25 August Sunday

യുഡിഎഫ‌് കാലത്ത‌് നിരക്ക‌് കൂട്ടിയത‌് 40% ; ഈ സർക്കാർ ഏറ്റെടുത്തത‌് 5 വൻകിട പദ്ധതികൾ

പ്രത്യേക ലേഖകൻUpdated: Wednesday Jul 10, 2019


യുഡിഎഫ‌് ഭരണകാലത്ത‌് മൂന്ന‌് തവണയായി വൈദ്യുതി നിരക്ക‌ിൽ വരുത്തിയത‌് 40 ശതമാനം വർധന. വൈദ്യുതി ബോർഡിന്റെ കടബാധ്യത അഞ്ചുവർഷംകൊണ്ട‌് 1200 കോടി രൂപയിൽനിന്ന‌് 7034 കോടിയാക്കുകയും ചെയ‌്തു. പ്രസരണ വിതരണ നഷ്ടം കുറയ‌്ക്കുന്നതടക്കം മൂലധനച്ചെലവിൽ വർധന വരുത്താതെയാണ‌് വൈദ്യുതിനിരക്ക‌് അന്ന‌് കുത്തനെ കൂട്ടിയത‌്.

ഉമ്മൻചാണ്ടി സർക്കാർ അധികാരത്തിൽവന്ന‌് ആദ്യവർഷം വൈദ്യുതിനിരക്ക‌് 24 ശതമാനം കൂട്ടി. പിന്നീട‌് രണ്ട‌് വർഷങ്ങളിലും നിരക്ക‌് വർധിപ്പിച്ചു. 2013ൽ 9.1 ശതമാനവും 2014ൽ 6.77 ശതമാനവുമായിരുന്നു വർധന. എന്നാൽ, എൽഡിഎഫ‌് സർക്കാർ ഇപ്പോഴത്തേതടക്കം 11 ശതമാനം വർധനമാത്രമാണ‌് നടപ്പാക്കിയത‌്. മാസം 40 യൂണിറ്റ‌് വരെ ഉപയോഗിക്കുന്ന ദാരിദ്ര്യരേഖയ‌്ക്ക‌് താഴെയുള്ളവർ, എൻഡോസൾഫാൻ ദുരിതബാധിതർ എന്നിവരെ നിരക്ക‌് വർധനയിൽനിന്ന‌് ഒഴിവാക്കി. ദാരിദ്ര്യരേഖയ‌്ക്ക‌് താഴെയുള്ള കുടുംബങ്ങളിൽ അർബുദ രോഗികളോ സ്ഥിരമായി അംഗവൈകല്യം ബാധിച്ചവരോ ഉണ്ടെങ്കിൽ മാസം 100 യൂണിറ്റ‌് വരെ ഉപയോഗത്തിന‌് യൂണിറ്റിന‌് ഒന്നര രൂപ നിരക്കിൽ നൽകിയാൽ മതി.

2017ൽ 4.77 ശതമാനവും കഴിഞ്ഞ ദിവസം 6.5 ശതമാനവുമാണ‌് നിരക്ക‌് കൂട്ടിയത‌്. 2017ലെ നിരക്ക‌് പരിഷ‌്കരണത്തിന്റെ കാലാവധി 2018 മാർച്ച‌് 31ന‌് അവസാനിച്ചിരുന്നു. ഇതിനകം പലതവണ നിരക്ക‌് വർധന വേണമെന്ന‌് ബോർഡ‌് ആവശ്യപ്പെട്ടെങ്കിലും കാലാവധി നീട്ടിക്കൊണ്ടുപോകുകയായിരുന്നു. 2011ൽ യുഡിഎഫ‌് അധികാരത്തിൽ വന്ന സമയത്ത‌് വൈദ്യുതി ബോർഡിന്റെ കടബാധ്യത 1286 കോടി രൂപയായിരുന്നു. അധികാരം ഒഴിഞ്ഞപ്പോൾ അത‌് 7034 കോടിയായി. 1286 കോടിയുടെ കടബാധ്യത തീർക്കാനെന്നപേരിലാണ‌് 2012ൽ 24 ശതമാനം നിരക്ക‌് വർധിപ്പിച്ചത‌്. എന്നാൽ, ബോർഡിന്റെ അധികചെലവ‌‌ും കടബാധ്യതയും ഉയർന്നത‌്‌ മിച്ചം.

കേന്ദ്രസർക്കാർ പ്രാബല്യത്തിൽ വരുത്തിയ ദേശീയ വൈദ്യുതിനയം അനുസരിച്ച‌് വൈദ്യുതി ബോർഡിന്റെ കമ്മി ഏഴുവർഷത്തിനകം നികത്തണമെന്നാണ‌് വ്യവസ്ഥ. വൈദ്യുതി റഗുലേറ്ററി കമീഷൻ നിലവിൽ വന്നശേഷം 2012ലാണ‌് ആദ്യമായി നിരക്ക‌് പരിഷ‌്കരിച്ചത‌്. പ്രസരണ വിതരണനഷ്ടം കുറയ‌്ക്കുന്നതടക്കമുള്ള മൂലധന നിക്ഷേപത്തിന‌് ഒരു മുൻഗണനയും നൽകിയില്ല. എൽഡിഎഫ‌് അധികാരത്തിൽവന്നപ്പോൾ കടബാധ്യത ഏഴായിരം കോടിയിലേറെയുണ്ടായിരുന്നെങ്കിലും നിരക്ക‌് വർധിപ്പിച്ചില്ല. മൂന്ന‌് വർഷത്തിനിടെ രണ്ട‌് തവണയായി 11 ശതമാനം വർധനയേ വരുത്തിയുള്ളൂ. അതും കേന്ദ്ര വൈദ്യുതിനയം അനുസരിക്കാൻ ബാധ്യസ്ഥമായതു കൊണ്ടുമാത്രം. നിരക്ക‌് കുത്തനെ വർധിപ്പിക്കാതെതന്നെ 10000 കോടി രൂപയുടെ മൂലധന നിക്ഷേപം നടത്താനും സർക്കാർ തയ്യാറായി.

ഈ സർക്കാർ ഏറ്റെടുത്തത‌് 5 വൻകിട പദ്ധതികൾ
കേരളത്തിലെ വൈദ്യുതിമേഖലയിൽ വലിയതോതിലുള്ള നിക്ഷേപം വേണ്ടിവരുന്ന അഞ്ച‌് പദ്ധതിയാണ‌് ബോർഡ‌് ഏറ്റെടുത്തിരിക്കുന്നത‌്. പ്രസരണനഷ്ടം കുറയ‌്ക്കാനുള്ള ട്രാൻസ‌്ഗ്രിഡ‌് ആണ‌് ഇതിൽ മുഖ്യം. തടസ്സം കൂടാതെ വൈദ്യുതി ലഭ്യമാക്കുന്നതിനുള്ള ദ്യുതി, ഫിലമെന്റ‌് രഹിത കേരളം, സൗരോർജ ഉൽപ്പാദനം വർധിപ്പിക്കുന്നതിനുള്ള സൗര, ഇ–-സേഫ‌്  എന്നിവയാണ‌് മറ്റ‌് പദ്ധതികൾ.
 


പ്രധാന വാർത്തകൾ
 Top