22 September Sunday

യൂറോപ്പ് മേഖലയ്ക്കായി പ്രവാസിചിട്ടി തുറന്നു കൊടുത്ത‌് മുഖ്യമന്ത്രി; യൂറോപ്പിലെ മലയാളികൾക്കും ഇനി ചിട്ടിയിൽ ചേരാം

വെബ് ഡെസ്‌ക്‌Updated: Sunday May 19, 2019

കൊച്ചി> ഇനിമുതൽ യൂറോപ്പിലെ രാജ്യങ്ങളിലെ മലയാളികൾക്കും പ്രവാസിചിട്ടിയിൽ ചേരാം. മുഖ്യമന്ത്രി പിണറായി വിജയൻ ലണ്ടൻ ഫിനാൻഷ്യൽ കേന്ദ്രത്തിലെ മോണ്ട്കാം ഹോട്ടലിൽ നടന്ന ചടങ്ങിൽവച്ച് യൂറോപ്പ് മേഖലയ്ക്കായി ചിട്ടി തുറന്നു കൊടുത്തു. അടുത്തകാലം വരെ യുഎഇയിൽ ഉള്ളവർക്കു മാത്രമായിരുന്നു ചിട്ടിയിൽ ചേരുവാൻ കഴിയുമായിരുന്നത്. ഏപ്രിൽ 24 മുതൽ മറ്റ് ഗൾഫ് രാജ്യങ്ങളിലേയ്ക്കും പ്രവാസി ചിട്ടി വ്യാപിപ്പിച്ചു. ഇപ്പോൾ യൂറോപ്പിലേയ്ക്കും താമസംവിന ആഗോളമായും വിദേശമലയാളികൾക്കു ചിട്ടിയിൽ നിക്ഷേപിക്കാം.

എന്തുകൊണ്ട് ഇത്ര കാലതാമസം, മനപൂർവ്വമായി ചവിട്ടി പിടിച്ചതാണ്. ഈ ചിട്ടിയുടെ പ്രത്യേകത രജിസ്ട്രേഷൻ, പണം ഈടാക്കൽ, ലേലം, സെക്യുരിറ്റി പരിശോധന, ലേലത്തുക നൽകൽ തുടങ്ങിയവയെല്ലാം ഓൺലൈനായിട്ടാണ് നടക്കുന്നത് ഒരു കമ്പനിയും ചിട്ടി ഇതുപോലെ സമ്പൂർണ്ണമായി ഡിജിറ്റലൈസ് ചെയ്തിട്ടില്ല. സോഫ്ട് വെയർ പൂർണ്ണമായും പുതുതായി തയ്യാറാക്കേണ്ടിയിരുന്നു. മുഖ്യമായും എൻഐസിയെ ആശ്രയിച്ചാണ് ഇത് ചെയ്തത്. തിരുവനന്തപുരത്തെ ചില സ്റ്റാർട്ടപ്പുകളും കിഫ്ബിയിലെയും കെഎസ്എഫ്ഇയിലെ ചില വിദഗ്ദരും ഡോ. കെ എം എബ്രഹാംമിന്റെ നേതൃത്വത്തിൽ നടത്തിയ ഭഗീരഥ പ്രയത്നമായിരുന്നു വിജയം കണ്ടത്. എന്നാൽ സ്വാഭാവികമായി ഉണ്ടാകാവുന്ന ഒട്ടേറെ ചില്ലറ പ്രശ്നങ്ങൾ സോഫ്ട് വെയറിൽ ഉയർന്നുവന്നു. അവയൊക്കെ പൂർണ്ണമായി പരിഹരിച്ചശേഷം സമ്പൂർണ്ണ സെക്യൂരിറ്റി ഓഡിറ്റും പൂർത്തിയാക്കുന്നതുവരെ ചിട്ടിയുടെ വ്യാപനം യുഎഇയിലായി പരിമിതപ്പെടുത്താനും മാർക്കറ്റിംഗ് മന്ദീഭവിപ്പിക്കാനും ബോധപൂർവ്വം തീരുമാനിക്കുകയാണ് ഉണ്ടായത്. അതുകൊണ്ടാണ് പ്രവാസി ചിട്ടിയുടെ ആദ്യവർഷം ടേൺ ഓവർ പതുക്കെമാത്രം ഉയർന്നത്.

