമെന്റിൽ ഉന്നയിച്ചു. രാമമൂർത്തിയ്ക്ക് വിവരങ്ങൾ നൽകിയത് വിജയചന്ദ്രൻ ആണെന്ന് ആരോപിച്ച്‌ സ്ഥാപനം പീഡനം തുടങ്ങി. വിജയചന്ദ്രനെ സിബിഐ പോലും തേടിയെത്തി.  ഇതോടെ 1979ൽ അദ്ദേഹം ഭെൽ വിട്ടു. പിന്നീട് കൊച്ചിയിൽ സ്വന്തമായി ഇൻഡസ്‌ട്രിയൽ കൺസൽട്ടൻസി സർവീസസ്‌  ആരംഭിച്ചു.

1987- –-91 കാലയളവിൽ  സംസ്ഥാന പബ്ലിക് എന്റർ പ്രൈസസ് ബോർഡ്‌ സെക്രട്ടറിയായി പ്രവർത്തിച്ചു. സംസ്ഥാന ആസൂത്രണ ബോർഡിൽ വിവിധ സ്റ്റിയറിങ് കമ്മിറ്റികളിലും ടാസ്ക്  ഫോഴ്സുകളിലും അംഗമായിരുന്നു. സയൻസ് ആൻഡ് ടെക്നോളജി കമ്മിറ്റിയുടെ സെക്രട്ടറിയായും  പ്രവർത്തിച്ചു. സിപിഐഎമ്മുമായി സഹകരിച്ച്‌ പൊതുമേഖലാ വ്യവസായങ്ങളുടെ സംരക്ഷണത്തിനുവേണ്ടി പ്രവർത്തിച്ചു. പിന്നീട്‌ സിപിഐഎം അംഗമായ അദ്ദേഹം ഇഎംഎസ്‌, എകെജി, ബിടിആർ, പി രാമമൂർത്തി, ഇ ബാലാനന്ദൻ  എന്നിവരുമായി  അടുത്തബന്ധം സൂക്ഷിച്ചു.

സംസ്ഥാനത്തെ പല പൊതുമേഖലാ വ്യവസായങ്ങളുടെയും പുരോഗതിക്ക്‌ നിരവധി പഠന റിപ്പോർട്ടുകൾ  തയ്യാറാക്കിയിട്ടുണ്ട്‌. ഇംഗ്ലീഷിലും മലയാളത്തിലുമായി നിരവധി കൃതികൾ പ്രസിദ്ധീകരിച്ചു. ഭാര്യ: പരേതയായ വി  ശ്രീദേവി.  മക്കൾ: ഡോ. വിജയശ്രീ (ആയുർവേദ ഡോക്ടർ), വി വിജിത്ത്‌ (ഇൻഡസ്‌ട്രിയൽ കൺസൽട്ടൻസി സ്ഥാപനം). മരുമക്കൾ: പരേതനായ ഡോ. ആർ ജി കൃഷ്‌ണൻ, സരിഗ രാജ്‌ (അസോസിയേറ്റ്‌ പ്രൊഫസർ, കുസാറ്റ്‌).


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top