Deshabhimani

കാണുന്നില്ലേ അവരുടെ തിളക്കം ; 34 വിദൂര ആദിവാസി ഉന്നതികളിൽ വെെദ്യുതിയെത്തിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 05, 2024, 01:42 AM | 0 min read


തിരുവനന്തപുരം
ഒരിക്കലും സാധ്യമാകില്ലെന്ന്‌ കരുതിയിരുന്ന വിദൂരമേഖലയിലെ 34 ആദിവാസി ഉന്നതികളിൽകൂടി വെള്ളിവെളിച്ചമെത്തിച്ച്‌ കെഎസ്‌ഇബി. ബോർഡിന്റെ തനത്‌ ഫണ്ടിൽനിന്ന്‌ 22 കോടി രൂപ ചെലവഴിച്ചാണ്‌ 610 വീടുകളിൽ വൈദ്യുതിയെത്തിച്ചത്‌. പാലക്കാട്‌ (13), വയനാട്‌ (രണ്ട്‌), മലപ്പുറം (നാല്‌), ഇടുക്കി (10), തൃശൂർ (ഒന്ന്‌), പത്തനംതിട്ട (ഒന്ന്‌), എറണാകുളം (രണ്ട്‌) എന്നിവിടങ്ങളിൽ ഗ്രിഡ്‌ വൈദ്യുതിയും കണ്ണൂരിലെ ഒരു ഉന്നതിയിൽ സോളാർ വൈദ്യുതിയുമാണ്‌ എത്തിച്ചത്‌. ഇടുക്കിയിൽ ശേഷിക്കുന്ന എട്ടു ഉന്നതിയിലാണ്‌ വൈദ്യുതീകരണം ബാക്കിയുള്ളത്‌. ഇവിടെ റോഡ് സൗകര്യം, പൊതുമരാമത്ത്‌ വകുപ്പിൽനിന്നുള്ള അനുമതി, അനുകൂല കാലാവസ്ഥ എന്നിവ ലഭ്യമാകുന്ന മുറയ്‌ക്ക്‌ രണ്ടുമാസത്തിനുള്ളിൽ വൈദ്യുതിയെത്തും.

ഗ്രിഡ് വൈദ്യുതീകരണം സാധ്യമാകുന്ന 43 ഉന്നതികളിലെ മൂന്നിടങ്ങളിൽ 250 മീറ്ററിൽ താഴെയേ ദൂരമുള്ളു എന്നതിനാൽ കെഎസ്ഇബിയുടെ ബിപിഎൽ ഫണ്ടാണ്‌ ഉപയോഗിച്ചത്‌. 15 ഉന്നതിയിലേക്ക്‌ പട്ടികവർഗ വികസനവകുപ്പ്‌ ഫണ്ട്‌ നൽകിയിരുന്നു. ഇതിൽ 12 ഉന്നതികളിൽ പ്രവൃത്തി പൂർത്തിയായി. ഫണ്ട് ലഭ്യമായ ബാക്കി മൂന്നിടങ്ങളിലേക്ക്‌ ഗതാഗത സൗകര്യമില്ല. റോഡ് നിർമിച്ച്‌ മൂന്നാഴ്‌ചയ്‌ക്കകം വൈദ്യുതീകരണം പൂർത്തിയാക്കും.കേന്ദ്രാവിഷ് പദ്ധതിയായ ആർഡിഎസ്‌എസിൽ 25 ഉന്നതികളുടെ വൈദ്യുതീകരണം തീരുമാനിച്ചിരുന്നെങ്കിലും ഫണ്ട് ലഭിക്കുന്നതിൽ ബുദ്ധിമുട്ടുള്ളതിനാൽ ആവശ്യമായ തുകയുടെ 20 ശതമാനം പട്ടികവർഗ വികസനവകുപ്പും 80 ശതമാനം കെഎസ്‌ഇബിയും വഹിച്ച്‌ പ്രവൃത്തി തുടങ്ങി.

ഇടുക്കിയിലെ എട്ട്‌ ഉന്നതികളിൽകൂടി പ്രവൃത്തി ആരംഭിച്ചു. തായണ്ണൻകുടി, ആലംപെട്ടിക്കുടി, ചമ്പക്കാട്ടുകുടി എന്നീ ഉന്നതികളുടെ വൈദ്യുതീകരണത്തിനു സംസ്ഥാന ഹൈവേ നമ്പർ 17- മൂന്നാർ ഉദുമൽപേട്ട് റോഡിന്റെ കരിമുട്ടി മുതൽ ചിന്നാർ വൈൽഡ് ലൈഫ് വരെയുള്ള ഭാഗത്ത്‌ ഭൂഗർഭ കേബിളുകൾ ഇടാൻ റോഡ് കുഴിക്കാൻ അനുമതിക്ക്‌ 90,40,013 രൂപ അടയ്‌ക്കണമെന്ന്‌ കെഎസ്‌ഇബിയോട്‌ പിഡബ്ല്യുഡി ആവശ്യപ്പെട്ടിരുന്നു. പ്രത്യേക പദ്ധതിയായി പരിഗണിച്ച് ഇതൊഴിവാക്കാൻ കെഎസ്‌ഇബി അപേക്ഷ നൽകിയിട്ടുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Home