ഇതുവരെ പ്രവാസി ചിട്ടിയിൽ 6084 ആളുകൾ പണമടച്ച് സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്. മൊത്തം 320 കോടി രൂപയുടെ വരവ് ഉറപ്പാക്കുന്ന ചിട്ടികളാണ് പ്രവർത്തനത്തിലായത്. ഇതിൽ നിന്ന് 28 കോടി രൂപ കെഎസ്എഫ്ഇയ്ക്ക് ലഭിച്ചു കഴിഞ്ഞു. ഇത് കിഫ്ബി ബോണ്ടുകളിൽ നിക്ഷേപിക്കുന്നു. ലേലം പിടിച്ചവർക്കു പണം നൽകേണ്ടപ്പോൾ ഒരു ദിവസത്തെ മുന്നറിയിപ്പു നൽകി കെഎസ്എഫ്ഇക്ക് ബോണ്ടുകൾ കാശാക്കാം. അങ്ങനെ ഓരോ ദിവസവും കെഎസ്എഫ്ഇ ഈ ബോണ്ടുകളിൽ പണം നിക്ഷേപിക്കുകയും പണം പിൻവലിക്കുകയും ചെയ്തുകൊണ്ടിരിക്കും. ഇത് ഓട്ടോമാറ്റിക്കായി ബോണ്ട് കൺവേർട്ടർ എന്ന സോഫ്ട് വെയർ ഉപയോഗിച്ചാണ് ചെയ്യുക.

അങ്ങനെ ഫലത്തിൽ മൂന്നുതരം ഫണ്ടുകളാണ് കിഫ്ബി ബോണ്ടുകളിൽ അസ്സലായി ഉണ്ടാകുക. മൂന്നുതരം ചിട്ടി പണമാണ് ബോണ്ടുകളിൽ നിക്ഷേപിക്കപ്പെടുന്നത്. ഒന്ന്, ഒരു മാസത്തെ ഗ്യാരണ്ടി തുക ട്രഷറിയിലോ ബാങ്കുകളിലോ സൂക്ഷിക്കണമെന്നാണ് നിയമം. ഈ തുക ഇപ്പോൾ നിയമാനുസൃതം കിഫ്ബി ബോണ്ടുകളിലാണ് നിക്ഷേപിക്കുന്നത്. രണ്ട്, ചിട്ടി പ്രൈസ് മണി പലരും കെഎസ്എഫ്ഇയിൽ നിക്ഷേപിക്കുക പതിവാണ്. ഇതും കിഫ്ബി ബോണ്ടുകളിലാണ് നിക്ഷേപിക്കുക. മൂന്ന്, ലേലത്തുക 15 ദിവസത്തിനകം നൽകിയാൽ മതി. അത്രയും കാലം ഇതും കിഫ്ബി ഇ-ബോണ്ടുകളിൽ ഉണ്ടാകും. അങ്ങനെ ഇപ്പോൾ ബോണ്ടുകളിൽ അസ്സലായി എട്ട് കോടി രൂപ നിക്ഷേപമായി ബാക്കിയുണ്ട്.

