19 November Tuesday

കെഎസ്എഫ്ഇ പ്രവാസി ചിട്ടി മുഖേന കിഫ്ബിയിൽ 3 വർഷത്തിനകം 10,000 കോടി നിക്ഷേപിക്കും

വെബ് ഡെസ്‌ക്‌Updated: Saturday Nov 9, 2019


സ്വന്തം ലേഖകൻ
മൂന്നു വർഷത്തിനകം കെഎസ്എഫ്ഇ പ്രവാസിചിട്ടി മുഖേന പതിനായിരം കോടി രൂപ കിഫ്ബിയിൽ നിക്ഷേപിക്കും. ഇക്കാലയളവിൽ വിറ്റുവരവ് ഒരു ലക്ഷം കോടിയായി വർധിപ്പിച്ച് സർക്കാരിലേക്കുള്ള ലാഭവിഹിതം ഇരട്ടിയാക്കും. രണ്ടു വർഷത്തിനകം നൂറു ബ്രാഞ്ചുകൾകൂടി തുടങ്ങും.

കഴിഞ്ഞവർഷം നവംബറിൽ തുടങ്ങിയ പ്രവാസിചിട്ടി ആഗോളതലത്തിൽ മലയാളികൾക്ക് ചേരാൻ  അവസരമൊരുക്കി. ഇതിനകം പന്ത്രണ്ടായിരത്തോളം പേർ ചേർന്നു. 26,000 പേർ രജിസ്റ്റർ ചെയ്തു.  1,22,912 പേർ കൂടി സന്നദ്ധത പ്രകടിപ്പിച്ചു. പ്രവാസിചിട്ടിയിൽ സമാഹരിക്കുന്ന തുക   കിഫ്ബിയിലാണ് നിക്ഷേപിക്കുക. ഇതിനകം 63.11 കോടി നിക്ഷേപിച്ചു.  ഓരോ മാസവും കിഫ്ബി നിക്ഷേപവും വർധിക്കും.  ചിട്ടി വിളിച്ചാൽ  കിഫ്ബി ബോണ്ടിൽനിന്ന് ആവശ്യാനുസരണം തുക പിൻവലിക്കാനും വ്യവസ്ഥയുണ്ട്.

ഇതോടൊപ്പം കെഎസ്എഫ്ഇയുടെ സാധാരണ ചിട്ടികളിലും കൂടുതൽ പേരെ പങ്കാളികളാക്കി വിറ്റുവരവ്  42,000 കോടിരൂപയിൽ നിന്ന് ഒരുലക്ഷം കോടിയാക്കും.  ജനുവരി മുതൽ   മൊബൈൽ ആപ് മുഖേന പണമടയ്ക്കാം.   ചിട്ടിക്കു പുറമെ ഭവനവായ്പ, വ്യക്തിഗതവായ്പ, ചിട്ടിയിലുള്ള വായ്പ, ആഭരണവായ്പ, വാഹനവായ്പ തുടങ്ങിയവയും വിപുലീകരിക്കും.

സുവർണജൂബിലി സ്മാരകമായി നവീകരിച്ച തൃശൂരിലെ ആസ്ഥാനമന്ദിരം മുഖ്യമന്ത്രി പിണറായി വിജയൻ ഞായറാഴ്ച  ഉദ്ഘാടനം ചെയ്യും. കെഎസ്എഫ്ഇയുടെ പ്രവർത്തനം സമൂഹത്തിനാകെ പ്രയോജനപ്പെടാൻ സുവർണജൂബിലി ആഘോഷങ്ങൾ വഴിതുറക്കുമെന്ന് ചെയർമാൻ അഡ്വ.  പീലിപ്പോസ് തോമസും മാനേജിങ് ഡയറക്ടർ എ പുരുഷോത്തമനും വ്യക്തമാക്കി.

 


പ്രധാന വാർത്തകൾ
 Top