Deshabhimani

വൈദ്യുതി നിരക്ക്‌ പരിഷ്‌കരണം ; ജനങ്ങൾക്ക്‌ അധികഭാരമാകില്ല

വെബ് ഡെസ്ക്

Published on Dec 05, 2024, 01:46 AM | 0 min read


തിരുവനന്തപുരം
കേന്ദ്ര സർക്കാർ നയത്തിന്റെ ഭാഗമായി  വാങ്ങുന്ന വൈദ്യുതിയുടെ വില കുത്തനെ ഉയർന്നിട്ടും  ഉപഭോക്താക്കളിൽ അമിതഭാരം ഏൽപ്പിക്കാതെ   പ്രതിസന്ധി മറികടക്കാൻ കെഎസ്‌ഇബി. ആഭ്യന്തര ഉൽപാദനം കുറഞ്ഞ സംസ്ഥാനമായതിനാൽ പുറത്തുനിന്ന്‌ വൈദ്യുതി വാങ്ങാതെ മുന്നോട്ടുപോകാൻ കേരളത്തിനാവില്ല.
ഗാർഹിക– വ്യാവസായിക ഉപഭോക്താക്കൾക്ക്‌ ഭാരമാകാതെയും വികസന പ്രവർത്തനങ്ങൾക്ക്‌ കോട്ടംതട്ടാതെയുമുള്ള നിർദേശങ്ങളാണ്‌ ബോർഡിനുള്ളത്‌. നിരക്ക്‌ വർധന ജനങ്ങളെ കാര്യമായി ബാധിക്കാതിരിക്കാൻ സബ്സിഡിയും സൗജന്യ വൈദ്യുതിയും തുടരും. 72 ലക്ഷത്തോളം പേർക്ക്‌ സബ്‌സിഡി ആനുകൂല്യം ലഭിക്കുന്നുണ്ട്‌. 26 ലക്ഷം ഉപഭോക്താക്കളും 50 യൂണിറ്റുവരെ ഉപഭോഗ സ്ലാബിലാണ്‌. ഇവർക്ക്‌ നാമമാത്ര നിരക്കുവർധനയ്‌ക്കാണ്‌ സാധ്യത. 95 ശതമാനം ഗാർഹിക ഉപഭോക്താക്കളുടെ (ഏകദേശം 102 ലക്ഷം) യും പ്രതിമാസ ഉപഭോഗം 250 യൂണിറ്റിൽ താഴെയാണ്. ഇവർക്കും വലിയ ബാധ്യത വരുത്തുന്ന നിർദേശമല്ല ബോർഡ്‌ സമർപ്പിച്ചത്‌.

യുഡിഎഫ്‌ കാലത്ത്‌ കടുത്ത ഷോക്ക്‌
റെഗുലേറ്ററി കമീഷൻ വന്നശേഷം വൈദ്യുതി താരിഫ് പരിഷ്‌കരിച്ചത്‌ 2002-ലാണ്. യുഡിഎഫായിരുന്നു അന്ന്‌ അധികാരത്തിൽ. പത്തുവർഷം കഴിഞ്ഞായിരുന്നു അടുത്ത പരിഷ്‌കരണം വരുത്തിയപ്പോഴും യുഡിഎഫ്‌ തന്നെ വർധിപ്പിച്ചു. യൂണിറ്റിന്‌ 24 ശതമാനമായിരുന്നു വർധന. 2013- ൽ 9.1 ശതമാനവും 2014-ൽ 6.7 ശതമാനവും വർധിപ്പിച്ചതും യുഡിഎഫ്‌ കാലത്തുതന്നെ. 2017-ൽ 4.77, 2019-ൽ 7.32, 2022-ൽ 7.32, 2023-ൽ 3.20 ശതമാനം എന്നിങ്ങനെയായിരുന്നു വർധനവ്. 2024–-25 വർഷത്തേക്ക്‌ 4.45 ശതമാനം വർധനയാണ്‌ നിർദേശിച്ചിട്ടുള്ളത്‌.2024-–- 25ൽ കെഎസ്‌ഇബിയുടെ റവന്യൂ കമ്മി 1370.09 കോടിയാണ്. ഇത് നികത്തണമെങ്കിൽ യൂണിറ്റിന്‌ 51 പൈസ അധികമായി നൽകേണ്ടിവരും. എന്നാൽ ഇതിന്റെ അധികഭാരം ഉപഭോക്താക്കളിൽ അടിച്ചേൽപിക്കാതിരിക്കാനുള്ള ശുപാർശയാണ്‌ റഗുലേറ്ററി കമീഷന്‌ കെഎസ്‌ഇബി നൽകിയിട്ടുള്ളത്‌.



deshabhimani section

Related News

0 comments
Sort by

Home