04 August Tuesday

ദുരന്തബാധിത മേഖലകളിൽ അതിവേഗം വൈദ്യുതി പുനഃസ്ഥാപിച്ച്‌ കെഎസ്‌ഇബി

സ്വന്തം ലേഖകൻUpdated: Monday Aug 19, 2019

തിരുവനന്തപുരം > ദുരിതംപെയ്‌ത ദിവസങ്ങളിൽ ഇരുട്ടിലായ ഓരോ പ്രദേശങ്ങളിലും കൈമെയ്‌ മറന്നുപ്രവർത്തിച്ച്‌ വെളിച്ചം എത്തിച്ച  കെഎസ്‌ഇബി ജീവനക്കാരുടെയും നാടാണ്‌ കേരളം. വൈദ്യുതി അപകടം ഒഴിവാക്കാനും വിച്ഛേദിക്കപ്പെട്ടവ പുനഃസ്ഥാപിക്കാനും ഓടിനടക്കുകയാണ്‌ അവർ.  പുത്തുമല ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ മൂന്നുദിവസത്തിനുള്ളിൽ വെളിച്ചം തിരികെ എത്തിക്കാനായി. ഉരുൾപൊട്ടലിൽ വൻ നാശനഷ്ടമുണ്ടായ പുത്തുമല മേഖലയിലെ മുണ്ടക്കൈ, അപ്പമല, ചൂരൽമല, ഏലവയൽ തുടങ്ങിയ ട്രാൻസ്ഫോർമറുകളിൽ വൈദ്യുതി പുനഃസ്ഥാപിച്ചു. പുത്തുമലയിൽ ആറ്‌ കിലോമീറ്ററോളമുള്ള 11 കെവി ലൈൻ മൂന്നുദിവസത്തിനുള്ളിലാണ്‌ പുതുക്കിപ്പണിതത്‌. ഒരു കിലോമീറ്ററിൽ പുതിയ ലൈനും പൂർത്തീകരിച്ചു. കവളപ്പാറയിലും മിന്നൽവേഗത്തിലാണ്‌ വൈദ്യുതി എത്തിച്ചത്‌. ശനിയാഴ്‌ചയോടെ മുഴുവൻ പ്രവൃത്തികളും പൂർത്തിയായി. 

പ്രളയക്കെടുതിയിൽ 40.40 ലക്ഷം ഉപയോക്താക്കൾക്കാണ്‌ വൈദ്യുതി തടസ്സം നേരിട്ടത്‌. 320 വിതരണ ട്രാൻസ്‌ഫോർമർ, 2625 എച്ച്‌ടി, 14,509 എൽടി പോളുകൾക്ക്‌ കേടുപാടുണ്ടായി. 2295 സ്ഥലത്ത്‌ എച്ച്‌ടി ലൈനും 57,798 എൽടി ലൈനും പൊട്ടിവീണു. വിതരണശൃംഖല മേഖലയിൽ 154.12 കോടി രൂപയാണ്‌ നഷ്ടം. ഉൽപ്പാദന, പ്രസരണമേഖലകളുടെ നഷ്ടത്തിന്റെ കണക്കെടുപ്പ്‌ പുരോഗമിക്കുന്നു. വൈദ്യുതി വിതരണം പൂർവസ്ഥിതിയിലാക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ ജീവനക്കാർ രംഗത്തിറങ്ങി. വലിയ വെല്ലുവിളികളെ അതിജീവിച്ചായിരുന്നു ഓരോ ചുവടും. ജീവനക്കാരും  കരാർ തൊഴിലാളികളും അടങ്ങുന്ന സംഘം ഓരോ പ്രദേശത്തും ക്യാമ്പ്‌ ചെയ്‌തു. നാട്ടുകാരും സഹായവുമായി രംഗത്തെത്തി. പൂർണമായും വെള്ളം കയറിയ വീടുകളിൽ സുരക്ഷ ഉറപ്പാക്കാൻ വയറിങ്‌ പരിശോധിച്ചശേഷമാണ്‌ വൈദ്യുതി പുനഃസ്ഥാപിച്ചത്‌. ക്യാമ്പുകളിൽ തടസ്സമില്ലാതെ വൈദ്യുതി നൽകാൻ നോഡൽ ഓഫീസർമാരെ നിയോഗിച്ചു. ഇവരുടെ നേതൃത്വത്തിൽ ക്യാമ്പിലുള്ളവർക്ക് വീടുകളിലേക്ക് തിരിച്ചുപോകുമ്പോൾ സ്വീകരിക്കേണ്ട സുരക്ഷാ മുന്നൊരുക്കങ്ങളെക്കുറിച്ച് ബോധവൽക്കരണ ക്ലാസും നൽകി.

വെള്ളക്കെട്ടിനെത്തുടർന്ന്‌ ഭീഷണിയുള്ള ഏതാനും വീടുകളിലും കെട്ടിടങ്ങളിലുമാണ്‌ ഇനി വൈദ്യുതി പുനഃസ്ഥാപിക്കാനുള്ളത്‌. സുരക്ഷ ഉറപ്പാക്കി ഇവിടങ്ങളിൽ ഉടൻ കണക്‌ഷൻ നൽകും. മുഖ്യമന്ത്രി പിണറായി വിജയന്റെയും വൈദ്യുതി മന്ത്രി എം എം മണിയുടെയും നേതൃത്വത്തിൽ ഓരോ ഘട്ടത്തിലും പുരോഗതി വിലയിരുത്തുന്നുണ്ട്‌.

വിതരണമേഖലയിൽ മാത്രം 154.13 കോടി നഷ്‌ടം

പ്രളയക്കെടുതിയിൽ വിതരണമേഖലയിൽ മാത്രം കെഎസ്‌ഇബിക്ക്‌ 154.13 കോടിയുടെ നഷ്ടം. തിരുവനന്തപുരം, കാട്ടാക്കട, കൊല്ലം, കൊട്ടാരക്കര, പത്തനംതിട്ട, കോട്ടയം, പാല സർക്കിൾ ഉൾപ്പെടുന്ന തെക്കൻ മേഖലയിൽ 23.84 കോടിയാണ്‌ നഷ്ടം. ആലപ്പുഴ, ഹരിപ്പാട്‌, എറണാകുളം, പെരുമ്പാവൂർ, തൊടുപുഴ, തൃശൂർ, ഇരിങ്ങാലക്കുട ഉൾക്കൊള്ളുന്ന മധ്യമേഖലയിൽ 33.24 കോടി, പാലക്കാട്‌, ഷൊർണൂർ, തിരൂർ, മഞ്ചേരി, നിലമ്പൂർ, കോഴിക്കോട്‌, വടകര സർക്കിളുകൾ ഉൾപ്പെടുന്ന വടക്കൻ മേഖലയിൽ -57 കോടി, കൽപ്പറ്റ, കണ്ണൂർ, ശ്രീകണ്‌ഠാപുരം, കാസർകോട്‌ വടക്കേ മലബാർ മേഖലയിൽ 40.05 കോടിയുമാണ്‌ നഷ്ടം.ജോലിക്കിടയിൽ വിയ്യൂരിലെ അസി. എൻജിനിയർ കെ എ ബൈജു മരിച്ചതും തീരാനഷ്ടമായി. പുന്നയൂർക്കുളം ചമ്മണ്ണൂർ ചുള്ളിക്കാരൻകുന്ന് ഭാഗത്ത് 11 കെവി ലൈൻ ടവർ പുനഃസ്ഥാപിക്കാൻ പോകുമ്പോഴാണ്‌ തോണി മറിഞ്ഞ്‌ ബൈജു മരിച്ചത്‌.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top