ഇതിൽ നിന്ന് കെഎസ്എഫ്ഇക്ക് കിട്ടുന്ന നേട്ടം ആദ്യത്തെ രണ്ടിനും നിക്ഷേപത്തുകകൾക്കും ട്രഷറിയിലെ പലിശനിരക്കിൽ പ്രതിഫലം കിട്ടും. മൂന്നാമത്തേതിന് ബാങ്കുകളില്‍ സേവിംഗ്സ് റേറ്റിലേ പ്രതിഫലം കിട്ടൂ. അതേസമയം സോഫ്ട് വെയർ ഉണ്ടാക്കുന്നതിനും മാർക്കറ്റിംഗിനും വേണ്ടിയുള്ള ചെലവ് കഴിഞ്ഞാൽ പിന്നെ വളരെ ചെറിയ അധിക എസ്റ്റാബ്ലിഷ്മെന്റ് ചാർജ്ജേ ചിട്ടി നടത്തുന്നതിനുവേണ്ടിവരൂ. എന്നുവച്ചാൽ ആഭ്യന്തര ചിട്ടിയേക്കാൾ ദീർഘനാളിൽ ലാഭകരമായിരിക്കും പ്രവാസിചിട്ടി. കിഫ്ബിയെ സംബന്ധിച്ചിടത്തോളമാണെങ്കിൽ 6-7.5 ശതമാനം പലിശക്ക് നിക്ഷേപവും ലഭ്യമാകുന്നു. പ്രവാസി ചിട്ടിയുടെ ടേൺ ഓവർ ഗണ്യമായി ഉയരുമ്പോൾ കെഎസ്എഫ്ഇയുടെ ലാഭം വർദ്ധിപ്പിച്ചുകൊണ്ടുതന്നെ പലിശ നിരക്ക് ഇനിയും താഴ്ത്താനാവൂ.

അന്തർദേശീയ ഫിനാൻസ് മാർക്കറ്റിൽ ആദ്യമായിട്ടാണ് ചിട്ടി എന്ന സമ്പാദ്യരീതി ആധുനിക ബോണ്ട് മാർക്കറ്റുമായി ബന്ധപ്പെടുത്തി രംഗപ്രവേശനം ചെയ്യുന്നത്. നമുക്ക് സുപരിചിതമല്ലെങ്കിലും പുറത്ത് ചിട്ടിയെക്കുറിച്ച് അധികമാർക്കും അറിയില്ല. അതുകൊണ്ട് ലണ്ടൻ സ്റ്റോക്ക് എക്സ്ചെയ്ഞ്ച് ചടങ്ങിൽപ്പോലും പലർക്കും ചിട്ടിയെക്കുറിച്ച് വിവരങ്ങൾ ആകാംക്ഷാപൂർവ്വം ചോദിക്കുന്നുണ്ടായിരുന്നു.

ഉദ്ഘാടന ചടങ്ങിൽ കെഎസ്എഫ്ഇ ചെയർമാർ ഫീലിപ്പോസ് തോമസും എംഡി എ പുരുഷോത്തമനും ചിട്ടിയുടെ ചരിത്രവും പ്രവര്‍ത്തനവും വിശദീകരിച്ചു. ചിട്ടിയുടെ നിക്ഷേപകനു ലഭിക്കുന്ന നേട്ടം ബാങ്കിൽ ഡെപ്പോസിറ്റു ചെയ്താൽ കിട്ടുന്നതിനേക്കാൾ ചെറുതായെങ്കിലും ഉയർന്നതാണ്. ഇതിനുമേൽ ബാങ്ക് പലിശക്ക് നൽകേണ്ടി വരുന്നതുപോലെ ആദായ നികുതി നൽകേണ്ടതില്ല. പ്രവാസി ചിട്ടിയാവട്ടെ ഏറ്റവും സുരക്ഷിതവും സുതാര്യവുമാണ്. അങ്ങനെ ഒരു ത്യാഗവും സഹിക്കാതെ നമ്മുടെ സുപരിചിതമായ ഒരു സമ്പാദ്യപദ്ധതിയിൽ നിക്ഷേപിക്കുന്നതുവഴി നാടിന്റെ വികസനത്തിൽ പ്രവാസികൾക്കു പങ്കാളികളാകാൻ കഴിയുന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top