19 January Tuesday

കെഎസ്എഫ്ഇ സുതാര്യം ; ഒരു ബ്രാഞ്ചിലും അഴിമതി നടന്നിട്ടില്ല: ചെയർമാൻ

വെബ് ഡെസ്‌ക്‌Updated: Sunday Nov 29, 2020


കെഎസ്എഫ്ഇയുടെ ഒരു ബ്രാഞ്ചിലും അഴിമതി നടന്നിട്ടില്ലെന്നും എല്ലാം ഓഡിറ്റിന്‌ വിധേയമാണെന്നും  ചെയർമാൻ അഡ്വ. പീലിപ്പോസ് തോമസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു. ഓഡിറ്റ് റിപ്പോർട്ടുകൾ കൃത്യമായി നിയമസഭയ്‌ക്ക്‌ നൽകുന്നുണ്ട്‌. ധനവകുപ്പിലെ ഇൻസ്പെക്ഷൻ വിങ്ങ്‌ പരിശോധന നടത്താറുണ്ട്. ചൂണ്ടിക്കാണിക്കുന്ന പോരായ്‌മകൾ പരിഹരിക്കാനാണ് എന്നും ശ്രമിച്ചത്.

സെക്യൂരിറ്റി തുക ട്രഷറിയിൽ നിക്ഷേപിക്കാതെ ചിട്ടി തുടങ്ങിയെന്നാണ് ചാനൽ വാർത്ത. അതൊരിക്കലും സാധ്യമല്ല. 2012ലെ നിയമപ്രകാരം ചിട്ടി ആരംഭിക്കണമെങ്കിൽ സലയ്ക്കു തുല്യമായ സംഖ്യ ബാങ്കിലോ ട്രഷറിയിലോ രജിസ്ട്രാറുടെ പേരിൽ നിക്ഷേപിക്കണം. ചിട്ടി രജിസ്ട്രാറുടെ അനുമതിപത്രത്തിൽ തന്നെ നിക്ഷേപ വിവരങ്ങൾ ചേർക്കണം. ചിട്ടി രജിസ്റ്ററും കൊടുക്കണം. ചേരുന്നവരുടെ എല്ലാ വിവരങ്ങളും രജിസ്ട്രാർക്ക് നൽകും. രജിസ്ട്രാറുടെ അനുമതിയില്ലാതെയും വിവരങ്ങൾ ഹാജരാക്കാതെയും ചിട്ടി നടത്താനാവില്ല. ബിനാമി പേരുകളിൽ ചിട്ടിയിൽ ആളുകളെ ചേർക്കാനും കഴിയില്ല.

മാനദണ്ഡങ്ങൾ പാലിച്ച്‌ മാത്രമേ കെഎസ്എഫ്ഇയിൽ നിന്നും പണം കിട്ടൂ. എല്ലാ ദിവസത്തെയും പണം ട്രഷറിയിൽ നിക്ഷേപിക്കുന്നത് സാധ്യമല്ല. പല ബ്രാഞ്ചും ദൂരെയായതിനാൽ ബാങ്ക് അക്കൗണ്ട് വഴിയാണ് കാര്യങ്ങൾ നടത്തുന്നത്. ബാക്കി പണമെല്ലാം നിക്ഷേപിക്കുന്നത്‌ ട്രഷറിയിലാണ്. 50 കൊല്ലമായി ലാഭത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് കെഎസ്എഫ്ഇ. ആ വിശ്വാസ്യത കാത്തുസൂക്ഷിക്കും. 14,620 കോടി രൂപ നിക്ഷേപമുണ്ട്. കോവിഡ് കാലത്ത് 2000 കോടിയുടെ വർധനയുണ്ടായി. കഴിഞ്ഞ സാമ്പത്തിക വർഷം മാർച്ച് 31ന് മുമ്പ് 328 കോടി രൂപ ലാഭമുണ്ടായി. 1500 കോടി രൂപയാണ് പിരിച്ചെടുത്തത്‌.
ഏതെങ്കിലും ബ്രാഞ്ചിൽ മാനേജർമാർ പൊള്ള ചിട്ടി നടത്തുന്നതായി കണ്ടുപിടിച്ചാൽ അവർക്കെതിരെ കർശന നടപടി എടുക്കുമെന്നും പീലിപ്പോസ് തോമസ് പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top